
ദില്ലി: മലാലാ യൂസഫിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമ 'ഗുൽ മക്കായ്'യുടെ ടീസര്‍ പുറത്തുവിട്ടു. മലാലയുടെ 21-ാം പിറന്നാൾദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ റീമ സമീർ ഷേഖാണ‌് മലാലയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്.
'ജിഹാദ്' എന്ന വാക്കിന്റെ അർഥം പറഞ്ഞുക്കൊണ്ട് ഒരു ശബ്ദലേഖനത്തോടെയാണ് ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. മലാലയുടെ ബാല്യകാല ജീവിതമാണ് സിനിമയുടെ പ്രമേയം. അംജദ് ഖാൻ സംവിധാനം നിർവ്വഹിച്ച ചിത്രം ടെക്നോ ഫിലിംസിന്റെ ബാനറിൽ സഞ്ജയ് സിംഗ്ലയാണ് നിർമ്മിച്ചിരിക്കുന്നത്. താലിബാൻ ഭരണത്തിൻ കീഴിലെ ജീവിതത്തെക്കുറിച്ച് ഗുൽ മക്കായ് എന്ന അപരനാമത്തിലാണ് മലാല ബിബിസിയുടെ ഉറുദു ബ്ലോഗിൽ എഴുതിയിരുന്നത്.
മലാലയുടെ ഉമ്മയുടെ കഥാപാത്രത്തെ ബോളിവുഡ് താരം ദിവ്യ ദത്തയാണ് അവതരിപ്പിക്കുന്നത്. അതുൽ കുൽക്കർണി, അരിഫ് സക്കറിയ, മുകേഷ് റിഷി, അഭിമന്യു സിങ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അന്തരിച്ച പ്രമുഖ നടൻ ഓംപുരി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിനുവേണ്ടി ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ദേശീയ പുരസ്കാര ജേതാവായ മലയാളി സൗണ്ട് എൻജിനിയർ സനൽ ജോർജാണ് സിനിമയുടെ ശബ്ദസംവിധാനം നിർവഹിച്ചിരിക്കുന്നത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരിൽ വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന പെൺകുട്ടിയാണ് മലാല യൂസഫ്സായി. ഏറ്റവും പ്രായംകുറഞ്ഞ നൊബേൽ പുരസ്കാരജേതാവ്. ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന സിനിമയുടെ ആദ്യദിനത്തെ കലക‌്ഷൻ പൂർണമായി വിദ്യാഭ്യാസ പ്രചാരണത്തിനായുള്ള മലാല ഫണ്ടിലേക്ക് കൈമാറുമെന്ന് സംവിധായകൻ അംജദ്ഖാൻ അറിയിച്ചു.
സിനിമയുടെ ആക‌്ഷൻ രംഗങ്ങൾ ഗുജറാത്തിലെ ഭുജിലാണ് ചിത്രീകരിച്ചത്. 1200 അഭിനേതാക്കൾ ഉൾപ്പെട്ട രംഗങ്ങൾ 16 ക്യാമറകളിലായാണ് പകർത്തിയിരിക്കുന്നത്. സിനിമയുടെ അവസാനഭാഗങ്ങൾ കശ്മീരിലാണ് ചിത്രീകരിച്ചത്. മൂന്നുവർഷത്തിലേറെയായി ചിത്രീകരണത്തിലുള്ള സിനിമ വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. അവസാനമായി ഈ വർഷം ജൂണിൽ ചിത്രം റിലീസിനെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ വിവധ സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടു പോകുകയായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ