
മുംബൈ: വലിയൊരു ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സീതാരേ സമീൻ പര്‍ ജൂണ്‍ 20ന് തീയറ്ററുകളില്‍ എത്തുകയാണ്. 2007-ൽ പുറത്തിറങ്ങിയ ആമിറിന്റെ സംവിധാനത്തില്‍ എത്തിയ താരേ സമീൻ പറിന്റെ ആത്മീയ തുടര്‍ച്ച എന്നാണ് സീതാരേ സമീൻ പർ എന്ന ചിത്രത്തെ ആമിറും സംഘവും വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളാണ് പുറത്ത് എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിയാണ് ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ മാത്രമാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 1 കോടി കടന്നത് എന്നാണ് വിവരം. ചിത്രം റിലീസ് ചെയ്യാന്‍ 24 മണിക്കൂര്‍ പോലും ബാക്കിയില്ലത്തപ്പോഴാണ് ഇതെന്നാണ് വിവരം. ആമിര്‍ ഖാന്‍ ചിത്രത്തിന്‍റെ ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് ബുക്കിംഗാണ് സീതാരേ സമീൻ പറിന് ലഭിച്ചിരിക്കുന്നത്.
അവസാനം ഇറങ്ങിയ ആമിര്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയ്ക്ക് അഡ്വാന്‍സ് ബുക്കിംഗില്‍ 5.5 കോടി രൂപയോളം ലഭിച്ചിരുന്നു. കേസരി ചാപ്റ്റർ 2, ജാട്, സിക്കന്ദർ തുടങ്ങിയ വമ്പൻ റിലീസുകളുടെ മുന്‍കൂര്‍ ബുക്കിംഗിലും താഴെയാണ് ആമിര്‍ ചിത്രത്തിന്‍റെ ബുക്കിംഗ് എന്നാണ് വിവരം.
ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ് സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കും. ആരൗഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവർ സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ന്യൂറോഡൈവർജന്റ് വ്യക്തികളുടെ ജീവിതവും അവരുടെ സംഭാവനകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് സീതാരേ സമീൻ പർ. ലാല്‍ സിംഗ് ചദ്ദ എന്ന വലിയ ഫ്ലോപ്പിന് ശേഷം ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് സീതാരേ സമീൻ പർ. 120 കോടിയുടെ ഒടിടി ഡീല്‍ ചിത്രത്തിന് വന്നിട്ടും ആമിര്‍ അത് ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ മാസ് ആപ്പീല്‍ ചിത്രം അല്ലാത്തതിനാല്‍ സ്ലോ ബുക്കിംഗ് ആയിരിക്കും ചിത്രത്തിന് എന്നാണ് ട്രാക്കര്‍മാരും പ്രതീക്ഷിക്കുന്നത്. അതേ സമയം റിലീസിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മെച്ചപ്പെട്ടേക്കും എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.