'ഈ കാഴ്ചപ്പാട് ആത്മഹത്യാപരം'; ഐഎഫ്എഫ്‌കെ ഒഴിവാക്കിയ തീരുമാനത്തിനെതിരേ ഡോ ബിജു

Published : Sep 04, 2018, 11:38 PM ISTUpdated : Sep 10, 2018, 03:23 AM IST
'ഈ കാഴ്ചപ്പാട് ആത്മഹത്യാപരം'; ഐഎഫ്എഫ്‌കെ ഒഴിവാക്കിയ തീരുമാനത്തിനെതിരേ ഡോ ബിജു

Synopsis

'യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവില്‍ കലകളെയും കലാസദസ്സുകളെയും കലാപ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്'

യുവജനോത്സവവും അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമടക്കം അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സാംസ്‌കാരികമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാരില്‍ നിന്ന് ഫണ്ട് വാങ്ങുന്നതുമായ ആഘോഷപരിപാടികള്‍ റദ്ദാക്കുന്നതായി പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. തീരുമാനം ഉദ്യോഗസ്ഥതലത്തിലെ പിഴവാണെന്നായിരുന്നു മന്ത്രി എ.കെ.ബാലന്‍ പരസ്യമായി വിമര്‍ശനമുന്നയിച്ചത്. ഒഴിവാക്കിയവയുടെ കൂട്ടത്തില്‍ കേരളത്തിന്റെ അഭിമാനമേളയായ ഐഎഫ്എഫ്‌കെയെയും ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തി അറിയിക്കുകയാണ് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. ഒരു ദുരന്തത്തെ അതിജീവിക്കാന്‍ എല്ലാത്തരം കലകളെയും ഒഴിവാക്കണമെന്ന കാഴ്ചപ്പാട് ആത്മഹത്യാപരമാണെന്ന് കുറിക്കുന്നു ഡോ ബിജു. ഒപ്പം അത് കലാപരമായ സാംസ്‌കാരികതയുടെ അവസാനം കൂടിയാണെന്നും.

'ഐഎഫ്എഫ്‌കെ ഒഴിവാക്കുകയായിരുന്നില്ല വേണ്ടത്'

ഒരു ദുരന്തത്തെ അതി ജീവിക്കാന്‍എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല കലാപരമായ സാംസ്‌കാരികതയുടെ അവസാനം കൂടിയാണ്. ലോക ചരിത്രത്തിലെമ്പാടും എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക് വലുതായിരുന്നു എന്ന് കാണാം. കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല. യുദ്ധങ്ങളുടെയും , കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവില്‍ കലകളെയും കലാസദസ്സുകളെയും, കലാപ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അത് നമ്മള്‍ പിന്തുടരുന്നത് വലിയ സാംസ്‌കാരിക അപചയം തന്നെയാണ്. കേരളത്തിന്റെ അഭിമാനമായ ഈ കലാ മേള ദുരന്തത്തിന്റ്‌റെ പശ്ചാത്തലത്തില്‍ എങ്ങിനെ ഒരു ജനതയുടെ അതി ജീവനത്തിന്റെ അടയാളപ്പെടുത്തല്‍ ആയി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും എന്ന സാധ്യത ആരായാതെ ഇത് നിര്‍ത്തി ആ പണം ആശ്വാസ നിധിയില്‍ ഇട്ടേക്കൂ എന്ന ലളിതവല്‍ക്കരണത്തിലേക്ക് പോകുന്നത് ശരിയല്ല. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്തിയ ശേഷം മേള നടത്താന്‍ എന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന അന്വേഷണം നടത്താതെ മേള ഉപേക്ഷിക്കുന്നത് ഒട്ടും ആശാവഹമായ ഒരു സമീപനം അല്ല.


കലയെ മനുഷ്യന്റെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കാനും അതിജീവനത്തിന് പ്രേരിപ്പിക്കാനും പറ്റുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുക ആണ് വേണ്ടത്.
കേരളത്തിന്റെ കലാ രംഗത്ത് അന്തര്‍ദേശീയമായി അടയാളപ്പെടുത്തുന്നതും ലോക ശ്രദ്ധ നേടിയിട്ടുള്ളതുമായ ഒരേ ഒരു പരിപാടി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ആണ്. ലോക ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ഒരു ഇടം ഈ മേളയ്ക്കുണ്ട്. പ്രളയാനന്തരം ഈ മേള നടത്താന്‍ നമുക്ക് ആവുന്നില്ല എന്നത് ലോകത്തിന് മുന്നില്‍ നല്‍കുന്ന അര്‍ത്ഥം കേരളം ദുരന്തത്തില്‍ കലാപരമായി പോലും പാടേ തകര്‍ന്നു പോയി എന്നതാണ്. ഡിസംബറില്‍ നടക്കേണ്ട മേള നടക്കാതിരിക്കുമ്പോള്‍ പൊതുവായി ഉണ്ടാകുന്ന ഒരു കാഴ്ചപ്പാട് 4 മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളം അതിജീവനത്തിന്റെ പാതയിലേക്ക് എത്തിയില്ല എന്നതാണ്. ചലച്ചിത്ര മേള ഉപേക്ഷിക്കുക , അതിന് ചിലവാക്കുന്ന അഞ്ച് കോടി രൂപ ആശ്വാസ ഫണ്ടിലേക്ക് കൊടുക്കുക എന്നത് തീര്‍ത്തും എളുപ്പമായ ഒരു നടപടിയാണ്. പക്ഷെ മറിച്ച് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ഈ ചലച്ചിത്ര മേള മുടങ്ങാതെ നടത്തിയാല്‍ ഈ പ്രളയ ദുരന്തത്തെ നേരിടുന്ന ജനതയുടെ തളരാത്ത കലാപാരമ്പര്യത്തിന്റെ ഒരു അടയാളപ്പെടുത്തലായി നമുക്ക് മാറ്റാന്‍ സാധിച്ചാല്‍ അത് മറ്റൊരു പോസിറ്റിവ് ആയ ചിന്ത ആണ്. ലോക സമൂഹം ശ്രദ്ധിക്കുന്ന കേരളത്തിലെ ഒരേ ഒരു അന്താരാഷ്ട്ര മേള എന്ന നിലയില്‍ പ്രളയവും തുടര്‍ന്നുള്ള നമ്മുടെ അതിജീവന ശ്രമങ്ങളും ലോകത്തിന് മുന്‍പില്‍ ശ്രദ്ധാകേന്ദ്രമാക്കാനുള്ള ഒരു വേദി കൂടിയായി നമുക്ക് ഈ മേളയെ മാറ്റിയെടുക്കാന്‍ സാധിക്കും. ചലച്ചിത്ര മേളകള്‍ തങ്ങളുടെ രാജ്യത്തെ യുദ്ധത്തെയും കലാപത്തെയും ദുരന്തത്തെയും ചെറുക്കുന്നതിലും അതി ജീവിക്കുന്നതിലും വഹിച്ച പങ്ക് നിരവധി ആണ്.

കേരള ചലച്ചിത്ര മേള ഈ വര്‍ഷം നമ്മുടെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കുക അല്ല വേണ്ടത് , മറിച്ചു മേളയെ നമ്മുടെ അതിജീവനത്തിന് ഉപയോഗപ്പെടും വിധം ലോക ശ്രദ്ധാകേന്ദ്രം ആക്കുകയാണ് വേണ്ടത്. ഈ മേളയെ പ്രളയ അതിജീവനത്തിന് കല ഉപയോഗിച്ചുള്ള ഒരു പൊട്ടെന്‍ഷ്യല്‍ ഇവന്റ്‌റ് ആക്കി ഉയര്‍ത്തുവാന്‍ നമുക്ക് ആകും. ഒരു നാടിന്റെ അതിജീവനത്തിന് കലയെ എങ്ങനെ സൂക്ഷ്മമായി കലാപരമായി ഉപയോഗപ്പെടുത്താം എന്നതിന് ലോകത്തിന് തന്നെ മാതൃക ആകാന്‍ നമുക്ക് സാധിക്കും. അതിനുള്ള ഒരു അവസരം കൂടിയാണ് നമുക്ക് മുന്നില്‍ ഇപ്പോഴുള്ളത്.ഒരു കാര്യം വേണ്ട എന്ന് വെക്കുന്നത് എളുപ്പമാണ്, യാതൊരു ധീരതയും അതിന് ആവശ്യമില്ല. പക്ഷെ പ്രതികൂലമായ ഒരു അവസ്ഥയില്‍ ഒരു കലാമേളയെ എങ്ങനെ അതിജീവനത്തിന് സഹായകരമായി റീ ഡിസൈന്‍ ചെയ്യാം എന്ന ചിന്തയാണ് ഉണ്ടാവേണ്ടത്. അതാണ് പോസിറ്റിവ് ആയി മാറേണ്ടത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ എല്ലാവരും കൂടി അങ്ങിറങ്ങുക അല്ലേ എന്ന വാക്കുകള്‍ എല്ലാ മേഖലയ്ക്കും ബാധകമാണ്. കലയും അതില്‍ ഉള്‍പ്പെടും... ചലച്ചിത്ര മേള ഈ പ്രത്യേക സാഹചര്യത്തില്‍ അതിജീവനത്തിന്റെ പതാക വാഹകമായി എങ്ങനെ മാറ്റി മറിക്കാം എന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

1. ഒരു ചലച്ചിത്ര മേളയെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷം നിര്‍ത്തി വെക്കുക എന്നത് കേവലം സാങ്കേതികമായ ഒരു കാര്യം മാത്രമല്ല. ലോക ചലച്ചിത്ര മേളകളുടെ ഭൂപടത്തില്‍ നമ്മുടെ മേളയുടെ അക്രിഡിറ്റേഷനെ പോലും ബാധിക്കാന്‍ ഇടയുള്ള ഒന്നാണ്. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ കൊണ്ടാണ് നമ്മുടെ മേളയ്ക്ക് അന്താരാഷ്ട്ര മേളകളില്‍ FIAPF അക്രിഡിറ്റേഷന്‍ ഉള്ള സ്പെഷ്യലിസ്റ്റ് കോംപറ്റിഷന്‍ മേളകളില്‍ ഒന്ന് എന്ന സ്ഥാനം നിലനിര്‍ത്തുന്നത് .24 മേളകള്‍ക്ക് മാത്രമാണ് ലോക രാജ്യങ്ങകളില്‍ നിന്നും ഈ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുള്ളത് എന്നത് തന്നെ അതിന്റെ അന്താരാഷ്ട്ര പ്രാധാന്യം വെളിപ്പെടുത്തുമല്ലോ. എന്ത് കാരണത്തിന്റെ പേരിലായാലും ഒരു വര്‍ഷം മേള നിര്‍ത്തി വെക്കുക എന്നത് ഈ അംഗീകാരം ഇല്ലാതാവാനും, അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ഇടയില്‍ നമ്മുടെ ഫെസ്റ്റിവലിന്റെ മൂല്യം ഇല്ലാതാവുകയും ചെയ്യാനുള്ള സാധ്യത സൃഷ്ടിക്കും.
ഇത് ഇത്ര നാള്‍ നമ്മള്‍ കെട്ടിപ്പടുത്തു കൊണ്ടുവന്ന മേളയുടെ അന്തര്‍ദേശീയ മൂല്യത്തിന് വലിയ തോതില്‍ ഇടിവ് വരുത്തും.

2. മേള റീഡിസൈന്‍ ചെയ്താല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാല്‍ കുറച്ചു തുക കുറയ്ക്കാന്‍ സാധിക്കും.
ഉദ്ഘാടന സമാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളും ആര്ഭാടങ്ങളും ഒഴിവാക്കാം,
മേളയുടെ പ്രചരണ പരിപാടികള്‍ ആയ ഫ്‌ലെക്‌സുകള്‍ ബോര്‍ഡുകള്‍ എന്നിവ കഴിയുന്നത്ര കുറയ്ക്കുക

3. ഇപ്പോള്‍ മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഫീസ് 650 രൂപ ആണ്. ഈ ഒരു വര്‍ഷം അത് 1500 രൂപ ആക്കുക. ഏതാണ്ട് 15000 ത്തോളം ഡെലിഗേറ്റ് ആണ് കേരള മേളയില്‍ രെജിസ്റ്റര്‍ ചെയ്യുന്നത്. 1500 X 15000 = 2,2500000 (രണ്ടു കോടി ഇരുപത്തി അഞ്ചു ലക്ഷം രൂപ ഇതില്‍ നിന്നും ലഭിക്കും. ഇതിന് പുറമെ ഏതാനും സ്‌പോണ്‌സര്‍മാര്‍ കൂടി ലഭ്യമായാല്‍ മേള ഈ വര്‍ഷം സര്‍ക്കാര്‍ ഫണ്ട് ഇല്ലാതെ തന്നെ നടത്താന്‍ സാധിക്കും. സിനിമ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹമുള്ള സിനിമാ സ്‌നേഹികള്‍ 1500 രൂപ ആയാലും ഇത്തവണ എത്തും. പ്രത്യേകിച്ചും പ്രളയ ദുരന്ത അതിജീവനത്തിന് മേളയുടെ സര്‍ക്കാര്‍ ഫണ്ട് ദുരിതാശ്വാസ നിധിയില്‍ കൊടുത്ത ശേഷം പ്രേക്ഷക സഹകരണത്തോടെ മേള നടത്തുന്നു എന്ന ജനകീയ കാഴ്ചപ്പാടില്‍.

4.സാധാരണ എല്ലാ വര്‍ഷങ്ങളിലും മീഡിയ പാസ്, ഒഫിഷ്യല്‍ പാസ്, എന്നിവ ഫ്രീ ആണ്. ഇത് കൂടാതെ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും ഓഫീസുകളില്‍ കൊടുക്കുന്ന പാസുകള്‍, രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും ചില സംഘടനകള്‍ക്കും കൊടുക്കുന്ന പാസുകള്‍ എന്നിവയും സൗജന്യമാണ്. ഇത്തവണ അത്തരത്തില്‍ ഒരു പാസ് പോലും സൗജന്യമായി നല്‍കാതിരിക്കുക . ക്ഷണിച്ചു വരുന്ന സിനിമകളുടെ അതിഥികളും വിദേശത്ത് നിന്ന് എത്തുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമേഴ്സ് , ഫിലിം സെലക്ടേഴ്സ് എന്നിവര്‍ ഒഴികെ എല്ലാവരുടെയും പാസുകള്‍ ഫീസ് ഈടാക്കി മാത്രം നല്‍കുക

5. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ നല്‍കേണ്ടതില്ല എന്ന് തീരുമാനിക്കുക. അതിന് വകയിരുത്തിയ 10 ലക്ഷം രൂപ ആശ്വാസ നിധിയിലേക്ക് വകയിരുത്തുക.

6. മേളയുടെ പ്രധാന വേദികളില്‍ എല്ലാം തന്നെ ഓരോ ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിങ് ബോക്‌സുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാവുന്നതാണ്.

7.ഫെസ്റ്റിവല്‍ വെബ് സൈറ്റ് റീ ഡിസൈന്‍ ചെയ്യുക. പ്രളയവും അതിജീവന പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ പ്രധാനമായി ശ്രദ്ധിക്കുന്ന തരത്തില്‍ ഉണ്ടാകണം. ദുരിതാശ്വാസ നിധിയുടെ ബാങ്ക് ഡീറ്റയില്‍സും പരസ്യപ്പെടുത്തണം. (ചില വിദേശ ചലച്ചിത്ര മേളകളും, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയും ഒക്കെ ഇതിനോടകം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ ശ്രമം തുടങ്ങിയതും ശ്രദ്ധിക്കുമല്ലോ)

8. പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യന്റെ അതിജീവനം എന്നിവ പ്രേമേയമാക്കിയ സിനിമകളുടെ ഒരു പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്താവുന്നതാണ്.

9. ചലച്ചിത്ര മേളയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും മുന്‍പേ തന്നെ പൂര്‍ത്തിയായതാണ്.അതു കൊണ്ടു തന്നെ മേളയുടെ നടത്തിപ്പിന് വലിയ മുന്നൊരുക്കങ്ങള്‍ ഇനി ആവശ്യമില്ല

ചലച്ചിത്ര മേള കേവലം ഒരു ആഘോഷമാണ് എന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ചലച്ചിത്ര മേള ഒരു ദേശത്തിന്റെ കലാസാംസ്‌കാരികതയുടെ ലോക ഭൂപടത്തിലേക്കുള്ള അടയാളപ്പെടുത്തല്‍ ആണ്. കലയുടെ മാനവികതയും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു അന്താരാഷ്ട്ര വേദിയാണ്. അതിനെ കേവലം ഒരു ആഘോഷം എന്ന നിലവാരത്തില്‍ വിലയിരുത്തുന്നത് കൊണ്ടാണ് ഇത് നിര്‍ത്തിയേക്കാം എന്ന കേവല യുക്തിയില്‍ ഭരണ കൂടം എത്തിച്ചേരുന്നത്. ഏത് ദുരന്തത്തെയും അതിജീവിക്കാന്‍ മനുഷ്യനെ സമൂഹികപരമായും രാഷ്ട്രീയപരമായും പ്രാപ്തനാക്കുന്നതില്‍ കലയ്ക്കുള്ള പങ്ക് വലുതാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ പല ഭരണകൂടങ്ങളും ചലച്ചിത്ര മേളകളെ പല കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഒന്നുകില്‍ ഇല്ലാതാക്കാനോ അല്ലെങ്കില്‍ തങ്ങളുടെ വരുതിക്ക് കൊണ്ടു വരാനോ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളത്. കലയെ ഇല്ലാതാക്കാന്‍ വളരെ എളുപ്പമാണ്..പക്ഷെ അത് സൃഷ്ടിക്കുക അത്ര എളുപ്പമല്ല.കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ആഘോഷങ്ങള്‍ നമുക്ക് ഒഴിവാക്കാം. പക്ഷെ കലയെ ഒരു കാരണവശാലും ഒഴിവാക്കരുത്.

പ്രശസ്തമായ കാന്‍ ചലച്ചിത്ര മേള 21 വര്‍ഷം പിന്നിട്ടപ്പോള്‍ 1968 ല്‍ മേള തുടങ്ങിയ ശേഷം നിര്‍ത്തി വെക്കുക ഉണ്ടായിട്ടുണ്ട്. ഗോദാര്‍ദും ത്രൂഫോയും ഫ്രാന്‍സിലെ തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും സമരത്തിനോട് അനുഭാവം പുലര്‍ത്തി മേള നിര്‍ത്തി വെയ്പ്പിക്കുക ആയിരുന്നു അന്ന്. രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെങ്കിലും ദുരന്തം തളര്‍ത്തിയ ഒരു ജനതയുടെ മാനവികമായ ഐക്യപ്പെടലുകള്‍ക്കായി അതിജീവന സാക്ഷ്യത്തിന് ഒപ്പം നില്‍ക്കാന്‍ എല്ലാ കലകള്‍ക്കും സാധിക്കണം. അതു കൊണ്ടുതന്നെ മനുഷ്യന്റെ അതിജീവനത്തിന്റെ കഥകളുമായി ലോകശ്രദ്ധ ആകര്‍ഷിച്ച് ഈ വര്‍ഷവും കേരള അന്താരാഷ്ട്ര മേള ഇവിടെ ഉണ്ടാകണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്