സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

By Web DeskFirst Published Oct 24, 2017, 11:40 AM IST
Highlights

ചെന്നൈ: സംവിധായകന്‍ ഐ.വി.ശശി(69)അന്തരിച്ചു. ചെന്നൈ സാലിഗ്രാമിത്തിലെ വസതിയില്‍വെച്ച് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍  അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ വി ശശിയെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ആലോചനയിലിരിക്കെയാണ് മരണം അപ്രതീക്ഷിത അതിഥിയായി കടന്നുവരുന്നത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.1968-ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹസം‌വിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

ഇരുപത്തിഏഴാം വയസ്സില്‍ ആദ്യ ചിത്രം സം‌വിധാനം ചെയ്തുവെങ്കിലും ഇതില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരുന്നില്ല. ഉമ്മര്‍ നായകനായ ഉത്സവം ആണ് ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചിത്രം. ഇതിനുശേഷം അഭിനന്ദനം, അനുഭവം, ഇതാ ഇവിടെവരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, തുഷാരം, അഹിംസ, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, ഇടനിലങ്ങള്‍, 1921, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു അവളുടെ രാവുകള്‍ . സിനിമയില്‍ തന്റേതായ ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ തന്നെ വേറിട്ടു നില്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു.

രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.1982-ല്‍ ആരൂഡമെന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് പീന്നീട് ജീവിത സഖിയായ സീമയെ ഐ വി ശശി കണ്ടുമുട്ടുന്നത്. അതിനുശേഷം ഐ വി ശശിയുടെ ഒരുപാട് സിനിമകളില്‍ സീമ നായികയായി. മുപ്പതോളം സിനിമളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

അടുത്ത സുഹൃത്തിനെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെയാണ് നഷ്ടമായതെന്ന് നടൻ കമൽഹാസൻ അനുസ്മരിച്ചു. മകൾ അനു നാളെ ഉച്ചയോടെ ഓസ്ട്രേലിയയിൽ നിന്ന് ചെന്നൈയിലെത്തിയ ശേഷം നാളെ വൈകിട്ടോടെയാകും ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകൾ ചെന്നൈ പോരൂർ ശ്മശാനത്തിൽ നടക്കുക.

 

 

click me!