നടിയോട് മോശമായി പെരുമാറിയെന്ന പരാതി; സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കി

By Web DeskFirst Published Oct 8, 2017, 11:18 PM IST
Highlights

നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ യുവ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെ‌ടെയുള്ള പ്രതികള്‍ക്കെതിരായ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു. പരാതി ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടു പോകാന്‍ താത്‌പര്യമില്ലെന്നും നടി നല്‍കിയ സത്യവാങ്‌മൂലത്തെത്തുടര്‍ന്ന് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു

ഹണീബി-2 എന്ന സിനിമയുമായി ബന്ധപ്പെട്ട് യുവനടി നല്‍കിയ കേസാണ് അവസാനിപ്പിച്ചത്.  സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പ്രതിഫലം ചോദിച്ച തന്നോട് അശ്ലീല ഭാഷയില്‍ സംസാരിച്ചു, തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി, പ്രതിഫലം നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു യുവനടി പരാതി നല്‍കിയത്. മൊഴി രേഖപ്പെടുത്തിയ പൊലീസ്, സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി സാങ്കേതിക പ്രവര്‍ത്തകരായ അനില്‍, അനിരുദ്ധ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് കേസെടുത്തു. പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. 

ജാമ്യാപേോക്ഷ പരിഗണിയ്‌ക്കുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പായെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും യുവനടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേത്തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ ജീന്‍പോള്‍  അടക്കമുള്ള പ്രതികള്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു. കേസ് ഒത്തുതീര്‍പ്പായെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ച് ഹൈക്കോടതി എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതോടെ കേസ് അവസാനിപ്പിച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ തൃക്കാക്കര എ.സി.പി ഷംസ് പറഞ്ഞു.

click me!