ഓപണിംഗ് 65 ലക്ഷം മാത്രം; 'റോക്കട്രി' ഹിന്ദി പതിപ്പ് ഒരു മാസത്തില്‍ നേടിയത്

Published : Jul 31, 2022, 03:27 PM IST
ഓപണിംഗ് 65 ലക്ഷം മാത്രം; 'റോക്കട്രി' ഹിന്ദി പതിപ്പ് ഒരു മാസത്തില്‍ നേടിയത്

Synopsis

മാധവന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു ചിത്രം

കൊവിഡിനു മുന്‍പ് ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സിനിമകളില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ബോളിവുഡ് ആയിരുന്നു. എന്നാല്‍ കൊവിഡ് കാലം കടന്നുവന്നപ്പോഴേക്കും ബോളിവുഡിന്‍റെ പ്രതാപം നഷ്ടപ്പെട്ടു. ഒന്നാം നമ്പര്‍ താരം അക്ഷയ് കുമാറിനു പോലും തന്‍റെ മുന്‍ ഹിറ്റുകളുടെ തിളക്കം ബോക്സ് ഓഫീസില്‍ ആവര്‍ത്തിക്കാനാവുന്നില്ല. അതേസമയം പാന്‍ ഇന്ത്യന്‍ റിലീസുകളുമായി തെന്നിന്ത്യന്‍ സിനിമ കളം പിടിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് ആര്‍ മാധവന്‍ സംവിധാനം ചെയ്‍ത്, കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച റോക്കട്രി ദ് നമ്പി എഫക്റ്റ് (Rocketry).

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ജൂലൈ 1ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയ ഓപണിംഗ് കളക്ഷന്‍ വെറും 65 ലക്ഷം ആയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്പോള്‍ 23.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പിന്‍റെ ലൈഫ് ടൈം ബിസിനസ് 25 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും മാധവന്‍റേത് ആയിരുന്നു. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു. 

ALSO READ : ആദ്യദിനത്തെ മറികടന്ന് രണ്ടാംദിനം; പാപ്പന്‍ ഇതുവരെ നേടിയ കളക്ഷന്‍

ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2020ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആയിരുന്നു. ശ്രീഷ റായ് ആണ് ഛായാഗ്രഹണം നിര്‍വ്വബിച്ചത്. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്