നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 1157 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് കേരളത്തില്‍ റിലീസ് ദിനം ലഭിച്ചത്

മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ ആളില്ലെന്ന പരിവേദനങ്ങള്‍ക്കിടയിലാണ് ജോഷിയുടെ (Joshiy) സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പന്‍ (Paappan) ഈ വാരാന്ത്യം തിയറ്ററുകളിലെത്തിയത്. പ്രീ- റിലീസ് പ്രൊമോഷനുകളിലൂടെ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തിരുന്ന ചിത്രം ആദ്യ ദിനങ്ങളില്‍ ആ പ്രതീക്ഷ കാത്തു. ചിത്രത്തിന്‍റെ ഓപണിംഗ് ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത് അതാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം അതേദിവസം 3.16 കോടിയാണ് നേടിയിരുന്നത്. മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധനവും രേഖപ്പെടുത്തി ചിത്രം. 3.87 കോടിയാണ് ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍. അതായത് രണ്ട് ദിനത്തില്‍ ചിത്രം നേടിയത് 7.03 കോടിയാണ്.

സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 1157 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് കേരളത്തില്‍ റിലീസ് ദിനം ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ ഞായറാഴ്ച കളക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ : വീണ്ടും ഹിറ്റടിച്ച് കന്നഡ സിനിമ; കിച്ച സുദീപിന്‍റെ വിക്രാന്ത് റോണ ആദ്യ മൂന്ന് ദിവസം നേടിയത്