ചിത്രത്തിന്‍റെ വിതരണക്കാര്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്

വിജയ് ആരാധകര്‍ ഏറെയുള്ള ഇടമാണ് കേരളം. അതിനാല്‍ത്തന്നെ പോസിറ്റീവ് അഭിപ്രായം നേടുന്ന ഒരു വിജയ് ചിത്രം കേരളത്തില്‍ നിന്ന് വമ്പന്‍ കളക്ഷനുമാണ് സാധാരണ നേടാറ്. എമ്പുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് വിജയ് നായകനായ ലിയോയുടെ പേരില്‍ ആയിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് സമീപ വര്‍ഷങ്ങളിലെ വിജയ് ചിത്രങ്ങളുടെയെല്ലാം ആദ്യ ഷോ കേരളത്തില്‍ നടന്നിട്ടുള്ളത്. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ തിയറ്ററുകളില്‍ 4 മണി ഷോ കാണാന്‍ തമിഴ്നാട്ടില്‍ നിന്നുപോലും ആരാധകര്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ വിജയ്‍യുടെ അവസാന ചിത്രമായ ജനനായകന് പുലര്‍ച്ചെ 4 മണിക്ക് കേരളത്തില്‍ ഷോ ഇല്ല. വിതരണക്കാര്‍ തന്നെയാണ് കാരണ സഹിതം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഷോകള്‍ പുലര്‍ച്ചെ 4 മണിക്ക് ആണെന്ന് ഏതാനും ദിവസം മുന്‍പ് വിതരണക്കാര്‍ തന്നെ അറിയിച്ചിരുന്നതുമാണ്. എറണാകുളം കവിത അടക്കമുള്ള തിയറ്ററുകളില്‍ ഫാന്‍സ് ഷോ ആയി സംഘടിപ്പിച്ചിരുന്ന റിലീസ് ദിനത്തിലെ 4 മണി ഷോയുടെ ടിക്കറ്റ് രണ്ട് മാസം മുന്‍പേ വിറ്റും പോയിരുന്നു. എന്നാല്‍ തീരുമാനം മാറ്റിയതായി അറിയിച്ചിരിക്കുകയാണ് എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ഇപ്പോള്‍. കേരളത്തിലെ 4 മണി ഷോകള്‍ക്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് അവര്‍ അറിയിച്ചിരിക്കുന്നു.

“കേരളത്തില്‍ ജനനായകന്‍റെ 4 മണി ഷോ നടത്താന്‍ ഞങ്ങള്‍ എല്ലാ പരിശ്രമവും നടത്തി. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് അതിനുള്ള അനുമതി ആദ്യം ലഭിച്ചിരുന്നതുമാണ്”. എന്നാല്‍ നിലവിലെ സാഹചര്യവും തമിഴ്നാട്ടില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചില വിഷയങ്ങളും കാരണം 4 മണി ഷോയുടെ ലൈസന്‍സിന് അനുമതി ലഭിച്ചില്ലെന്ന് എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. അതിനാല്‍ പുലര്‍ച്ചെ 6 മണിക്ക് ആയിരിക്കും ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ ഷോ. കേരളത്തിലെ വിജയ് ആരാധകര്‍ക്ക് ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നുവെന്നും 6 മണിയുടെ ആദ്യ ഷോകള്‍ക്ക് ആരാധക പിന്തുണ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും വിതരണക്കാര്‍ കുറിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming