ഉഡ്താ പഞ്ചാബ് സെൻസർ കേസ്: ബോംബെ ഹൈക്കോടതി വിധി നാളെ

By Web DeskFirst Published Jun 12, 2016, 3:01 AM IST
Highlights

മുംബൈ: ഉഡ്താ പഞ്ചാബ് സെൻസർ ചെയ്യണമന്നെ സെൻസർ ബോർഡിന്‍റെ ആവശ്യത്തിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി നാളെ വിധി പറയും. സിനിമയ്ക്ക് കത്രികവെക്കാനുള്ള തീരുമാനം സെൻസർബോർഡ് പിൻവലിക്കണമെന്ന് ബോളിവുഡ് നടൻ വിവേക് ഒബ്റോയ് ആവശ്യപ്പെട്ടു. സെൻസർ ബോർഡ് പരിധിവിട്ടാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രം ഇടപെടണമെന്നും വിവേക് ഒബ്റോയ് മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കഥപറയുന്ന സിനിമയായ ഉഡ്താ പഞ്ചാബ് വരുന്നവെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തേണ്ടത്. എന്നാൽ സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കണമെങ്കിൽ എൺപത്തിയൊൻപതിടത്ത് കത്രികവെക്കണമെന്നായിരുന്നു സെൻസർ ബോർഡ് നിലപാട്. ഇതിനെതിരെ നിർമ്മാതാക്കൾ കോടതിയെ സമീപിച്ചപ്പോഴാണ് ബോർഡിനെ കോടതി രൂക്ഷമായി വിമർശിച്ചത്. 

ബോർഡിന്‍റെ പണി സിനിമയ്ക്ക് അംഗീകാരം നൽകൽമാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ നാളെയാണ് വിധി. ഇതിനിടെ സെൻസർബോർഡ് അധ്യക്ഷൻ പെഹ്ലാജ് നിഹ്ലാനിയുടെ നടപടികൾക്കെതിരെ വിമർശനവുമായി ബോളിവുഡ് താരം വിവേക് ഒബ്റോയ് രംഗത്തെത്തി. സർട്ടിഫിക്കേഷൻ നൽകേണ്ട ബോർഡ് പരിധിവിട്ടാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഒബ്റോയി കുറ്റപ്പെടുത്തി.

സെൻസറിങ്ങിൽ എനിക്ക് വിശ്വാസമില്ല. സിനിമയ്ക്ക് സെൻസറിങ്ങ് ആവശ്യമില്ല. സർട്ടിഫിക്കറ്റ് നൽകുക മാത്രമാണ് ബോർഡിന്റെ ജോലി. ഇഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്ക് ഉണ്ടാകണം - വിവേക് ഒബ്റോയ്

സിനിമയിൽനിന്നും തെരഞ്ഞെടുപ്പ്, എംപി എംഎൽഎ പഞ്ചായത്ത് തുടങ്ങിയ വാക്കുകൾ എന്തിനാണ് എടുത്തുകളയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. സെൻസർ ബോർഡിനെ ഇങ്ങനെ പ്രവർത്തിക്കാൻ അനുവദിക്കരുത്. കേന്ദ്രസർക്കാർ ബോർഡിൽ വേണ്ട അഴിച്ചുപണികൾ ചെയ്യുമെന്നാണ് വിശ്വാസമെന്നും വിവേക് ഒബ്റോയ് പറഞ്ഞു.

click me!