
26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. അതും ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്രയിലെ കേന്ദ്ര കഥാപാത്രമായി. കേരളത്തില്‍ ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആസ്വാദകരും നിരൂപകരും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞു. അത് കേരളത്തിലെ കാര്യം. വൈഎസ്ആര്‍ എന്ന നേതാവ് സ്വാധീനിച്ചിട്ടുള്ള ആന്ധ്രയിലെയും തെലങ്കാനയിലെയും പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടോ? മമ്മൂട്ടിയുടെ രൂപത്തില്‍ സ്‌ക്രീനിലെത്തിയ വൈഎസ്ആറിനെ അവര്‍ അംഗീകരിച്ചോ? ആദ്യദിനത്തിലെ പ്രതികരണങ്ങള്‍ ഇങ്ങനെ..
ട്വിറ്ററിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത് ചിത്രത്തിന്റെ തെലുങ്ക് പ്രേക്ഷകര്‍ക്കും മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് നല്ലതേ പറയാനുള്ളൂ എന്നാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവരും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിക്കുന്നുണ്ട്. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായി കാണുന്നവരുണ്ട് അക്കൂട്ടത്തില്‍. വെങ്കടേഷ് വെങ്കി എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇങ്ങനെ കുറിയ്ക്കുന്നു, 'ആദ്യമായാണ് ഞാനൊരു മമ്മൂട്ടി ചിത്രം കാണുന്നത്. എന്തൊരു പ്രകടനമാണ് സര്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം. തീര്‍ച്ഛയായും കണ്ടിരിക്കേണ്ട ചിത്രമാണ് യാത്ര. ഉള്ളടക്കത്തിനുവേണ്ടിയല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തിനായി കാണേണ്ട സിനിമയാണ് യാത്ര.'
അനുഭവ് റെഡ്ഡി എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ.. 'ഒരു മമ്മൂട്ടി ചിത്രം ഇതിനുമുന്‍പ് കണ്ടിട്ടില്ല. യാത്രയാണ് എന്റെ ആദ്യ മമ്മൂക്ക അനുഭവം. അതും ബിഗ് സ്‌ക്രീനില്‍. ഒരു തെലുങ്ക് നടന്റെ സിനിമ കാണുന്നതുപോലെ തോന്നി. അദ്ദേഹം ജീവിക്കുകയായിരുന്നു.' മമ്മൂട്ടിയുടെ തെലുങ്ക് സംഭാഷണങ്ങള്‍ പിഴവില്ലാത്തതാണെന്നും ആദ്യദിനത്തിലെ പ്രേക്ഷകരില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്രയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.