'സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്‍റെ പേരില്‍ തട്ടിപ്പ്'; പരാതിയുമായി സംവിധായകൻ കണ്ണൻ താമരക്കുളം

By Web TeamFirst Published Sep 6, 2019, 6:02 PM IST
Highlights

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്‍റെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുമായി സംവിധായകൻ കണ്ണൻ താമരക്കുളം. ഉണ്ണി മുകുന്ദന്‍റെ നായികയാക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്നുവെന്നാണ് ആരോപണം.

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്‍റെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുമായി സംവിധായകൻ കണ്ണൻ താമരക്കുളം. ഉണ്ണി മുകുന്ദന്‍റെ നായികയാക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്നുവെന്നാണ് ആരോപണം.  വിദേശ ഫോൺ നന്പർ ഉപയോഗിച്ചുള്ള തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ പോലീസിൽ പരാതി നൽകി.

പ്രൊഡക്ഷൻ  കൺട്രോളർ ആണെന്ന് പറഞ്ഞാണ് ദുബായ് നന്പരിൽ നിന്നും പലർക്കും ആദ്യം കോളുകൾ വരുന്നത്. തുടർന്ന് സംവിധായകൻ കണ്ണൻ താമരക്കുളമാണെന്ന വ്യാജേന  ഇതേ നന്പറിൽ നിന്ന് വാട്സ് ആപ്പിലൂടെ മെസേജുകളും അയക്കും. ദുബായിലും ഗോവയിലുമായി ചിത്രീകരണം നടക്കുന്ന സിനിമയിലേക്ക് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും താൽപ്പര്യം ഉണ്ടെങ്കിൽ  ഫോട്ടോ അയച്ച് തരണമെന്നും  ആവശ്യപ്പെടും. 

ദുബായിലുള്ള  ഫ്ലാറ്റിൽ വന്നാൽ നേരിട്ട് കാണാം എന്നും ഇവർ പറയുന്നു. പരിചയമുള്ളവർ കാര്യം സത്യമാണോ എന്ന് അറിയാനായി കണ്ണൻ താമരക്കുളത്തെ നേരിട്ട് വിളിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷം മുന്‍പ് സമാനമായ സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നതായി കണ്ണൻ താമരക്കുളം പറയുന്നു. അന്ന് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും ദുബായ് നന്പർ ആയത് കൊണ്ട് ആളെ കണ്ടെത്താനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. 

പിന്നീട് തന്‍റെ പുതിയ സിനിമ റിലീസാകുന്ന സമയത്ത് വീണ്ടും വ്യാജ ഫോൺ കോളുകൾ വന്നു തുടങ്ങുകയായിരുന്നു. സംഭവത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് സംവിധായകൻ പരാതി നൽകിയിട്ടുണ്ട്. ദുബായ് പൊലീസിലും പരാതി നൽകാൻ ശ്രമിക്കുന്നതായി കണ്ണൻ താമരക്കുളം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

click me!