ഒരു മതത്തെ മാത്രം ഉന്നം വെയ്ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു; നടി തപ്സി പന്നു

By Web DeskFirst Published Jul 10, 2018, 1:47 PM IST
Highlights
  • വ്യക്തിജീവിതത്തെപോലും സാരമായി ബാധിക്കുന്നു
  • ആരെങ്കിലും എഴുന്നേറ്റു നിന്ന് സംസാരിക്കണം

മുംബൈ: ഒരു മതത്തെ മാത്രം ഉന്നം വെയ്ക്കുന്നത് അസ്വസ്ഥതയുളവാക്കുന്നതായി ചലച്ചിത്രതാരം തപ്സി പന്നു. തന്റെ ഏറ്റവും പുതിയ ചിത്രം 'മുൾക്'നെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. "തന്റെ മാനേജർ, ഡ്രൈവർ, വീട്ടു ജോലിക്കാരി തുടങ്ങിയവരെല്ലാം മുസ്സീം സമു​ദായക്കാരാണ്. അവർ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു മതത്തെ മാത്രം ഉന്നം വെയ്ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇത് വ്യക്തിജീവിതത്തെപോലും സാരമായി ബാധിക്കുന്നതായും" താരം വ്യക്തമാക്കി.
 
"ഈ പ്രശ്നത്തെക്കുറിച്ച് ആരെങ്കിലും എഴുന്നേറ്റു നിന്ന് സംസാരിക്കണമെന്ന് തോന്നിയതുകൊണ്ടാണ് അതിന്റെ ഉത്തരവാദിത്വം താൻ തന്നെ ഏറ്റെടുത്തത് . മുസ്ലീങ്ങളോടുള്ള സമീപനം വ്യക്തമാക്കുന്ന ചിത്രമാണ് മുൾ‌ക്. അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും" താരം കൂട്ടിച്ചേർത്തു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട വരാണാസിയിലെ ഒരു മുസ്ലീം കുടുംബത്തിലുണ്ടായ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് മുള്‍ക്. ചിത്രത്തില്‍ തപ്‌സി പന്നുവും റിഷി കപൂറും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരതി മുഹമ്മദ് എന്ന അഭിഭാഷകയുടെ വേഷമാണ് തപ്‌സി കൈകാര്യം ചെയ്യുന്നത്. മുര്‍ദ് അലി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് റിഷി കപൂര്‍  അവതരിപ്പിക്കുന്നത്.

റിഷി കപൂറിന്റെ മകനായി പ്രതീക് ബാബറാണ് വേഷമിടുന്നത്. രജത് കപൂര്‍, മനോജ് പഹ്വ, നീന ഗുപ്ത, അശുതോഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  തും ബിന്‍, ദസ്, രാവൺ എന്നീ സിനിമകളിലൂടെ പ്രശസ്തനായ അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബനാറസ് മീഡിയ വര്‍ക്‌സിന്റെയും സോഹം റോക്‌സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഓഗസ്റ്റ് 3ന് ചിത്രം തിയേറ്ററുകളിലെത്തും.

click me!