ഈ വർഷം ഇന്ത്യൻ സിനിമയിൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. 'രാമായണ', 'ദൃശ്യം 3', 'പേട്രിയറ്റ്', 'ടോക്സിക്', 'ജയിലർ 2' എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു വർഷമാണ് കടന്നുപോയത്. ഇന്ത്യൻ സിനിമയിൽ പല ഭാഷകളിലും കലാപരമായും വാണിജ്യപരമായും മികവ് പുലർത്തിയ ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങുകയുണ്ടായി. മലയാളം പോലെയുള്ള താരതമ്യേന ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ലോക പോലെയുള്ള സിനിമകൾ പിറവിയെടുത്തത് ആഖ്യാനത്തിലും മറ്റും ഇനിയും പരീക്ഷണങ്ങൾ നടത്താനുള്ള ഊർജം കൂടിയാണ് ഇന്ഡസ്ട്രിക്ക് നൽകുന്നത്. വളരെ ഹൈപ്പോടെ വന്നുകൊണ്ട് സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രങ്ങളെയും കഴിഞ്ഞ വർഷം കണ്ടു. ഈ വർഷം പതിവ് പോലെ വിവിധ ഭാഷകളിൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏതൊക്കെയാണ് ആ ചിത്രങ്ങൾ എന്ന് നോക്കാം.
രാമായണ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഒരുങ്ങുന്നത്. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയുടെ എത്തുന്ന ചിത്രത്തിൽ രാവണനായി യാഷും എത്തുന്നുണ്ട്. കൂടാതെ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എആർ റഹ്‌മാനോടൊപ്പം ലോക സംഗീതത്തിലെ അതുല്യ പ്രതിഭ ഹാൻസ് സിമ്മറും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ശ്രീധർ രാഘയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആദ്യഭാഗം ഈ വർഷത്തെ ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വര്ഷവുമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 875 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്നത്.

ജന നായകൻ
തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് വിജയ്. കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ്‌യുടെ ജന നായകൻ എത്തുന്നത്. എച്ച് വിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരു ആമുഖമെന്ന നിലയിലുള്ള ഒരു പൊളിറ്റിക്കൽ ടൂളായും വിലയിരുത്തുന്നവർ നിരവധിയാണ്. കഹ്‌സീൻജ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നതും അതാണ്. തീരൻ അധികാരം ഒൻട്രു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോദ്. മലയാളത്തിൽ നിന്നും മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി ഒൻപതിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ടോക്സിക്
ഏറെ ചർച്ച ചെയ്യപ്പെട്ട കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്'. മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം മാർച്ച് 19 നാണ് തിയേറ്ററുകളിൽ എത്തുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
ദൃശ്യം 3
മലയാളത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങൾക്ക് വലിയ പ്രേക്ഷക നിരൂപക പ്രശംസകൾ നേടാൻ സാധിച്ചത് കൊണ്ട് തന്നെ മൂന്നാം ഭാഗത്തിനും ചെറുതല്ലാത്ത ഹൈപ് നിലനിൽക്കുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതും ചിത്രത്തെ സംബന്ധിച്ച് വലിയ വാര്ത്തയായിരുന്നു. മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ വർഷം പുറത്തിറങ്ങും.
പേട്രിയറ്റ്
മലയാളത്തിലെ മറ്റൊരു പ്രധാന പ്രോജക്ട് ആണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേട്രിയറ്റ്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവരെക്കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
കിംഗ്
പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദുമായി ഷാരൂഖ് ഖാൻ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കിംഗ്. ദീപിക പദുകോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷാരൂഖിന്റെ മകൾ സുഹാന ഖാനും ഈ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം നടത്തുന്നുണ്ട്. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തട്അങ്ങീ വമ്പൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കിംഗ് ഈ വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദ രാജ സാബ്
പ്രഭാസിന്റെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ദ രാജ സാബ് ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തുകയാണ്. പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന് സിനിമ പ്രേമികൾക്കിടയിൽ വമ്പൻ ഹൈപ്പ് ആണ് നിലനിൽക്കുന്നത്. ഹൊറർ - ഫാന്‍റസി ഴോണ്റെയിലാണ് ചിത്രമെത്തുന്നത്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചാണ് ചിത്രമെത്തുന്നത്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം തരംഗമായി കഴിഞ്ഞിട്ടുണ്ട്. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
ജയിലർ 2
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ 2. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം രണ്ടാം ഭാഗത്തിലും തുടരാനാവുമോ എന്നതാണ് ചിത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തിൽ നിന്നും മോഹൻലാൽ രണ്ടാം ഭാഗത്തിലും മാത്യു എന്ന കഥാപാത്രമായി എത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
അരസൻ
വട ചെന്നൈ യൂണിവേഴ്‌സിൽ വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് അരസൻ. സിമ്പുവാൻ ചിത്രത്തിൽ നായകനായി എത്തുന്നത്. വട ചെന്നൈ എന്ന ചിത്രത്തിന്റെ പ്രീക്വൽ ആയിട്ടായിരിക്കും ചിത്രമെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ആടുകളം, വടചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങീ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരൻ സിബുവിനെ നായകനാക്കി ചിത്രമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന് വലിയ സ്വീകാര്യതെയാണ് ലഭിച്ചത്. വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും വടക്കൻ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരൻ എത്തുമ്പോൾ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്. റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ വളരെ വലിയ ബഡ്ജറ്റിലാവും ചിത്രമൊരുങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്.
മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം
ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ഉണ്ട എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി- ഖാലിദ് റഹ്‌മാൻ ഒന്നിക്കുന്ന ചിത്രമാണ് മലയാളത്തിലെ ഏറ്റവും വലിയ പ്രതീക്ഷ നൽകുന്ന സിനിമകളിൽ ഒന്ന്. ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് വന്നത്. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്. ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്. ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.



