'കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞങ്ങള്‍ അക്ഷമരായിരുന്നു'; വിക്രം വേദയ്‍ക്ക് ഒരു വയസ്

First Published Jul 21, 2018, 3:16 PM IST
Highlights

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ സമ്പാദിച്ച് ബോക്സ്ഓഫീസില്‍ വിജയം നേടിയ ചിത്രം

സംവിധായക ദമ്പതികളായ പുഷ്കര്‍ ഗായത്രിയുടെ മൂന്നാം ചിത്രം. വിക്രമായി മാധവനും വേദയായി വിജയ് സേതുപതിയും എത്തിയ ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ സമ്പാദിച്ച് ബോക്സ്ഓഫീസില്‍ വിജയം കൊയ്തു. 2017 ജൂലൈ 21നാണ് സിനിമ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തിയത്. തങ്ങള്‍ക്ക് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയ ചിത്രത്തിന്‍റെ ഒന്നാം പിറന്നാളിന് റിലീസ് ദിനത്തിലെ മാനസികാവസ്ഥ ഓര്‍ത്തെടുക്കുകയാണ് പുഷ്‍കറും ഗായത്രിയും.

കഴിഞ്ഞ വര്‍ഷം ഇതേസമയം വിക്രം വേദയുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായത്തിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു തങ്ങള്‍ ഇരുവരും ഒപ്പം മറ്റ് അണിയറക്കാരുമെന്ന് പുഷ്കറും ഗായത്രിയും. നിര്‍മ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് പുറത്തുവിട്ട ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷിക പോസ്റ്ററിനൊപ്പം ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം.

ഓരം പോ, വ-ക്വാര്‍ട്ടര്‍ കട്ടിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള പുഷ്കര്‍-ഗായത്രി ചിത്രമായിരുന്നു വിക്രം വേദ. ആദ്യ രണ്ട് ചിത്രങ്ങളും ചെന്നൈ നഗരം പശ്ചാത്തലമാക്കിയ സ്ട്രീറ്റ് കോമഡികള്‍ ആയിരുന്നുവെങ്കില്‍ നിയോ-നോയര്‍ ഗണത്തില്‍ പെടുത്താവുന്ന ആക്ഷന്‍ ത്രില്ലറായിരുന്നു വിക്രം വേദ. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും ഗംഭീര പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്ക് മാത്രം നാല് വര്‍ഷം ചെലവഴിച്ചെന്ന് പുഷ്ടകര്‍-ഗായത്രി പറഞ്ഞിരുന്നു.

click me!