'മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുക വലിയ ആഗ്രഹമായിരുന്നു'; സണ്ണി ലിയോണ്‍ പറയുന്നു

By Web TeamFirst Published Feb 5, 2019, 10:42 AM IST
Highlights

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍.
 

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിന്റെ തിരശ്ശീലയിലേക്ക് എത്തുന്ന ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പറില്‍ മാത്രമാണ് സണ്ണിയെ കാണാനാവുക. അതേസമയം അവര്‍ മറ്റൊരു മലയാള ചിത്രത്തില്‍ മുഴുനീള കഥാപാത്രമായും എത്തുന്നുണ്ട്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രമാണത്. മധുരരാജയിലെ സെറ്റില്‍നിന്ന് മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറലായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് പറയുന്നു അവര്‍. മധുരരാജയിലെ നൃത്തരംഗത്തെക്കുറിച്ചും സണ്ണി ലിയോണ്‍ പറയുന്നു, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

മമ്മൂട്ടി സാറിനെ പരിചയപ്പെടണമെന്നും ഒപ്പം വര്‍ക്ക് ചെയ്യണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള മധുരരാജ അനുഭവത്തെക്കുറിച്ചും നല്ലതേ പറയാനുള്ളൂ അവര്‍ക്ക്. ഗംഭീരമായിരുന്നു അത്. ഇടപെടാന്‍ പറ്റിയ ആളാണ് മമ്മൂട്ടി സാര്‍. മധുരരാജയിലെ ആ ഗാനം വലിയ ഹിറ്റാവുമെന്നാണ് ഞാന്‍ കരുതുന്നത്. കേള്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന് പിടിക്കുന്ന ഒരു പാട്ടാണത്, വരികളുടെ അര്‍ഥം മനസിലായാലും ഇല്ലെങ്കിലും, സണ്ണി ലിയോണ്‍ പറയുന്നു.

മധുരരാജയിലെ ഗാനരംഗത്തില്‍ ലിപ്‌സിങ്ക് ചെയ്തതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നും സണ്ണി പറയുന്നു. 'അതത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. പാട്ടിന്റെ വരികള്‍ എനിക്ക് നേരത്തേ കിട്ടിയിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുംമുന്‍പേ ഞാനത് ഹൃദിസ്ഥമാക്കിയിരുന്നു.' ലിപ്‌സിങ്കിംഗ് പ്രശ്‌നമായിരുന്നില്ലെങ്കിലും കൊറിയോഗ്രാഫര്‍ രാജു സുന്ദരം ഒരുക്കിയ സ്റ്റെപ്പുകള്‍ അത്ര അനായാസം വഴങ്ങുന്നതായിരുന്നില്ലെന്നും പറയുന്നു സണ്ണി. 'ആ നൃത്തച്ചുവടുകള്‍ രസമുള്ളതായിരുന്നു. ഒപ്പം വെല്ലുവിളി നിറഞ്ഞതും. സ്റ്റെപ്പുകളെ സംബന്ധിച്ച് കുറേ കാര്യങ്ങള്‍ ചിത്രീകരണസമയത്ത് പഠിക്കേണ്ടിവന്നു', സണ്ണി ലിയോണ്‍ അവസാനിപ്പിക്കുന്നു.

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഇരുവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.

click me!