ചലച്ചിത്ര-സീരിയൽ നടി ലൗലി ബാബുവിന്റെ അമ്മ പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് അന്തരിച്ചു. ഭർത്താവിന്റെ എതിർപ്പ് അവഗണിച്ച് അമ്മയെ സംരക്ഷിക്കാൻ ലൗലി ഗാന്ധിഭവനിൽ താമസിക്കുകയായിരുന്നു. തൻ്റെ അവസാനവും ഗാന്ധിഭവനിൽ ആയിരിക്കുമെന്നും ലൗലി.
രണ്ട് ദിവസം മുൻപായിരുന്നു ചലച്ചിത്ര-സീരിയല്‍-നാടക നടി ലൗലി ബാബുവിന്റെ അമ്മയുടെ വിയോഗം. പത്താനപുരം ഗാന്ധിഭവനിൽ വച്ചായിരുന്നു അമ്മയുടെ വിടവാങ്ങൽ. സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭർത്താവിൻ്റെ പിടിവാശിക് മുന്നിൽ മുട്ടു മടക്കാതെ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച ലൗലിയുടെ കഥ മുൻപ് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അമ്മയെ തനിച്ചാക്കി പോകാനുള്ള വിഷമം കാരണം ഗാന്ധിഭവനിൽ തന്നെയായിരുന്നു ലൗലിയും കഴിഞ്ഞത്. ഇപ്പോഴിതാ അമ്മയുടെ വിയോഗം താങ്ങാനാകാതെ ലൗലി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
"ഒത്തിരി കിടക്കാതെ, കഷ്ടപ്പെടുത്താതെ അമ്മ പോയി. അമ്മ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഈ ലോകത്ത് ഒരു സ്ത്രീയും ഇങ്ങനെ കഷ്ടപ്പെടരുതെ, ഇങ്ങനെ ഒരു ജന്മം ഇനി ഉണ്ടാവരുതെ എന്നാണ് എന്റ പ്രാർത്ഥന. എന്റെ അമ്മയെ പോലെ കഷ്ടപ്പെട്ട ഒരു സ്ത്രീയും ഉണ്ടാവില്ല. അമ്മയ്ക്കുള്ള ഒരേയൊരു മോൾ ഞാനാണ്", എന്ന് വേദനയോടെ ലൗലി പറയുന്നു.
"പ്രായമായപ്പോൾ അമ്മയ്ക്ക് ഞാൻ കൂടെ നിൽക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. നീ എവിടെ വിളിച്ചാലും ഞാൻ വരും. നീ എന്റെ കൂടെ ഉണ്ടാവണം. കടത്തിണ്ണയിൽ ആണെങ്കിലും ഞാൻ വന്നോളാം എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ഞാനെന്ന ചിന്തയെ ആ മനസിൽ ഉണ്ടായിരുന്നുള്ളൂ. ഇനി ഭക്ഷണം കഴിക്കാനും വാശിപിടിക്കാനും ആരും ഇല്ല. അമ്മയ്ക്ക് ഞാനില്ലാതെ പറ്റില്ല. അമ്മയെ എവിടെയെങ്കിലും കൊണ്ടാക്കാൻ ഭർത്താവ് പറഞ്ഞിരുന്നു. അത് എനിക്ക് സഹിക്കാൻ പറ്റത്തില്ല. തെക്കേത് വടക്കേതെന്ന് അറിഞ്ഞൂടാത്ത ആളെ ഞാൻ എവിടെ കൊണ്ടാക്കാനാണ്. മനസമാധാനം വേണമെന്ന് കരുതിയാണ് ഞങ്ങൾ ഗാന്ധിഭവനിൽ എത്തിയത്. അമ്മയ്ക്കൊപ്പം ഞാൻ ഉണ്ടും ഉറങ്ങി. ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ച് കൊടുത്തു. എന്റെ അമ്മ എനിക്കൊപ്പം ഉണ്ട്. എന്നെ വിട്ടിട്ട് ഒരിടത്തും പോകാൻ പറ്റില്ല. എന്റെ അവസാനവും ഗാന്ധി ഭവനിൽ തന്നെയായിരിക്കും", എന്നും ലൗലി പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം. 'എന്റെ വീട്ടിൽ 14 പട്ടിയുണ്ട് സാറേ. ഈ 14 പട്ടിക്കുള്ള പരിഗണന പോലും എനിക്കും എന്റെ അമ്മയ്ക്കും എന്റെ വീട്ടിൽ ഇല്ലായിരുന്നു', എന്ന് മുൻപ് ലൗലി പറഞ്ഞത് ശ്രദ്ധനേടിയിരുന്നു.



