ബേസില്‍  ജോസഫ് ഓട്ടപാച്ചിലിലാണ് സിനിമ പിടിക്കാനല്ല, പിന്നെയോ?

By C V SiniyaFirst Published Aug 2, 2017, 11:43 AM IST
Highlights

കുഞ്ഞിരാമായണത്തില്‍ നായകന്‍ വിവാഹം ചെയ്യാന്‍ വേണ്ടി  പെടാപെടുന്നത് നാം കണ്ടതാണ്. ഒട്ടേറെ വിവാഹങ്ങള്‍ മുടങ്ങി നിരാശനായതിന് ശേഷമാണ് നായകന്  പെണ്ണുകെട്ടാന്‍ കഴിഞ്ഞത്.  ഈ സിനിമ നമുക്ക് സമ്മാനിച്ച  വയനാട്ടുകാരന്‍  ബേസില്‍ ജോസഫും  ഇപ്പോള്‍ ഓട്ടപാച്ചിലിലാണ്. സ്വന്തം  വിവാഹത്തിന്റെ ചില ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള ഓട്ടമാണ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്  സംവിധായകന്‍ ബേസില്‍ ജോസഫും  കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത്  സാമുവല്‍- സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്തും  തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നത്.  കുഞ്ഞിരാമായണം പോലെ  വധുവിനെ തേടി  നെട്ടോട്ടമോടേണ്ടി വന്നിട്ടില്ല.  ഏഴുവര്‍ഷം തന്റെ നിഴല്‍ പോലെ കൂടെ നടന്ന പഠനകാലത്ത് തന്റെ ജൂനിയറായിരുന്നു എലി തന്നെയാണ് തന്റെ ജീവിത സഖിയായി എത്തുന്നത്.  ഗോദയിലൂടെയും  കുഞ്ഞിരാമായണത്തിലൂടെയും പ്രേക്ഷകരെ അത്രകണ്ട് ചിരിപ്പിച്ച സംവിധായകന്‍ ബേസിലിന്റെ കല്യാണ വിശേഷങ്ങളിലേക്ക്. സി വി സിനിയ നടത്തിയ അഭിമുഖം.

എലിയെ ആദ്യമായി കണ്ട നിമിഷം

തിരുവനന്തപുരം ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് പഠിക്കുമ്പോഴാണ്  എലിയെ (എലിസബത്ത്) ആദ്യമായി കാണുന്നത്.   രണ്ട് വര്‍ഷം ജൂനിയറായിരുന്നു. ഒറ്റനോട്ടത്തില്‍ ജൂനിയര്‍ കുട്ടിയെ ഇഷ്ടമായി. അതൊരു ഇഷ്ടം മാത്രം. പിന്നീടാണ്  എലിസബത്ത് തീര്‍ത്തും തന്റെ മനസ്സിലേക്ക് ചേക്കേറിയത്.   തന്റെ പ്രണയം എലിസബത്തിനെ അറിയിച്ചപ്പോള്‍ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി നടക്കുന്ന വ്യക്തിയായിരുന്നു എലി.  പിന്നീട് എലിയും പതുക്കെ പതുക്കെ എന്റെ വഴിയെ വരികയായിരുന്നു.   ഏഴു വര്‍ഷത്തിനൊടുവിലാണ്, 25 കാരിയായ  എലിയെ സ്വന്തമാകാന്‍ പോകുന്നത്. 

വീട്ടിലെ പ്രതികരണം

എന്റെ വീട്ടില്‍ സപ്പോര്‍ട്ടായിരുന്നു. പക്ഷേ ആരും വിശ്വസിച്ചിരുന്നില്ല. താന്‍ വീട്ടിലെ ഇളയ ആളായതുകൊണ്ട്  ഇങ്ങനെയൊരു പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും തമാശയാക്കി നടക്കുകയായിരുന്നു. എലിയുടെ വീട്ടില്‍ അവസാന നിമിഷമായിരുന്നു അറിയിച്ചത്. എലിയുടെ വീട്ടില്‍ ചില  സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടു പോയി. പിന്നീ്ട് ഇരു വീട്ടുകാരും തമ്മില്‍ പറഞ്ഞുറപ്പിക്കുകയായിരുന്നു.
 ഭാര്യാ സങ്കല്‍പ്പം

 എനിക്ക്  ഭാര്യയെ കുറിച്ച് പ്രത്യേകിച്ച് സങ്കല്‍പ്പമൊന്നുമില്ലായിരുന്നു.  തനിക്ക് ഒരു കുറവുണ്ടായിരുന്നത് പൊക്കമില്ലാത്തതായിരുന്നു.  കോളേജില്‍ എത്തിയപ്പോള്‍ തന്റെ പൊക്കത്തിന് യോജിച്ച ഒരാളായിരുന്നു എലി. പിന്നീട് അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. എലി തികച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളാണ്.  എന്റെ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിയെടുക്കുകയായിരുന്നു.

ഇപ്പോള്‍ ചെന്നൈ എന്‍ജിഒയുടെ കീഴില്‍  സാമൂഹിക പ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ്.  പഠിച്ച അതേ കോഴ്‌സിന്റെ  ജോലി ഒട്ടേറെ  ഉണ്ടായിരുന്നിട്ടും വ്യത്യസ്തമായ ഒരു തൊഴില്‍ കണ്ടുപിടിച്ച വ്യക്തിയാണ് എലി.  സിനിമയെ കൂടാതെ കൃത്യമായ മുന്നൊരുക്കമില്ലാത്ത എന്നെ കൃത്യമായ ഒരു പാതയിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് എലിക്കാണ്. 


 തമ്മില്‍ ഏറെ  ഇഷ്ടപ്പെടുന്നത്

എല്ലാം വളരെ  പ്ലാന്‍ ചെയ്ത് മുന്നോട്ടു നീങ്ങുന്ന ഒരാളാണ് എലി.  അതിനെ ഞാന്‍ അത്രയധികം ബഹുമാനിക്കുന്നുമുണ്ട്. ഉണ്ടായിരുന്ന ജോലിയില്‍ നിന്ന് തെന്നി മാറി തികച്ചും വ്യത്യസ്തമായ ഒരു ജോലി കണ്ടെത്തിയാളാണ് . ദീര്‍ഘദൃഷ്ടിയോടും പക്വതയോടുമെല്ലാം, ഇഷ്ടത്തേക്കാള്‍ ബഹുമാനമാണ് തനിക്ക് തോന്നുന്നത്.  രണ്ടുപേരും അവരവരുടെ പാഷന്‍  തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നവരാണ്. അതു തന്നെയാണ്  തമ്മിലുള്ള ഏറ്റവും വലിയ ഇഷ്ടം. മാത്രമല്ല യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. ഒറ്റയ്ക്കും അല്ലാതെയും ഒരുമിച്ചും യാത്ര പോകാന്‍ ഇഷ്ടമാണ്.  അതുപോലെ തന്നെയാണ്  സിനിമ കാണാനും വിലയിരുത്താന്നും ഒത്തിരി ഇഷ്ടമാണ്. 

സിനിമയെ സപ്പോര്‍ട്ട് ചെയ്യാറുണ്ടോ? 

 സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് എലി.   ഓരോ കഥയും തെരഞ്ഞെടുക്കുമ്പോള്‍  അതു  പറഞ്ഞു കേള്‍പ്പിക്കും.  ചില കഥ കേള്‍ക്കുമ്പോള്‍ കൊള്ളാം എന്നൊക്കെ പറയും.  എലിക്ക് എപ്പോഴും സിനിമ കാണാന്‍ ഇഷ്ടമാണ്.  നല്ലൊരു പ്രേക്ഷകയാണ്. എന്നാല്‍ സിനിമാ ലോകത്തേക്ക് കടന്നു വരണമെന്നോ ചെയ്യണമെന്നോ അങ്ങനെ ഒരിഷ്ടമുള്ള ഒരാളല്ല.  പാട്ടുകളും അതിന്റെ വരികളും കേള്‍പ്പിച്ചു കൊടുക്കാറുണ്ട്.  ലൊക്കേഷനിലും ഒരുതവണ മാത്രമേ വന്നിട്ടുള്ളു.  പൊതുജന ശ്രദ്ധ പിടിച്ചു പറ്റണമെന്നൊന്നും എലിക്കില്ല. 


 വിവാഹം

 ജൂലൈ മുപ്പത്തിയൊന്നിനായിരുന്നു വിവാഹ നിശ്ചയം. കോട്ടയം തോട്ടക്കാട് മാര്‍പ്രേം പള്ളിയിലായിരുന്നു. ഓആഗസ്റ്റ് 17 സുല്‍ത്താന്‍ ബത്തേരി സെന്റ്  മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.   ഫാ. ജോസഫിന്റെ കാര്‍മ്മികത്വത്തിലായിരിക്കും വിവാഹം.

 വിവാഹ വസ്ത്രം

വെള്ള ഗൗണ്‍ ആണ് എലിയുടെ വേഷം. ആഷ് നിറത്തിലുള്ള കോട്ടും സ്യൂട്ടും ടൈയുമാണ് തന്റെ വേഷം. വയനാട്ടുകാരിയായ സ്റ്റെഫിയാണ് കോസ്റ്റ്യൂം ഡിസൈനൈര്‍. 

 റിസപ്ഷന്‍, ഹണിമൂണ്‍

വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. അന്നത്തെ ഫംങ്ഷന്‍ മാത്രമേ ഉള്ളു.  ഹണിമൂണൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. വിവാഹത്തിന് ശേഷം ഇരുവരും ജോലിയില്‍ തുടരാനാണ് താല്‍പര്യം. അതുകൊണ്ടു തന്നെ വിവാഹ ശേഷം ചെന്നൈയിലേക്ക്  മാറാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

കുടുംബം

സുല്‍ത്താന്‍ ബത്തേരി  സെന്റ് മേരീസ് യാക്കോബ പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ഞാന്‍.  ചേച്ചിയുണ്ട്, ഷിന്‍‍റ്റി എന്നാണ് പേര്.  ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.  വീട്ടില്‍ സിനിമാ പശ്ചാത്തലമുള്ള ആരുമില്ല. അച്ഛന്‍ പുരോഹിതനായതു കൊണ്ടു തന്നെ സിനിമ കാണുന്നതില്‍ പരിമിതികളുണ്ട്.  ചെറുപ്പത്തിലെ എനിക്കു സിനിമയോടു ഒരു ആവേശമുണ്ടായിരുന്നു. തിരുവനന്തപുരത്ത് എന്‍ജിനീയറിങ് പഠനകാലത്ത് സുഹൃത്തുക്കളുമായി ചേര്‍ന്നു  ചെറിയ പരിപാടികളൊക്കെ ചെയ്തിരുന്നു. അത് ക്ലിക്കായി.  അങ്ങനെയായിരുന്നു സിനിമയോടുള്ള അടുപ്പം. 

click me!