കാനിലെ താരങ്ങളുടെ കൂടാരം

Published : May 28, 2017, 07:32 PM ISTUpdated : Oct 04, 2018, 05:24 PM IST
കാനിലെ താരങ്ങളുടെ കൂടാരം

Synopsis

കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായി സംവിധായകർ

കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലെ രണ്ടു ചിത്രങ്ങൾ കാണാൻ കഴിഞ്ഞു. ഒന്നിൽ കരുത്തുറ്റ വനിതാ കഥാപാത്രം. മറ്റൊന്നിൽ വൈരുദ്ധ്യങ്ങളുടെയും അപ്രതീക്ഷിത ഗതിമാറ്റത്തിന്റെയും വിഹ്വലതകളുമായി ഒരു വിമുക്ത ഭടൻ. ഫതെഹ് അകിന്റെ ‘ഇൻ ദി ഫെയ്ഡിൽ’നായിക കാഡ്ജയെ അവതരിപ്പിക്കുന്നത് ജർമൻ നടി ഡയാന ക്രൂഗറാണ്. ധൈര്യശാലിയായ ഉറച്ച നിലപാടുകളുള്ള കാട്ജ ഭർത്താവ് നൂറിക്കും മകൻ റോക്കോയ്ക്കും ഒപ്പം നല്ലൊരു ജീവിതെ നയിക്കുന്നു. പെട്ടെന്നാണ് എല്ലാം മാറി മറിയുന്നത്. നൂറിയും റോക്കോയും ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിയോ നാസി ഗ്രൂപ്പാണ് കുർദിഷ് വംശജനായ നൂറിയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാകുന്നു. വിചാരണയിൽ കുടുംബസുഹൃത്തായ അഭിഭാഷകൻ കാട്ജയെ സഹായിക്കുന്നു. എന്നാൽ കാട്ജയ്ക്ക് നീതികിട്ടുന്നില്ല. ഒടുവിൽ നിയമം കൈയ്യിലെടുക്കാൻ കാട്ജ തീരുമാനിക്കുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നല്കുന്ന പല ചിത്രങ്ങളും ഈ എഴുപതാം കാൻ മേളയിൽ ഉണ്ടായി. ഫതെഹ് അകിന്റെ ആഖ്യാന രീതിയും കഥാപാത്ര സൃഷ്ടിയും വിമർശകശ്രദ്ധ പിടിച്ചു പറ്റി.

ലിൻ റാംസെയ്ക്ക് വൻ തിരിച്ചുവരവാണ്  ഇത്തവണ കാനിലെ ചുവപ്പ് പരവതാനി നല്കിയത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രവുമായി കാനിലേക്ക്  ലിൻ റാംസെ മടങ്ങിയെത്തിയത്. ചലച്ചിത്ര മേള തുടങ്ങിയപ്പോഴും ഈ ചിത്രം എഡിറ്റ് ചെയ്ത് തീർന്നില്ലായിരുന്നു എന്ന അഭ്യൂഹം ശക്തമാണ്. എന്തായാലും അന്തിമ രൂപം കാണാതെ തന്നെ ഈ ചിത്രത്തിന് സംഘാടകർ പ്രദർശനാനുമതി നല്കി. റാംസെയോട് കാൻ മേളയുടെ അണിയറക്കാർക്കുള്ള ആദരവിന്റെ സൂചനയായി ഇത്. ചലച്ചിത്ര പ്രേമികളെ ഈ സ്കോട്ടിഷ് സംവിധായിക നിരാശപ്പെടുത്തിയില്ല. ചലച്ചിത്രമേളയുടെ പത്താം ദിനത്തെ ഈ ത്രില്ലർ ചിത്രം സജീവമാക്കി. വിമുക്തഭടനായ വാടക കൊലയാളിയായി ജോക്വിൻ ഫീനിക്സ് മികച്ച പ്രകടനം പുറത്തെടുത്തു. ജോക്വിന്റെ കഥാപാത്രം കൊലയ്ക്ക് ഉപയോഗിക്കുന്ന രീതി ഒരു പക്ഷെ കേരളത്തിലെ റിപ്പർ കഥകളോട് സമാനമായി തോന്നി. പുതിയ ചുറ്റിക സൂപ്പർമാർക്കറ്റിൽ പോയി വാങ്ങി അതു കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന രീതി. രീതി പുതിയതല്ലെങ്കിലും തുടക്കം മുതൽ അവസാന സീൻ വരെ റാംസെയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിഞ്ഞു.

കാബോഡിസ്കെയ്പ്‍സുമായി ജയൻ


ന്യൂയോർക്കിൽ താമസിക്കുന്ന മലയാളി സംവിധായകൻ ജയൻ ചെറിയാന് കാൻ ചലച്ചിത്രമേളയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വിദ്യാർത്ഥിയായിരിക്കുന്പോൾ മുതൽ ജയൻ ഇവിടെ വരുന്നതാണ്. ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും ഇത്തവണ ജയൻ പുതിയ ചിത്രമായ കാബോഡിസ്കെയ്പ്സുമായി എത്തി. ജയന്റെ ആദ്യ ചിത്രം പാപിലിയോ ബുദ്ധ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒപ്പം വിവാദവും ക്ഷണിച്ചു വരുത്തി. കാബോഡിസ്കെയ്പ്സും വ്യത്യസ്തമല്ല. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത് പ്രദർശിപ്പിക്കുന്നതിനെതിരെ കേന്ദ്രം രംഗത്തു വന്നു. ഒടുവിൽ കോടതിയിൽ പോയാണ് ജയൻ മൂന്നു ദിവസത്തെ പ്രദർശനാനുമതി നേടിയത്. കാനിലെ മാർക്കറ്റ് വിഭാഗത്തിലാണ് ജയന്റെ ചിത്രം പ്രദർശിപ്പിച്ചത്. കച്ചവട രീതികളോടും സ്വയം മാർക്കറ്റിംഗിലും താല്പര്യമില്ലാത്ത ജയൻ ഇന്ത്യയിൽ നിന്ന് നല്ല സിനിമകൾക്ക് പിന്തുണ കിട്ടാത്തതിൽ നിരാശനാണ്. ‘കലയിലുള്ള കടന്നുകയറ്റത്തെയും അനാവശ്യ നിയന്ത്രണങ്ങളെയും പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷവും പരാജയപ്പെടുന്നു.’ ജയൻ പറയുന്നു.

താരങ്ങളുടെ കൂടാരം

മെഡിറ്ററേനിയൻ തീരത്താണ് കാൻ നഗരം. കടൽ തീരത്താണ് ചലച്ചിത്ര മേള നടക്കുന്ന ‘പാലൈ’ എന്ന സിനിമാ കൊട്ടാരം. മേള നടക്കുന്പോൾ കടൽതീരത്ത് താല്ക്കാലിക കൂടാരങ്ങൾ ഉയരും. വിവിധ രാജ്യങ്ങളുടെ പവലിയനുകൾ ഇവിടെയാണ് അനുവദിക്കുക. എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾക്ക് മുകളിൽ ആ രാജ്യങ്ങളുടെ പതാകകൾ കാണാം. ഇന്ത്യൻ പവലയിനിൽ ഇത്തവണ കാര്യമായ അനക്കമൊന്നും കണ്ടില്ല. എന്നാൽ മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പവലിയനുകൾ സജീവമായിരുന്നു. വിവിധ രാജ്യങ്ങളുടെ ഈ പവലിയനുകൾക്കിടയിൽ ഒരു വലിയ കൂടാരം കാണാം.. അഗോറ എന്നാണ് പേര്. ഗ്രീക്ക് ഭാഷയിൽ പൊതുസ്ഥലം (അസംബ്ലി) എന്നർത്ഥം. നഗരങ്ങളുടെ നടുക്ക് കലയ്ക്കും വിനോദത്തിനും ഒക്കെയായുള്ള വേദി. ഈ അഗോറയിലാണ് ജൂറി അംഗങ്ങളും റെഡ് കാർപ്പറ്റ് സ്വീകരണം ഏറ്റുവാങ്ങാൻ വരുന്നവരും മേള കാണാൻ വരുന്ന താരങ്ങളുമൊക്കെ വിശ്രമിക്കുന്നത്. ഇവരെ കാണാൻ ഒരാൾക്കൂട്ടം എപ്പോഴും അഗോറയ്ക്ക് മുന്നിലുണ്ട്. താരങ്ങൾ ഇറങ്ങുന്പോൾ അവരുടെ ഒപ്പം സെൽഫിയെടുക്കാൻ ബഹളം. ലോക സിനിമയിലെ അതുല്യ പ്രതിഭകളെ കാണാം ഇവിടെ നിന്നാൽ.  സുരക്ഷാ ഉദ്യോഗസ്ഥർക്ക് അതിനാൽ അഗോറ നിത്യവും അതിനാൽ തലവേദനയാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾ

ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ്. കാൻ ചലച്ചിത്രമേള നടക്കുന്ന വേദി കാണാണ എത്തുന്ന സഞ്ചാരികളിൽ പതിനഞ്ചോളം ഇന്ത്യൻ വിദ്യാർത്ഥികളെയും കണ്ടു. ഞാൻ കണ്ട ഗ്രൂപ്പിൽ കൂടുതൽ പേരും ആന്ധ്രാപ്രദേശ് തെലങ്കാന മേഖലയിൽ നിന്നുള്ളവരാണ്. ഒരു യൂറോപ്യൻ ഡിഗ്രി കൂടി കൈയ്യിൽ വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാർത്ഥികൾ യൂറോപ്പിലേക്ക് പോകുന്നത്. ഫ്രഞ്ച് ഭാഷയുടെ കാര്യത്തിൽ സാധാരണ വിട്ടുവീഴ്ചയില്ലെങ്കിലും ഫ്രാൻസിൽ സർവ്വകലാശാലകളിൽ വിദേശവിദ്യാർത്ഥികളെ ആകർഷിക്കാൻ ഇംഗ്ളീഷിലും പഠനം തുടങ്ങിയിരിക്കുന്നു. മാസ്റ്റേഴ്സ് ബിദുദം ഒരു കൊല്ലത്തിൽ പൂർത്തിയാക്കാം എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത. ഇന്ത്യയിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷം ഇവർ യൂറോപ്പിൽ എത്തി ഒരു മാസ്റ്റേഴ്സ് കൂടി ചെയ്യുന്നു. കഠിനാദ്ധാനികൾ എന്ന വിശേഷണം പിഎച്ച്ഡിക്കും ഗവേഷണത്തിനും ഇന്ത്യൻ വിദ്യാർത്ഥികളെ എടുക്കാൻ ഫ്രഞ്ച് അധികൃതരെ പ്രേരിപ്പിക്കുന്നു. മൂന്നു കൊല്ലത്തെ പിഎച്ച്ഡിക്ക് സർക്കാർ തന്നെ ഗ്രാൻറ് നല്കും. മാസ്റ്റേഴ്സ് ആണെങ്കിൽ ആറുമാസത്തെ ഇന്റേൺഷിപ്പ് വഴിയും കുറച്ചു ഫീസ് തിരിച്ചു പിടിക്കാം. കാനിൽ ഇത്തരം സർവ്വകലാശാലകൾ  ഇല്ലെങ്കിലും ചലച്ചിത്രമേള ഈ നഗരം പരിചയപ്പെടാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര
മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു