പ്രണയകഥ തുറന്ന് പറഞ്ഞ് അനു സിത്താര

By Web DeskFirst Published Feb 14, 2018, 12:17 PM IST
Highlights

മലയാളത്തിന്റെ പുതിയ നായികയാണ് അനു സിത്താര. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്‍മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് വെള്ളിത്തിരയില്‍ ശ്രദ്ധേയയായി. ഹാപ്പി വെഡ്ഡിംഗിലൂടെ നായികയായി. ജയസൂര്യയുടെ ഫുക്രിയിലും രാമന്റെ ഏദന്‍തോട്ടത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. ക്യാപ്റ്റന്‍ എന്ന സിനിമയാണ് ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. അനുസിത്താരയുമായി മുമ്പ് നടത്തിയ അഭിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.

സാധാരണ നായികമാരില്‍ വ്യത്യസ്തയാണ് അനു സിത്താര. സാധാരണ നായികമാര്‍ക്കുള്ളതുപോലെ ‘സ്റ്റില്‍ ബാച്ചിലര്‍’ എന്ന പദവി അനു സിത്താരയ്‍ക്ക് ഇല്ല. ഫോട്ടോഗ്രാഫര്‍ കൂടിയായ  വിഷ്‍ണുപ്രസാദുമായി പ്ലസ് ടു വില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം ഇരുപതാം വയസ്സില്‍ വിവാഹത്തിന്റെ പൂര്‍ണതയിലെത്തിയ ശേഷമാണ് അനു സിത്താര നായികയാകുന്നത്. അത് കരിയറിന് ഗുണം ചെയ്‍തെന്നും അനു സിത്താര പറയും. അഭിനയം വിലയിരുത്താന്‍ ഒരാള്‍ ഒപ്പമുണ്ടല്ലോ എന്നതുതന്നെ കാരണം. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സിനിമാ വിശേഷങ്ങളെ കുറിച്ചും അനു സിത്താര സംസാരിക്കുന്നു.

പ്രണയം

സന്തോഷം, സങ്കടം, ദേഷ്യം പോലെയുള്ള വികാരം. പക്ഷേ തോന്നിത്തുടങ്ങിയാല്‍ പിന്നെ എന്റെ സാറേ.. അത് പിന്നങ്ങനെ ഏപ്പോഴും ജീവിതത്തില്‍ ഉണ്ടാകും. അനുഭവം ഗുരുവെന്നല്ലേ.. സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞതാ.

ആദ്യ പ്രപ്പോസല്‍

കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത്. ഒന്നാം ക്ലാസിലാണോ മൂന്നിലാണോ എന്ന് ഓര്‍മ്മയില്ല.. ഒരു നോട്ട് ബുക്കിലെഴുതിയ പ്രണയലേഖനം തന്നത് സഹപാഠിയായിരുന്നു. പേടി കാരണം അത് അപ്പോള്‍ തന്നെ ടീച്ചര്‍ക്ക് കൊടുത്തു. പിന്നെ നല്ല കുട്ടിയായതു കൊണ്ട് നേരെ വീട്ടില്‍ വന്ന് മമ്മിയോടും പറഞ്ഞു. ഓ.. അത് സാരമില്ലെന്നായിരുന്നു മമ്മിയുടെ പ്രതികരണം.

വണ്‍ ആന്‍ഡ് ഒണ്‍ലി വിഷ്‍ണു ഏട്ടന്‍, വേറെ ആരേയും പ്രേമിക്കാന്‍ സമയമില്ല

ഒരുപാട് ആള്‍ക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്‍ണു ഏട്ടനോട് മാത്രമാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് പറയുന്നതല്ലട്ടോ.. വിഷ്‍ണുവേട്ടനെ കാണുമ്പോള്‍ ഒരു പ്രണയത്തിന് വേണ്ട എല്ലാ തോന്നലുകളും വണ്ടിയും പിടിച്ചുവരുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു.. ആ സംശയവും മനസ്സില്‍ വെച്ച് മൂന്ന് വര്‍ഷം ഞാന്‍ വിഷ്‍ണുവേട്ടനെ പുറകെ നടത്തി. പിന്നെ കക്ഷി ഈ നടപ്പങ്ങ് നിര്‍ത്തിയാലോ എന്ന് പേടിച്ച് പിടികൊടുത്തു. ഇപ്പോ രണ്ട് വര്‍ഷമായി കല്ല്യാണം കഴിഞ്ഞിട്ട്. എങ്കിലും അന്ന് നടന്ന കണക്ക് വിഷ്‍ണുവേട്ടന്‍ ഇപ്പോഴും പറയാറുണ്ട്.

 
പ്രണയിക്കുകയാണു ഞാന്‍

ഇരുപതാം വയസ്സില്‍ വിവാഹം കഴിഞ്ഞത് നേരത്തെ ആയിപ്പോയി എന്നൊന്നും തോന്നുന്നില്ല. കാരണം വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖം. ആരേയും പേടിക്കേണ്ടല്ലോ. ഇഷ്‍ടം പോലെ സംസാരിക്കാം. എപ്പോഴും കൂടെയുണ്ടാകും. പ്രേമിച്ചിരുന്ന സമയത്ത് മമ്മിയുടെ  കൂടെ പുറത്തിറങ്ങുമ്പോള്‍ കണ്ണുകള്‍ പരതാന്‍ തുടങ്ങും. ആള്‍ എവിടെയെങ്കിലുമുണ്ടോ എന്ന് നോക്കി. ആഗ്രഹിച്ചിരിക്കുന്ന സമയത്ത് ബൈക്കിലോ സ്‍കൂട്ടറിലോ വിഷ്ണുവേട്ടന്‍ മുന്നിലൂടങ്ങ് പോകും. കക്ഷി നമ്മളെ കണ്ടിട്ടുണ്ടാകില്ല. എന്നാലും കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ട്.പിന്നെ എല്ലാവരുടേയും കണ്ണുവെട്ടിച്ച് കൈമാറുന്ന കത്തുകള്‍. ഇതൊക്കെ എക്കാലവും പ്രണയം തുളുമ്പുന്ന എന്റെ പ്രണയ രഹസ്യങ്ങളാണ്.

 
ചാക്കോച്ചനറിയാത്ത രഹസ്യം

കുഞ്ചാക്കോ ബോബനാണ് എന്റെ ഇഷ്‍ട പ്രണയ നായകന്‍. രാമന്റെ ഏദന്‍ത്തോട്ടത്തില്‍ നായികയായി വിളിച്ചപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. എങ്കിലും ഒരുമിച്ച് അഭിനയിച്ചപ്പോഴും പറഞ്ഞില്ലട്ടോ ചാക്കാച്ചനോടുള്ള എന്റെ ഇഷ്‍ടം.

സൂര്യയും ജ്യോതികയും സൂപ്പറാ

എന്റെ ഇഷ്‍ട പ്രണയ ജോഡി സൂര്യയും ജ്യോതികയും ആണ്. അങ്ങോട്ടും ഇങ്ങോട്ടും എന്തൊരു സപ്പോര്‍ട്ടാ രണ്ടു പേരും. ശരിക്കുമൊരു ഹാപ്പി ഫാമിലി

വിഷ്‍ണുവേട്ടന്‍ ഓക്കെ പറയണം

ആരോക്കെ പറഞ്ഞാലും വിഷ്‍ണുവേട്ടന്‍ പറഞ്ഞാലേ അഭിനയം നല്ലതായി എന്ന വിശ്വാസം വരൂ. അതുകൊണ്ട്  മിക്കവാറും എന്റെ കൂടെ തന്നെയുണ്ടാവും കക്ഷി. പ്രത്യേകിച്ചും ഇപ്പോള്‍ ചെയ്യുന്ന ക്യാപ്റ്റനിലെ വേഷം നല്ല ഡെപ്തുള്ളതാണ്. അപ്പോ വിഷ്‍ണുവേട്ടന്‍ കൂടെയുണ്ടെങ്കിലേ സമാധാനമാവൂ..

നൃത്തവും അഭിനയവും

നൃത്തവും അഭിനയവും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്. എങ്കിലും നൃത്തത്തിനോടുള്ള ഇഷ്‍ടം കുറച്ച് കൂടുതലാണ്. കാരണം നാളെ സിനിമ എന്നെ വിട്ടിട്ട് പോയാലും നൃത്തം കൂടെയുണ്ടാവുമെന്ന ആത്മവിശ്വാമുണ്ട്. നൃത്ത അധ്യാപികയായ അമ്മ രേണുകയാണ് ആദ്യ ഗുരു.പിന്നെ എട്ടാം ക്ലാസിലായപ്പോള്‍ കലാമണ്ഡലത്തിൽ  ചേര്‍ന്ന് നൃത്തം പഠിച്ചു.

 
ഓടിത്തളര്‍ന്ന് മമ്മൂട്ടിയെ കണ്ട ഫാന്‍

ശരിക്കും മമ്മുക്ക എനിക്ക് എന്റെ വീട്ടിലെ ആളെ പോലെയാണ്..ചെറുതായിരിക്കുമ്പോള്‍ മമ്മൂക്കയെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ എപ്പോഴും സ്വപ്നം കാണും..ചെന്നൈയില്‍ വെച്ചാണ് മമ്മൂക്കയെ നേരിട്ട് കാണുന്നത്. പറഞ്ഞ സമയത്ത് എത്താന്‍ പറ്റിയില്ല. ഭയങ്കര ബ്ലോക്ക്.. വണ്ടി ബ്ലോക്കില്‍പ്പെടുമ്പോള്‍ ഞാനും വിഷഷ്‍ണുവേട്ടനും ഇറങ്ങി ഓടും.. പിന്നെ വണ്ടി അടുത്തെത്തുമ്പോള്‍ കയറും.. ഇങ്ങനെ ഇറങ്ങിയും കയറിയും ലൊക്കേഷനിലെത്തുമ്പോഴേയ്ക്കും എല്ലാരും പോയിരുന്നു. അപ്പോഴാണ് ദൂരെ കാരവന്‍ കിടക്കുന്നത് കണ്ടത്. പ്രതീക്ഷയോടെ ചെന്നപ്പോള്‍ അതാ ഇറങ്ങി വരുന്നു സാക്ഷാല്‍ മമ്മൂക്ക. മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ ശബ്‍ദമൊക്കെ ഇടറി, കണ്ണുനിറഞ്ഞ് ഒഴുകുകയായിരുന്നു. ആ കൂടിക്കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല. ഇപ്പോ ഞാന്‍ ഇടയ്‍ക്ക് മമ്മൂക്കയ്‍ക്ക് മെസേജ് അയക്കും..

ലാലേട്ടനും മമ്മൂക്കയും

ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ എത്ര ചെറിയ റോളില്‍ വേണമെങ്കിലും അഭിനയിക്കും. അവരുടെ കൂടെ അഭിനയിക്കാനുള്ള ഏതൊരവസരം കളഞ്ഞാലും അത് വലിയ നഷ്‍ടമായിരിക്കും.

ചോറും മീന്‍കറിയും

ചോറും മുളകിട്ട മീന്‍കറിയുമുണ്ടെങ്കില്‍ പിന്നെ നോ കോംപ്രമൈസ്. ഇഷ്ടം പോലെ തട്ടും. പിന്നെ കുറച്ചു തടിച്ചിരുന്നാലല്ലേ കാണാന്‍ ഒരു ഭംഗിയുള്ളൂ.ഭംഗിയുണ്ടെങ്കിലേ സിനിമയുണ്ടാവൂ എന്ന് എനിക്കറിയാം. ഭയങ്കര ബുദ്ധിയാ.. ചുമ്മാ.. എക്‌സര്‍സൈസ് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും നല്ല മടിച്ചിയായതു കൊണ്ടും ഒന്നും നടക്കാറില്ല. വിഷ്‍ണുവേട്ടന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഡാന്‍സ് ചെയ്യും.. സോ നൃത്തമാണ് എന്റെ സൗന്ദര്യ രഹസ്യം..


നവരസ

സിനിമയില്ലാത്ത സമയത്ത് മുഴുവന്‍ സമയവും ഞാന്‍ അമ്മയുടെ ഡാന്‍സ് സ്‌കൂളായ നവരസയിലായിരിക്കും. കുട്ടികളെ പഠിപ്പിച്ചും പ്രാക്ടീസ് ചെയ്‍തുമൊക്കെ മുഴുവന്‍ സമയം നൃത്തത്തിന്റെ ലോകത്ത്.

നല്ല നടിയായാല്‍ മതി

അഭിനയമേഖലയില്‍ നിന്ന് പോയാലും. അനു സിത്താര നല്ല നടിയായിരുന്നുവെന്ന് കേള്‍ക്കാനാണ് ഇഷ്‍ടം. ഒരുപാട് സിനിമകള്‍ ചെയ്യണെന്ന് ആഗ്രഹവുമില്ല. ആളുകള്‍ ഓര്‍മ്മിക്കുന്ന കുറച്ച് നല്ല സിനിമകള്‍ മതി. പിന്നെ പ്രേക്ഷകര്‍ മാത്രമല്ല സിനിമാ മേഖലയിലുള്ളവരും പറയണം അനുസിത്താര നല്ല കുട്ടിയായിരുന്നു പാവമായിരുന്നു എന്നൊക്കെ. ഇങ്ങനെ നല്ല പേര് കേള്‍പ്പിക്കണമെന്നാണ് ആഗ്രഹം.

 

 

 

click me!