മെഗാസ്റ്റാർ മമ്മൂട്ടിക്ക് നടൻ നിവിൻ പോളി ജന്മദിനാശംസകൾ നേർന്നു. സ്കൂൾ കാലം മുതൽ തനിക്ക് പ്രചോദനം മമ്മൂട്ടിയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് സ്വപ്നമാണെന്നും നിവിൻ പറഞ്ഞു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി നടൻ നിവിൻ പോളി. സ്കൂള്‍ കാലം മുതല്‍ സിനിമ സ്വപ്നം കാണാൻ കാരണം മമ്മൂക്ക ആണെന്ന് പറഞ്ഞ നിവിൻ പോളി, ഒരുമിച്ച് അഭിനയിക്കുക എന്നത് ഇന്നും വലിയൊരു സ്വപ്നമാണെന്നും പറയുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും നിവിൻ പങ്കിട്ടിട്ടുണ്ട്.
"എന്റെ സ്കൂൾ കാലം മുതൽ, സിനിമയെ കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളായിരുന്നു. നിങ്ങളോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാൻ ഇപ്പോഴും മുറുകെപ്പിടിക്കുന്ന ഒരു സ്വപ്നമാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ. എപ്പോഴും ഞങ്ങൾക്ക് ഒരു പ്രചോദനമായിരിക്കുക. ജന്മദിനാശംസകൾ, മമ്മൂക്കാ...", എന്നായിരുന്നു നിവിൻ പോളിയുടെ വാക്കുകൾ.
അതേസമയം, നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണിത്. നിവിൻ പോളിയും മമിത ബൈജുവും നായികനായകന്മാരായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 250 കോടിയടുപ്പിച്ച് നേടി പ്രദർശനം തുടരുകയാണ്. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രവുമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. നിലവിൽ തമിഴ്, തെലുങ്ക് പതിപ്പുകളും പ്രദർശനം ആരംഭിച്ചിട്ടുണ്ട്.



