ഹോളിവുഡ് ചിത്രങ്ങളില്‍ റെക്കോര്‍ഡ്! ഇന്ത്യയിലെ എക്കാലത്തെയും വലിയ ഓപണിം​ഗുമായി 'ബ്രാന്‍ഡ് ന്യൂ ഡേ'

Published : Jul 31, 2026, 06:27 PM IST
spiderman brand new day creates record opening in india

Synopsis

സ്പൈഡര്‍മാന്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് ഇന്ത്യയില്‍ വന്‍ പ്രതികരണം

രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സുപരിചിതനായ സൂപ്പര്‍ഹീറോ നായകനാണ് സ്പൈഡര്‍മാന്‍. ടോബി മ​ഗ്വയര്‍ നായകനായി 2002 ല്‍ പുറത്തെത്തിയ സ്പൈഡര്‍മാന്‍ മുതലിങ്ങോട്ട് ഇന്ത്യയിലും ഏറ്റവും ആരാധകരുള്ള ഹോളിവുഡ് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഇത്. അതിനാല്‍ത്തന്നെ മികച്ച കളക്ഷനും ഇവിടെനിന്ന് നേടാറുണ്ട്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് സ്പൈ‍ഡര്‍മാന്‍ ചിത്രങ്ങള്‍ ഇന്ത്യയിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യാറ്. ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയും അങ്ങനെ മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് എത്തിയത്. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 73 കോടിയാണ് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ ഇന്ത്യയില്‍ നിന്ന് നേടിയ ഓപണിംഗ് ഗ്രോസ്. ഇത് ഒരു റെക്കോര്‍ഡ് ആണ്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന എക്കാലത്തെയും വലിയ ഓപണിംഗ് കളക്ഷനാണ് ഇത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാങ് ചി ആന്‍ഡ് ദി ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്പൈഡര്‍മാനായി ടോം ഹോളണ്ട് എത്തുന്ന ചിത്രത്തില്‍ സെന്‍‍ഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലണ്‍, ജോണ്‍ ബേണ്‍താല്‍, ഫ്ലോറന്‍സ് പ്യൂ, ട്രമെല്‍ ടില്‍മാന്‍, മരീസ ടൊമെയ്, മാര്‍ക് റുഫാലോ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ബ്രെറ്റ് പാവ്‍ലക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നല്‍ സാന്‍ഡേഴ്സ്, ജിന സാന്‍സോം, ഹാരി യൂണ്‍ എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മൈക്കല്‍ ജിയാചിനോയുടേതാണ് സംഗീതം. ഇന്ത്യയിലെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 46,000 ന് മുകളില്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനില്‍ ചിത്രം അത്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

PREV
Read more Articles on
click me!

Recommended Stories

വണ്‍ ലാസ്റ്റ് ടൈം അല്ലേ, എങ്ങനെ കാണാതിരിക്കും? 'ജനനായകന്‍' ഇതുവരെ കേരളത്തില്‍ നിന്ന് എത്ര നേടി? ഔദ്യോഗിക പ്രഖ്യാപനം
ഇതെന്ത് മാജിക്ക്! ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജനനായകന്‍', ഓരോ ദിവസവും കളക്ഷന്‍ കൂട്ടി ഹിന്ദി പതിപ്പ്