Latest Videos

ആ പേര് പറഞ്ഞാല്‍ പിന്നെ ഞാന്‍ ഒറ്റപ്പെടും: പാര്‍വതി

By Web DeskFirst Published Dec 19, 2017, 7:35 PM IST
Highlights

കൊച്ചി:  കസബ സിനിമയിലെ സ്ത്രീവിരുദ്ധ രംഗത്തിനെതിരെ  നടി പാര്‍വതി ന‍ടത്തിയ പരാമര്‍ശവും, അതിനെ തുടര്‍ന്ന് നടക്കുന്ന വിവാദവും ഏറെ വാര്‍ത്ത സൃഷ്ടിക്കുകയാണ്. ഈ സമയത്താണ്  ചില  പ്രതികരണവുമായി നടി പാര്‍വതി എത്തുന്നത്. ദ ന്യൂസ് മിനുട്ട് എന്ന ഇംഗ്ലീഷ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ ചില തുറന്നു പറച്ചിലുകള്‍. 

കാലഘട്ടമാണ് തന്നെ തന്‍റേടിയാക്കിയത് എന്നും, വായാടിയാക്കിയതുമെന്നാണ് പാര്‍വതി അഭിമുഖത്തില്‍ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വായാടിയൊന്നുമായിരുന്നില്ല. എന്നാല്‍ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാര്‍വതി പറഞ്ഞു. 

പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ  കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവര്‍ തുറന്നു പറഞ്ഞു. താന്‍ പീഡിപ്പിക്കപ്പെട്ട വിവരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞാല്‍ ഞാന്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മറ്റുള്ളവര്‍ മാളത്തിലൊളിക്കുമെന്നും പാര്‍വതി പറയുന്നു. ഒരുകാലത്ത് മലയാളത്തില്‍ നിന്ന് എനിക്ക് നിരവധി സിനിമകള്‍ ലഭിച്ചിരുന്നു. തിരക്കഥ വായിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അവര്‍ അഹങ്കാരിയായി കണ്ടു. 

കലയെ സ്‌നേഹിക്കുന്നവരെ ആര്‍ക്കും തടയാനാകില്ല. കലയേയും. നിങ്ങള്‍ക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാന്‍ സാധിക്കുമെന്നും പാര്‍വതി ചോദിച്ചു. അതിജീവിച്ചവര്‍ എല്ലായ്പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാന്‍ പലരും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാല്‍ ഞാന്‍ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവര്‍ കര്‍ട്ടന് പിന്നില്‍ ഒളിക്കും. എന്റെ കൈയില്‍ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കില്‍ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

വിമന്‍ ഇന്‍ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാര്‍വതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കില്‍ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരം നമ്മള്‍ ഇതുവരെ വളര്‍ത്തി എടുത്തിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. 

click me!