റീ റിലീസിനൊരുങ്ങി 'തേന്മാവിൻ കൊമ്പത്ത്'; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Published : Oct 07, 2026, 11:56 AM IST
Thenmavin Kombathu Re Release

Synopsis

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ തേന്മാവിൻ കൊമ്പത്ത് 4K സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. ഒക്ടോബർ എട്ടിനാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പുത്തൻ സാങ്കേതിക മികവിൽ ഒരുങ്ങിയ ചിത്രം വ്യാഴാഴ്ച(ഒക്ടോബർ 8) മുതൽ തിയറ്ററുകളിൽ പ്രേക്ഷകർക്ക് വീണ്ടും കാണാം. ഇപ്പോഴിതാ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്.

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടില്‍ 1994ൽ റിലീസ് ചെയ്ത ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4K യിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ പടത്തിന്റെ 4കെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തെയും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളെയും വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്ന ട്രെയിലർ ചിത്രത്തിന്റെ ഗൃഹാതുരത്വം നിലനിർത്തുന്നുണ്ട്.

മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ മലയാള സിനിമയുടെ പ്രിയപ്പെട്ടൊരു കാലഘട്ടത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും ഈ റീ റിലീസ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ വി ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിളിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. രചന, സംവിധാനം പ്രിയദർശൻ, നിർമ്മാതാവ് എൻ ഗോപാലകൃഷ്ണൻ, ബാനർ പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ്, ഛായാഗ്രഹണം കെ വി ആനന്ദ്, സംഗീതം ബേണി- ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം എസ് പി.വെങ്കടേഷ്, എഡിറ്റിംഗ് എൻ ഗോപാലകൃഷ്ണൻ, ഗാനരചന ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് ഉണ്ണി രാജേന്ദ്രൻ, പിആർഒ ഐശ്വര്യ രാജ്.

PREV
Read more Articles on
click me!

Recommended Stories

5 ദിവസം കൊണ്ട് 340 കോടി നേട്ടവുമായി 'ദൃശ്യം ദി കൺക്ലൂഷൻ'
വിദേശത്ത് ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ സിനിമയായി 'ബെത്‍ലഹേം'