ദയവായി നിര്‍ത്തു; പൊട്ടിത്തെറിച്ച് മീടു നായിക ഗായിക ചിന്‍മയി

By Web TeamFirst Published Oct 22, 2018, 9:33 PM IST
Highlights

മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ ചോദ്യങ്ങളുടെ രൂക്ഷത ഏറിയപ്പോള്‍ ചിന്‍മയി ഇടപെട്ടു. 

ചെന്നൈ: മീടു ക്യാംപെയിന്‍ തമിഴ് സിനിമ രംഗത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രശസ്ത ഗായിക ചിന്‍മയി ആണ് ഈ ക്യംപെയിന് കോളിവുഡില്‍ തുടക്കമിട്ടത്. ദയവായി ഇത് നിര്‍ത്തണമെന്നും ചിന്‍മയി യാചിച്ചു. തമിഴ്‌നാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചിന്‍മയി അടക്കം മൂന്ന് വനിതകളാണു വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വിവിധ മേഖലയില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ നേരത്തെ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 

ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചിന്‍മയി അടക്കമുള്ളവര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ അവരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ ചോദ്യങ്ങളുടെ രൂക്ഷത ഏറിയപ്പോള്‍ ചിന്‍മയി ഇടപെട്ടു. 

ദയവായി നിര്‍ത്തു, ഇങ്ങനെ വിചാരണചെയ്യരുതെന്നു പറഞ്ഞ് ചിന്‍മയി അവരോടു കൈകൂപ്പി യാചിച്ചു. ചിന്‍മയിയുടെ വാക്കുകള്‍ ഇങ്ങനെ: ' ഞങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റിയാണു തുറന്നു പറഞ്ഞത്. ഈ രാജ്യത്തെ എല്ലാ പുരുഷന്‍മാരെയും മോശക്കാരായി ചിത്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരിതങ്ങളുടെ വലിയ കഥകള്‍ തന്നെ ഈ സ്ത്രീകള്‍ക്കുണ്ട്. ഇത്തരം അക്രമങ്ങളെ നേരിടാന്‍ പുരുഷന്‍മാര്‍ക്കു സഹായിക്കാന്‍ കഴിയുമോ എന്നാണു ചോദിക്കാനുള്ളത്. പക്ഷേ, അതിക്രമത്തിന് ഇരയായവരെ നിശബ്ദരാക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നത്.' 

മീടു ക്യാംപെയ്‌നില്‍ രാജ്യമൊട്ടാകെ നിരവധി സ്ത്രീകളാണു തങ്ങള്‍ക്കു നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു. തമിഴ് സിനിമ മേഖലയില്‍ ചിന്‍മയി അടക്കമുള്ളവരാണു ലൈംഗിക അതിക്രമങ്ങളെ പറ്റി ആദ്യം തുറന്നു പറഞ്ഞത്. പ്രശസ്ത കവി വൈരമുത്തുവിനെതിരെയും ഗായകന്‍ കാര്‍ത്തികിനെതിരെയും ചിന്‍മയി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

click me!