
ആവാസവ്യൂഹം, പുരുഷപ്രേതം, സംഘർഷഘടന തുടങ്ങീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കൃഷാന്ദ്.
ഇപ്പോഴിതാ അന്തരിച്ച സംവിധായകൻ ഭരതനെ കുറിച്ച് സംസാരിക്കുകയാണ് കൃഷാന്ദ്. ഫിലിം മേക്കിങ്ങിൽ തനിക്ക് പത്മരാജനെക്കാൾ ഇഷ്ടം ഭരതനെയാണെന്നും, ഇമേജിലൂടെ ആംപിയൻസ് സൃഷ്ടിക്കുന്നതായിരുന്നു ഭരതന്റെ ശൈലിയെന്നും കൃഷാന്ദ് പറയുന്നു. കൂടാതെ ഭരതന്റെ വൈശാലി തന്റെ വീട്ടിൽ ഒരുപാട് ആഘോഷിക്കപ്പെട്ട സിനിമയാണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൃഷാന്ദ് വ്യക്തമാക്കി.
"ഭരതനെ ഒരുപാട് ഇഷ്ടമാണ്, എന്റെ വീട്ടിൽ ഒരുപാട് ആഘോഷിക്കപ്പെട്ട സിനിമയാണ് ഭരതന്റെ വൈശാലി. നമ്മുടെ സംഭാഷണങ്ങളിലൊക്കെ എപ്പോഴും വൈശാലി വരും. എനിക്ക് പക്ഷേ താഴ്വാരം ആണ് ഇഷ്ടം. വേറെ വസ്ത്രങ്ങളൊക്കെ ഇട്ട് വൈശാലിയിൽ താരങ്ങൾ നിൽക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നും. ഇപ്പോൾ കാണുമ്പോഴാണ് അത് എത്ര മനോഹരമായ സിനിമയാണെന്ന് തോന്നുന്നത്. അച്ഛൻ ഒരു ഭരതൻ ഫാൻ ആണ്. വെങ്കലം ഒക്കെ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് . ഇമേജിന്റെ ഐഡിയകൾ വരുന്നത് വെങ്കലമൊക്കെ കാണുമ്പോഴാണ്. ഇമേജിലൂടെ ആംപിയൻസ് സൃഷ്ടിക്കുന്നതായിരുന്നു ഭരതന്റെ ശൈലി. ഒരു ചിത്രകാരൻ എന്ന നിലയിൽ, ഞാൻ എപ്പോഴും ഇമേജിനെക്കുറിച്ച് ആദ്യം ചിന്തിക്കുന്നു. അതുകൊണ്ടാണ് ഭരതൻ എന്നിൽ പ്രതിധ്വനിക്കുന്നത്. ഭരതന്റെ പ്രോസസ് ഇതായിരിക്കും എന്നൊക്കെ എനിക്ക് അന്ന് തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെ ഭരതനെ ഭയങ്കര ഇഷ്ടമായി. സിദ്ധാർഥ് ഭരതന്റെയും ആദ്യ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫിലിംമേക്കങിൽ പത്മരാജനേക്കാൾ എനിക്കിഷ്ടം ഭരതനെ തന്നെയാണ്. ഇവർ രണ്ടു പേരും ഒന്നിച്ച് വരുമ്പോൾ ഒരു മാജിക് ആണ്" കൃഷാന്ദ് പറയുന്നു.
അതേസമയം മോഹൻലാൽ- കൃഷാന്ദ് കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന റിപ്പോർട്ടുകൾ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്. അടുത്തിടെ മോഹൻലാലുമായുള്ള സിനിമയെ കുറിച്ച് കൃഷാന്ദ് സംസാരിച്ചിരുന്നു. മോഹൻലാൽ തിരക്കഥ വായിച്ച് അതിന്റെ ചർച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്നാണ് കൃഷാന്ദ് പറയുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിന് മുൻപ് എഴുതിയ തിരക്കഥയാണിതെന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു.
"സ്ക്രീൻപ്ലേ വായിച്ച് അതിന്റെ ഡിസ്കഷനിലേക്ക് കടക്കുകയും അതിന്റെ ബജറ്റിങ്ങിലോട്ടൊക്കെ കയറുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറുമായി രണ്ട് മൂന്ന് സിറ്റിങ്ങ് കൂടി ബാക്കിയുണ്ട്. മോഹൻലാൽ സാറിന് സമ്മതമാണെങ്കിൽ നമ്മൾ അത് നന്നായിട്ട് ചെയ്യും, ആ സിനിമയുടെ തിരക്കഥ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെറുക്കുന്നതിന് മുൻപ് ആ സിനിമ ചെയ്യണമെന്നുണ്ട്. ഒരുപാട് വർഷം മുൻപ് തയ്യാറാക്കിയ തിരക്കഥയാണത്. ആവാസവ്യൂഹം ഒക്കെ ചെയ്യുന്നതിനും മുൻപ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. ഹ്യൂമർ ഉണ്ടെങ്കിലും ഒരു ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ്." സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ കൃഷാന്ദ് പറഞ്ഞു.
കൃഷാന്ദ് സംവിധാനം ചെയ്ത വെബ് സീരീസ് 'സംഭവ വിവരണം നാലര സംഘം' (ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗ്യാങ്) മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിക്കൊണ്ടിരിക്കുന്നത്. സോണി ലിവിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. മാൻകൈൻഡ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ സിരീസിൽ സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ യുവതാരങ്ങളും അഭിനയിക്കുന്നു. ഡാർക്ക് കോമഡി, യാഥാർഥ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം, വ്യത്യസ്തമായ കഥപറച്ചിൽ എന്നിവയുടെ ഒരു സവിശേഷമായ കൂട്ട് ആണ് 4.5 ഗ്യാങ് എന്ന് അണിയറക്കാർ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ