
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ബഹളങ്ങള്‍ ഇല്ലാതെയാണ് എത്തിയത്. എന്നാല്‍ ആദ്യ ഷോയോടെതന്നെ പ്രേക്ഷകപ്രീതിയിലേക്ക് എത്തി. സമീപകാലത്ത് ഇത്രയധികം പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ഒരു മോഹന്‍ലാല്‍ ചിത്രം ഇല്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ സംഭവിക്കുന്നത് എന്തെന്ന് പലകുറി സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് കേരളത്തിലെ തിയറ്ററുകള്‍. അതിന് ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചു പിന്നീടുള്ള വാരങ്ങളില്‍ മോളിവുഡ്. നിരവധി റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ ഗ്രോസ് ആണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ സിനിമയുമായി. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് നാളെയാണ്. ഒടിടി പ്രഖ്യാപനത്തിന് ശേഷം ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനില്‍ എത്രത്തോളം ഇടിവ് ഉണ്ടായി? ഇതാ കണക്കുകള്‍.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് മെയ് 26 ന് വൈകിട്ട് 6 മണിക്ക് ആണ്. പിന്നീടുള്ള രണ്ട് ദിനങ്ങളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 37 ലക്ഷവും ബുധനാഴ്ച നേടിയത് 47 ലക്ഷവുമാണ്. ഒടിടി പ്രഖ്യാപനം വന്ന തിങ്കളാഴ്ച ചിത്രം നേടിയത് 52 ലക്ഷവും ആയിരുന്നു. എന്നാല്‍ അവസാന ഞായറാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 98 ലക്ഷം ആയിരുന്നു. പ്രവര്‍ത്തി ദിനങ്ങളില്‍ കളക്ഷന്‍ കുറയുക സ്വാഭാവികമാണ്. ഒപ്പം മോശം കാലാവസ്ഥയും തിയറ്ററുകളിലെ ഒക്കുപ്പന്‍സി കുറച്ചിട്ടുണ്ട്. ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് ശേഷവും തുടരും നേടിയതുപോലെയുള്ള കളക്ഷന്‍ ചിത്രത്തിന്‍റെ ജനപ്രീതി എത്രയെന്ന് വ്യക്തമാക്കുന്നുണ്ട്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഘടകമാണ് അത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.