
ദില്ലി: സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ റിലീസ് വൈകുമെന്നു സൂചന. സെൻസറിംഗിന് അയച്ച ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തിരിച്ചയച്ചു. അപേക്ഷ പൂർണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും സെൻസറിംഗിനു വിധേയമാക്കാനാണു നീക്കമെന്നാണു റിപ്പോർട്ടുകൾ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം സെൻസർ ബോർഡിനു സമർപ്പിച്ചത്. ബോർഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ സെൻസർ ചെയ്തു നൽകിയാൽ മതി. ഡിസംബർ ഒന്നിനു ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ പറയുന്നത്. എന്നാൽ സെൻസർ ബോർഡ് സെൻസറിംഗ് പൂർത്തിയാക്കി ചിത്രം കൈമാറിയില്ലെങ്കിൽ റിലീസ് വീണ്ടും നീളും.
പദ്മാവതി പ്രദർശിപ്പിച്ചാൽ തിയറ്ററുകൾ കത്തിക്കുമെന്ന ഭീഷണിയുമായി രജ്പുത് കർണി സേന രംഗത്തെത്തിയിരുന്നു. രണ്‍വീർ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക റാണി പദ്മാവതിയായും രണ്‍വീർ അലാവുദിൻ ഖിൽജിയായും ചിത്രത്തിൽ എത്തുന്നു. ചിറ്റോർഗഡ് കോട്ട ആക്രമിച്ച അലാവുദിൻ ഖിൽജിക്ക് കീഴിൽ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കർണി സേന പറയുന്നു.
പത്മാവതിയുടെ ചിത്രീകരണസമയത്തുതന്നെ രജപുത് കർണി സേന എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. ചലച്ചിത്രത്തിൽ, പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞാണ് കർണി സേന രംഗത്തെത്തിയത്.
നേരത്തെ, അശുതോഷ് ഗവാരിക്കറുടെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രം ജോധാ അക്ബറിനു നേർക്കും കർണി സേനക്കാരുടെ പ്രതിഷേധമുണ്ടായിരുന്നു. അക്ബറിന്റെ മകനെയാണ് ജോധ വിവാഹം ചെയ്തതെന്നും സിനിമയിൽ ചരിത്രം വളച്ചൊടിക്കുകയാണെന്നും സേന ആരോപിച്ചു. ഹൃതിക് റോഷനും ഐശ്വര്യ റായിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ