ഹിന്ദി സോണിൽ കത്തിക്കയറുന്ന രജനി സ്വാ​ഗ്; റോബോട്ടിന്റെ കളക്ഷനും മറികടന്ന് കൂലി

Published : Aug 23, 2025, 10:14 AM IST
Coolie

Synopsis

റോബോട്ടിന്റെ ഹിന്ദി പതിപ്പിനെ മറികടന്ന് രജനിയുടെ രണ്ടാമത്തെ വലിയ ഹിറ്റായി കൂലി മാറി.

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദക്ഷിണേന്ത്യയിൽ ഇതിനോടകം തന്നെ ചിത്രം മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു. ചിത്രം ആഭ്യന്തരമായി 235 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഇതിനോടകം തന്നെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വെറും എട്ട് ദിവസത്തിനുള്ളിൽ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷൻ നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത റോബോട്ട് (2010) എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ (23.84 കോടി) മറികടന്ന് രജനിയുടെ രണ്ടാമത്തെ വലിയ ഹിറ്റായി കൂലി മാറി. ഹിന്ദി മേഖലയിൽ രജനീകാന്തിന്റെ സ്വാധീനം എത്രത്തോളം ശക്തമായി മാറുന്നു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്സ് ഓഫീസിൽ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി രൂപയും നാലാം ദിവസം 4.75 രൂപയും നേടിയതോടെ വാരാന്ത്യത്തിൽ ഹിന്ദിയിൽ ചിത്രം 19 കോടിയിലധികം രൂപ നേടിയിരുന്നു. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം അഞ്ചാം ദിവസം 1.85 കോടി രൂപ, ആറാം ദിവസം 2 കോടി രൂപ,  ഏഴാം ദിവസം 1.3 കോടി രൂപ, എട്ടാം ദിവസം 1.12 രൂപ എന്നിങ്ങനെയായിരുന്നു കളക്ഷൻ കണക്കുകൾ.

2018ൽ പുറത്തിറങ്ങിയ 2.0 തന്നെയാണ് ഹിന്ദിയിൽ രജനികാന്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ്. മനോഹരമായ വിഎഫ്എക്സും വില്ലൻ വേഷത്തിലെ അക്ഷയ് കുമാറിന്റെ സാന്നിധ്യവും കാരണം ചിത്രം ഹിന്ദിയിൽ നിന്ന് 189 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. കൂലി ഇപ്പോഴും 2.0യുടെ കളക്ഷനേക്കാൾ ഏറെ പിന്നിലാണെങ്കിലും വെറും എട്ട് ദിവസം കൊണ്ട് റോബോട്ടിന്റെ ലൈഫ് ടൈം ഹിന്ദി കളക്ഷൻ മറികടക്കാൻ കഴിഞ്ഞത് ചിത്രത്തിന്റെയും ഒപ്പം രജനിയുടെയും ശക്തമായ സ്വീകാര്യതയുടെ വ്യക്തമായ സൂചനയാണ്. ഹൃതിക് റോഷൻ , ജൂനിയർ എൻ‌ടി‌ആർ, കിയാര അദ്വാനി എന്നിവർ ഒന്നിച്ച വാർ 2 എന്ന ചിത്രവുമായി കിടപിടിച്ചാണ് ഹിന്ദി മേഖലയിൽ കൂലി മികച്ച പ്രകടനം കാഴ്ച വെച്ചത് എന്നതും എടുത്തുപറയേണ്ടതാണ്. ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിൽ എത്തുന്നുണ്ട്. 

235 കോടി രൂപ കളക്ഷൻ നേടിയ കൂലി രജനീകാന്തിന്റെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ്. 2.0, ജെയ്‌ലർ എന്നീ ചിത്രങ്ങളാണ് കൂലിയ്ക്ക് മുന്നിലുള്ളത്. അടുത്ത ആഴ്ചയും ചിത്രം കളക്ഷൻ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും 275 കോടി രൂപ എന്ന നേട്ടത്തിലേയ്ക്ക് എത്താൻ സാധിച്ചേക്കാമെന്നുമാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. രജനീകാന്തിനെ സംബന്ധിച്ചിടത്തോളം കരിയറിലെ ഈ ഘട്ടത്തിലും അദ്ദേഹത്തിന്റെ സൂപ്പർസ്റ്റാർ പദവിയ്ക്ക് എന്തുകൊണ്ട് കോട്ടം തട്ടുന്നില്ല എന്ന് തെളിയിക്കുന്ന ചിത്രമാണ് കൂലി. പ്രായം 75ൽ എത്തിനിൽക്കുമ്പോഴും റെക്കോർഡുകൾ തകർക്കുകയും തന്റെ സ്വാ​ഗിന് സമാനതകളില്ലെന്ന് തെളിയിക്കുകയും ചെയ്യുകയാണ് തമിഴകത്തിന്റെ സ്വന്തം തലൈവർ.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി