
മുംബൈ: മൊത്തത്തില്‍ ക്ഷീണം നേരിടുന്ന ബോളിവുഡ് ബോക്സോഫീസില്‍ മികച്ച നേട്ടത്തിലേക്ക് എത്തുകയാണ് 'റെയ്ഡ് 2'. അജയ് ദേവഗണ്‍ നായകനായി എത്തിയ 'റെയ്ഡ് 2' വ്യക്തമായ വിജയമായി മാറി കഴിഞ്ഞു. രണ്ടാം വെള്ളിയാഴ്ച ചിത്രം 100 കോടി രൂപ എന്ന നാഴിക കല്ല് പിന്നിട്ടു കഴിഞ്ഞു. ഒമ്പത് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മൊത്തം 100.75 കോടി രൂപ നേടിയിട്ടുണ്ട് ചിത്രം.
അജയ് ദേവ്ഗണിന്റെ 15-ാമത്തെ നൂറുകോടി ചിത്രമാണ് റെയ്ഡ് 2. ഈ വർഷം ബോളിവുഡില്‍ നിന്നും 100 കോടി നേട്ടം മറികടക്കുന്ന നാലാമത്തെ ചിത്രമാണ് റെയ്ഡ് 2. രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത ചിത്രം ടിക്കറ്റ് വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ പ്രതീക്ഷിച്ച കളക്ഷൻ കുറഞ്ഞെങ്കിലും രണ്ടാമത്തെ വെള്ളിയാഴ്ച ചിത്രം ഏകദേശം 5 കോടി രൂപ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടി.
മികച്ച അഭിപ്രായം നേടിയതിനാല്‍ ചിത്രം വരും ദിവസങ്ങളില്‍ പ്രത്യേകിച്ച് ശനി ഞായര്‍ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ നേടും എന്നാണ് വിലയിരുത്തല്‍.
ചിത്രത്തിന്‍റെ ഒന്‍പത് ദിവസത്തെ കളക്ഷന്‍ കണക്ക് ഇങ്ങനെയാണ്
റിലീസ് ദിവസം: 19.25 കോടി
ആദ്യ വെള്ളി: 12 കോടി
ശനിയാഴ്ച: 18 കോടി
ഞായര്‍: 22 കോടി
തിങ്കള്‍: 7.5 കോടി
ചൊവ്വ: 7 കോടി
ബുധന്‍: 4.75 കോടി
വ്യാഴം: 5.25 കോടി
രണ്ടാം വെള്ളി: 5 കോടി
ചിത്രം വളരെ വ്യക്തമായ മുന്‍തൂക്കത്തില്‍ മുന്നോട്ട് പോയെങ്കിലും ബുധനാഴ്ച ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുകയും പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തതോടെ ചിത്രത്തിന്‍റെ കളക്ഷനെ അത് ബാധിച്ചു. അതാണ് വെള്ളിയാഴ്ച അടക്കം കളക്ഷന്‍ കുറഞ്ഞത്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നേക്കും. അവസാന ചിത്രത്തില്‍ അടക്കം കാര്യമായ നേട്ടം ലഭിക്കാതിരുന്ന അജയ് ദേവഗണിന് റെയ്ഡ‍് 2 വന്‍ നേട്ടമാണ് എന്ന് തന്നെ പറയാം.