ദിലീപ് 'അമ്മ'യ്ക്ക് അഞ്ചരക്കോടി നല്‍കിയെന്ന മഹേഷിന്റെ പരാമര്‍ശം തള്ളി സിദ്ദിഖ്

By Web TeamFirst Published Oct 15, 2018, 4:04 PM IST
Highlights

ദിലീപിനെതിരെ മാത്രമാണ് ആരോപണങ്ങൾ, പ്രതി സുനിൽ കുമാറിനെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സിനിമാ സെറ്റുകളിൽ പരാതി പരിഹാര സമിതി ആവശ്യമില്ല. ആഷിഖ് അബുവിന്‍റെ സെറ്റിൽ ഇത് അനിവാര്യമായിരിക്കുമെന്നും സിദ്ദിഖ് ആരോപിച്ചു.

കൊച്ചി: നടന്‍ ദിലീപ് അമ്മ സംഘടനയ്ക്ക് അഞ്ചരക്കോടി രൂപ നല്‍കിയെന്ന നടന്‍ മഹേഷിന്റെ പരാമര്‍ശം തള്ളി സിദ്ദിഖ്. ''ആര് അഞ്ചരക്കോടി തന്നു? അങ്ങനെയൊന്നും ആര്‍ക്കും നല്‍കാനാവില്ല. അമ്മയ്ക്ക് എല്ലാ അംഗങ്ങളും ഒരു പോലെയാണ്. മഹേഷ് അമ്മയുടെ സാധാരണ അംഗം മാത്രമാണ്.'' അദ്ദേഹം അമ്മയുടെ വക്താവല്ലെന്നും സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് അമ്മ സംഘടനയ്ക്കായി ദിലീപ് അഞ്ചരക്കോടി നല്‍കിയെന്നും ഡബ്ല്യുസിസി എന്തു ചെയ്തെന്നും നടന്‍ മഹേഷ് ചോദിച്ചത്. 

ഡബ്ല്യുസിസി അംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അമ്മ ഭാരവാഹി കൂടിയാ സിദ്ദിഖ് കൊച്ചിയില്‍ നടത്തിയത്. ദിലീപിനെതിരെ മാത്രമാണ് ആരോപണങ്ങൾ, പ്രതി സുനിൽ കുമാറിനെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സിനിമാ സെറ്റുകളിൽ പരാതി പരിഹാര സമിതി ആവശ്യമില്ല. ആഷിഖ് അബുവിന്‍റെ സെറ്റിൽ ഇത് അനിവാര്യമായിരിക്കുമെന്നും സിദ്ദിഖ് ആരോപിച്ചു.

നടിമാർ പറയുന്നതനുസരിച്ച് ദിലീപിന്റെ ജോലി തടയാൻ അമ്മയ്ക്കാവില്ല. സംഘടനയിൽ നിന്ന് പ്രസിഡന്റിനെ ചീത്തവിളിക്കുന്നവർക്കെതിരെ നടപടിയെടുക്കും. രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ലെന്നും പുറത്തുപോയവർ പുറത്തുപോയത് തന്നെയെന്നും സിദ്ദിഖ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

4 പേരേക്കാൾ വലുതാണ് 400 പേരടങ്ങുന്ന സംഘടന. അമ്മ സംഘടനയെ പൊളിക്കാൻ പുറത്തുനിന്ന് ആരെങ്കിലും അഗ്രഹിക്കുന്നുണ്ടെങ്കിൽ നടക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു. ദിലീപ് കഴിഞ്ഞ 10 ന് മോഹൻലാലിന് രാജിക്കത്ത് നൽകിയിട്ടുണ്ട്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി രാജിക്കത്ത് അംഗീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിയെ മുൻനിർത്തി ചിലർ കളിക്കുന്നുവെന്നും. ആക്രമിക്കപ്പെട്ട നടിയെ അമ്മയിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്നും സിദ്ദിഖ് ആരോപിച്ചു. ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു വാര്യരെ കാണാത്തത് എന്തുകൊണ്ടാണെന്നും സിദ്ദിഖ് ചോദിച്ചു. 

click me!