സാധാരണക്കാരന്റെ പുണ്യാളന്‍- റിവ്യൂ

By പ്രബീഷ് ഭാസ്കര്‍First Published Nov 17, 2017, 4:17 PM IST
Highlights

'സാധാരണക്കാരിക്ക് പകരം ഒരു നടിക്കോ മറ്റോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ മൂന്നാം ദിവസം പ്രതിയെ പിടികൂടിയേനെ...' ഒരു സാധാരണക്കാരന്റെ വീറും പ്രതിഷേധവുമടങ്ങിയ സ്വരത്തില്‍ ജോയ് താക്കോല്‍ക്കാരന്‍ ചോദിച്ചു തുടങ്ങുന്നു. ഏതൊരു സാധാരണക്കാരനും ഭരണാധികാരികളോട് മുഖത്ത് നോക്കി ചോദിക്കാന്‍ കൊതിക്കുന്ന ആ ചോദ്യങ്ങളുമായാണ് പുണ്യാളന്റെ തിരിച്ചുവരവ്. 

തനത് തൃശ്ശൂര്‍ സ്ലാങ്ങിലും അഗര്‍ബത്തീസിലെ മടുപ്പിക്കാത്ത സംഭാഷണശൈലിയിലും പിടിച്ചുതൂങ്ങി കഥയിലേക്ക് കയറിവരുന്നതാണ് ചിത്രത്തിന്റെ ആദ്യഭാഗം. ഇവിടെ പുണ്യാളന്‍ അഗര്‍ബത്തീസില്‍ നിന്ന് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് എന്തിന് എന്ന് ചോദിച്ചാല്‍ മറുപടി പ്രയാസമാകും. എന്നാല്‍ ഈ അലസതകളെ മറികടക്കാനും അഗര്‍ബത്തീസിന്റെ ഹാങ്ങോവറില്‍ നിന്ന് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്വാദനത്തിലേക്ക് പതിയെ എത്തിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. 

അഗര്‍ബത്തീസില്‍ ധനികനും പ്രതാപിയുമായി മാറിയ ജോയ് താക്കോല്‍ക്കാരനെ പ്രൈവറ്റ് ലിമിറ്റഡില്‍ സാധാരക്കാരന്റെ നിരയിലേക്ക് ഒരു 'പബ്ലിക് ലിമിറ്റഡായി' തിരിച്ചുകൊണ്ടുവരുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ പ്രമേയവും. ഹാസ്യം നിറഞ്ഞ സംഭാഷണങ്ങള്‍ തന്നെയാണ് ഇത്തവണയും പുണ്യാളന്റെ ഹൈലൈറ്റ്. കലാസൃഷ്ടികള്‍ വിമര്‍ശനങ്ങളെ ഏറെ ഭയക്കുന്ന കാലത്ത് കീഴ്‌വഴക്കങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ പറയാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ധൈര്യം കാണിക്കുന്നുണ്ട്.

എല്ലാം നഷ്ടപ്പെട്ട് ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരുന്ന താക്കോല്‍ക്കാരനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്റെ മാത്രമല്ലെന്ന തിരിച്ചറിവാണ് ചിത്രത്തിന്റെ പുതുമ. വിമര്‍ശനാതീതരായി ആരുമില്ലെന്ന് അഗര്‍ബത്തീസില്‍ തന്നെ പറഞ്ഞുതുടങ്ങിയെങ്കിലും പ്രൈവറ്റ് ലിമിറ്റഡ് ആ സ്വാതന്ത്ര്യം സീമകളില്ലാതെ ഉപയോഗിക്കുന്നുണ്ട്. 

ചിത്രത്തിന്റെ വിമര്‍ശനത്തിന് വിധേയമാകുന്ന കാലിക രാഷ്ട്രീയത്തിലെ നേതാക്കളുമായി മനപ്പൂര്‍വ്വമായ സാമ്യം തോന്നിപ്പിക്കുന്നുണ്ടെങ്കിലും അത് ഏതെങ്കിലും ഒരു കക്ഷിനേതാവിനെയല്ല, പകരം രാഷ്ട്രീയ 'തെറ്റു'കളായ ചില സമകാലിക നേതാക്കളുടെ സമ്മിശ്രമാണെന്ന് കാണിക്കാനാണ് വിജയരാഘവന്റെ കഥാപാത്രത്തിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.

കോടതിയെയും മാധ്യമങ്ങളെയും ഒരുപറ്റം ഉദ്യോഗസ്ഥവൃന്ദത്തെയും ഇത്തിരി അതിഭാവുകത്വം കലര്‍ത്തിയാണെങ്കിലും ഹാസ്യാത്മകമായി വിമര്‍ശിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. അതേസമയം മാധ്യമങ്ങളുടെ പ്രാധാന്യവും ചിത്രം തന്നെ പറഞ്ഞുവയ്ക്കുന്നു. നോട്ട് നിരോധനം പോലുള്ള ഭരണകൂട നടപടികളും പുണ്യാളനില്‍ വിമര്‍ശന വിധേയമാകുന്നു. അഗര്‍ബത്തീസിന്റെ ആക്ഷേപഹാസ്യ ശൈലിയില്‍ മാറ്റം വരുത്താത്ത ചിത്രത്തില്‍ ഗൗരവമായ സീനുകളും സ്ഥാനം പിടിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളും പ്രേക്ഷകരും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞാണ് കഥ ഒരുക്കിയിരിക്കുന്നത്. 

കരിയറിലെ  മികച്ച വേഷങ്ങളിലൊന്നുമായാണ് വിജയരാഘവന്‍ എത്തുന്നത്. അഗര്‍ബത്തീസില്‍ മുഴുവന്‍ സമയ വേഷത്തിലെത്തുന്ന അജുവര്‍ഗീസ് ഒരിക്കല്‍ പോലും നേരിട്ട് കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. ധര്‍മജന്‍ ബോള്‍ഗാട്ടി, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  

രഞ്ജിത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. താരനിരയില്‍ മാറ്റം വരുത്താതെ ആദ്യഭാഗമായ പുണ്യാളന്‍ അഗര്‍ബത്തീസിനോട് നീതി പുലര്‍ത്തുന്നത് തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിങ്. കാലവും കാഴ്ചപ്പാടുകളും മാറുന്നുവെന്ന ഓര്‍മപ്പെടുത്തലില്‍ സമൂഹത്തില്‍ ഇനിയും നന്മകള്‍ അവസാനിച്ചിട്ടില്ലെന്ന് ചിത്രം പറയുന്നു. ഇവയൊന്നും ശാശ്വതമല്ലെന്ന് പറഞ്ഞാണ് സാധാരണക്കാരന്റെ പുണ്യാളന്‍ അവസാനിപ്പിക്കുന്നത്.
 

click me!