'അഭിനയം പറ്റിയില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി നോക്കും'; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Feb 4, 2019, 7:08 PM IST
Highlights

'അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.'

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായമെന്താണ്? അഭിനയമേഖലയില്‍ തന്റെ ഏതെങ്കിലും തരത്തിലുള്ള തുടര്‍ച്ചയായി മോഹന്‍ലാല്‍ മകന്റെ സ്‌ക്രീന്‍ സാന്നിധ്യത്തെ കാണുന്നുണ്ടോ? ഇല്ലെന്നാണ് ലാലിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം തുറന്നുപറയുന്നത്. ലാല്‍ പറയുന്നത് ഇങ്ങനെ..

അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും.

അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാ'ണ് പ്രണവ് മോഹന്‍ലാലിന്റെ ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രം. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആദ്യചിത്രമായ 'ആദി'യുടെ റിലീസിംഗ് സമയത്തേതുപോലെ പുതിയ സിനിമയുടെ റിലീസിംഗ് സമയത്തും പ്രണവ് യാത്രയിലായിരുന്നു. ആദിയുടെ റിലീസിംഗ് സമയത്ത് പ്രണവ് ഹിമാലയന്‍ ട്രിപ്പിലായിരുന്നെങ്കില്‍ ഇത്തവണ ഹംപിയിലേക്കായിരുന്നു യാത്ര.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യഥാര്‍ഥ ജീവിതത്തിലെ വിളിപ്പേരായ 'അപ്പു' എന്നുതന്നെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര്. സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

click me!