
തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ. ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് അമ്മ വിശദമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നാണ് അമ്മയുടെ നിലപാട്. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. മോഹൻലാലിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് താര സംഘടന ആവശ്യപ്പെട്ടു. എല്ലാ തീരുമാനവും എക്സിക്യൂട്ടിവ് കമ്മിറ്റിയുടേതെന്നും അമ്മ വ്യക്തമാക്കി. അധികം വൈകാതെ പ്രത്യേക ജനറൽ ബോഡി വിളിച്ചുകൂട്ടും . പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ഇടപെടലുകൾക്ക് പിന്തുണ നല്‍കുമെന്നും അമ്മ അറിയിച്ചു.
അമ്മയിൽ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡൻറ് ശ്രീ മോഹൻലാൽ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. മാത്രമല്ല എല്ലാ വിഷയങ്ങളിലും സ്നേഹത്തിൻറെയും സമന്വയത്തിൻറെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നൽകിയതുമാണ് .കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങൾ ശ്രീ മോഹൻലാലിൻറെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് അമ്മ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.