
100 കോടി ക്ലബ്ബ് എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ച് അത്രയും അമ്പരപ്പിക്കുന്ന ഒന്നല്ല. കാരണം ഒരു കാലത്ത് സ്വപ്നം മാത്രമായിരുന്ന 300 കോടി ക്ലബ്ബില്‍ വരെ മലയാള സിനിമ ഇന്ന് എത്തിനില്‍ക്കുന്നു. അതേസമയം 100 കോടി എന്ന റൌണ്ട് ഫിഗറിന് മുകളിലേക്കുള്ള ഒരു സിനിമയുടെ ബോക്സ് ഓഫീസ് സഞ്ചാരം ഇന്‍ഡസ്ട്രിയും ട്രാക്കര്‍മാരുമൊക്കെ സാകൂതം നിരീക്ഷിക്കാറുണ്ട്. 100 കോടിയൊക്കെ കഴിയുമ്പോള്‍ കളക്ഷനില്‍ കാര്യമായൊരു ഡ്രോപ്പ് സംഭവിക്കാതിരിക്കണമെങ്കില്‍ സിനിമ എത്രയും ജനപ്രീതി നേടിയ ഒന്നായിരിക്കണം. അതാ ചിത്രം നേടിയ ജനപ്രീതിയുടെ തെളിവ് തന്നെയാണ് ആ കളക്ഷന്‍. ഈ പറഞ്ഞതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് നിവിന്‍ പോളി നായകനായ അഖില്‍ സത്യന്‍ ചിത്രം സര്‍വ്വം മായ.
ഹൊറര്‍ കോമഡി ജോണറിലെങ്കിലും കോമഡിക്കും ഫാമിലിക്കുമൊക്കെ പ്രാധാന്യമുള്ള ഫീല്‍ ഗുഡ് ചിത്രം ക്രിസ്മസ് ദിനത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഇടവേളയ്ക്ക് ശേഷം ഒരു നിവിന്‍ പോളി ചിത്രത്തിന് ഇത്രയും പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി വന്നത് പ്രേക്ഷകര്‍ അങ്ങ് ആഘോഷിച്ചു. ഓപണിംഗ് കളക്ഷന്‍ മുതല്‍ ബോക്സ് ഓഫീസില്‍ അത് പ്രകടമാവുകയും ചെയ്തു. വെറും 10 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. എന്നാല്‍ റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും കുതിപ്പ് തുടരുകയാണ് ചിത്രം.
കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫിലുമൊക്കെ മൂന്നാം വാരത്തിലും വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം മുന്നേറുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 16 ദിവസം കൊണ്ട് നേടിയത് 122.15 കോടിയാണ്. ഇന്ത്യയില്‍ നിന്ന് 70.05 കോടിയും വിദേശത്തുനിന്ന് 52.1 കോടിയും. 7 കോടി കൂടി നേടിയാല്‍ മലയാള സിനിമയിലെ ഒരു എലൈറ്റ് ക്ലബ്ബിലേക്കും ചിത്രം കയറും. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ പട്ടികയാണ് അത്. നിലവില്‍ 11-ാം സ്ഥാനത്താണ് ചിത്രം.
129 കോടി നേടിയിട്ടുള്ള ലൂസിഫര്‍ ആണ് 10-ാം സ്ഥാനത്ത്. ഏഴ് കോടി കൂടി നേടിയാല്‍ സര്‍വ്വം മായ ലൂസിഫറിനെ പിന്തള്ളി പത്താമത് എത്തും. നാളെയോടെ അത് സംഭവിക്കാനാണ് സാധ്യത. ഇത് എഴുതുന്ന സമയത്ത് ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 6000 ന് അടുത്ത് ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് വച്ചിട്ട് ചിത്രത്തിന്‍റെ ക്ലോസിംഗ് ബോക്സ് ഓഫീസ് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. വരാനിരിക്കുന്ന പ്രധാന റിലീസുകളുടെ ടൈമിംഗ് കൂടി ആശ്രയിച്ചിരിക്കും അത്.