ഫഹദിന്റെ ആ പ്രതികരണം അദ്ഭുതപ്പെടുത്തി: സത്യൻ അന്തിക്കാട്

By NANA DESKFirst Published Sep 28, 2018, 2:31 PM IST
Highlights

ഓള്‍ഡ് കം ന്യൂജനറേഷന്‍ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പഴയ തലമുറയിലെ മാത്രമല്ല, പുതിയ തലമുറയിലെ അഭിനേതാക്കളെയും  കൃത്യമായ പാകത്തിലും അഭിരുചിയിലും തന്‍റെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. സുകുമാരനിലും നെടുമുടി വേണുവിലും  ഭരത് ഗോപിയിലും തുടങ്ങി മോഹന്‍ലാലിലൂടെയും മമ്മൂട്ടിയിലൂടെയും ജയറാമിലൂടെയും വളര്‍ന്ന് ഫഹദിലൂടെയും ദുല്‍ഖറിലൂടെയും അത് ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളുമായി സത്യൻ അന്തിക്കാട്.

ഓള്‍ഡ് കം ന്യൂജനറേഷന്‍ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. പഴയ തലമുറയിലെ മാത്രമല്ല, പുതിയ തലമുറയിലെ അഭിനേതാക്കളെയും  കൃത്യമായ പാകത്തിലും അഭിരുചിയിലും തന്‍റെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. സുകുമാരനിലും നെടുമുടി വേണുവിലും  ഭരത് ഗോപിയിലും തുടങ്ങി മോഹന്‍ലാലിലൂടെയും മമ്മൂട്ടിയിലൂടെയും ജയറാമിലൂടെയും വളര്‍ന്ന് ഫഹദിലൂടെയും ദുല്‍ഖറിലൂടെയും അത് ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. 

സത്യന്‍റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ പ്രകാശനിലും ഫഹദ് ആണ് നായകന്‍. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കുശേഷം ഫഹദ് വീണ്ടും സത്യന്‍റെ നായകനാകുന്ന ചിത്രം കൂടിയാണ്.
ഇത്തവണ സത്യനുവേണ്ടി തിരക്കഥയെഴുതുന്നത് ശ്രീനിവാസനാണ്. ഏതാണ്ട് 16 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സത്യന്‍- ശ്രീനി കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാകുന്നത്.

ജോമോന്‍റെ സുവിശേഷം നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ സത്യനും ശ്രീനിയും ഒരുമിക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്ത കേട്ടിരുന്നു. അത് ആദ്യം സ്ഥിരീകരിച്ചതും സത്യനാണ്.

മുമ്പെങ്ങുമില്ലാത്ത വിധം അവര്‍ക്ക് ആദ്യം ഒരു നായകന്‍ ഉണ്ടാവുകയും അദ്ദേഹത്തിനുവേണ്ടി തിരക്കഥയെഴുതിയ അപൂര്‍വ്വതയും ഈ സിനിമയ്ക്ക് അവകാശപ്പെടാം. ഏതാണ്ട് ഒരു വര്‍ഷമെടുത്തു തിരക്കഥ പൂര്‍ത്തിയാക്കാന്‍. ഇതിനിടെ രണ്ട് കഥകള്‍ ഒഴിവാക്കിയിട്ടാണ് മൂന്നാമത്തെ കഥയിലേക്ക് ലാന്‍റ് ചെയ്‍തത്. ആ കഥയിലെ നായകനാണ് പ്രകാശന്‍. ആ പ്രകാശനെ അവതരിപ്പിക്കുന്നത് ഫഹദാണ്. ഫഹദിനുവേണ്ടി സത്യനും ശ്രീനിയും ചേര്‍ന്നൊരുക്കിയ തിരനാടകമാണ് ഞാന്‍ പ്രകാശന്‍.

തന്‍റെ പഴയകാല ചിത്രങ്ങളില്‍നിന്നൊക്കെ വ്യത്യസ്‍തമായി ഈ സിനിമയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യന്‍ സംസാരം തുടങ്ങിയത്...

ഒരു വിഷയത്തിലൂന്നിയാണ് എന്‍റെ മുന്‍കാല ചിത്രങ്ങളെല്ലാം പിറവിയെടുത്തിട്ടുള്ളത്. ഒരു വീട്ടുടമസ്ഥന്‍ അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങളായിരുന്നു സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലേത്. ഗാന്ധിനഗര്‍ സെക്കന്‍റ്  സ്‍ട്രീറ്റില്‍, തൊഴില്‍രഹിതനായ ഒരു ചെറുപ്പക്കാരന്‍ ഗൂര്‍ഖയാകുമ്പോഴുണ്ടായ പ്രശ്‍നങ്ങളാണ്. സ്വന്തം വേരുകള്‍ തേടി വരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. എന്‍റെ കഴിഞ്ഞ സിനിമ- ജോമോന്‍റെ സുവിശേഷങ്ങള്‍, അതില്‍ ഒരു അച്ഛനും മകനും അനുഭവിക്കുന്ന ദുര്‍ഘടങ്ങളായിരുന്നു ഇതിവൃത്തം. പക്ഷേ ഈ സിനിമ അതൊന്നുമല്ല. പകരം ഒരു കഥാപാത്രത്തെ പിന്തുടരുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

ഒരു തനി നാട്ടിന്‍പുറത്തുകാരനാണ് പ്രകാശന്‍. അദ്ദേഹത്തിന്‍റെ ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ അയാള്‍ കണ്ടുമുട്ടുന്നവര്‍ക്കൊപ്പവും അയാള്‍ ചെന്നുപെടുന്ന ഏടാകൂടങ്ങള്‍ക്കും പിറകെയാണ് ഞങ്ങളുടെയും സഞ്ചാരം. ആ യാത്രയ്ക്കൊടുവില്‍ പ്രകാശന് ചില തിരിച്ചറിവുകളുണ്ടാവുന്നുണ്ട്. അതാണ് ഈ സിനിമയിലൂടെ ഞങ്ങള്‍ പറയാനാഗ്രഹിക്കുന്ന സന്ദേശം. അത് കേരളത്തിലെ ഇന്നത്തെ ഓരോ യുവാക്കള്‍ക്കുമുള്ള സന്ദേശം കൂടിയാണ്.

ടി പി  ബാലഗോപാലന്‍ എം.എയിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും നിങ്ങള്‍ കണ്ടതുപോലെയുള്ള നിഷ്ക്കളങ്കനായ യുവാവാണ് ഇതിലെ പ്രകാശന്‍. ഒരു ശരാശരി മലയാളി യുവാവ്. പണ്ട് മോഹന്‍ലാല്‍ ചെയ്‍തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്. പ്രകാശന്‍ ഈ കാലഘട്ടത്തിന്‍റെ പ്രതിനിധിയാണ്. അതിന്‍റെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും സിനിമയിലുമുണ്ടാകും.

പ്രകാശന്‍റെ തിരിച്ചറിവുകളെക്കുറിച്ച് താങ്കള്‍ പറയുന്നു. അതാണ് സിനിമയിലൂടെ പറയാനാഗ്രഹിക്കുന്ന സന്ദേശമെന്നും. സത്യന്‍ ചിത്രങ്ങളുടെ സവിശേഷത തന്നെ ഇത്തരം സന്ദേശങ്ങളാണല്ലോ?

എന്‍റെ സിനിമകളിലൂടെ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അതാണ്. അതാണ് എന്‍റെ സിനിമകള്‍ ആളുകള്‍ ഇഷ്‍ടപ്പെടാന്‍ കാരണമെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്തൊക്കെ തമാശകള്‍ കാണിച്ചാലും അതിന്‍റെ ഉള്ളിലൊരു കാമ്പുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ തറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതിനെ ഹാസ്യാത്മകമായി സമീപിക്കുക എന്നതാണ്. ഒന്നും ബോധപൂര്‍വ്വം പഠിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. പകരം കഥാപാത്രങ്ങളുടെ നിഷ്ക്കളങ്കതയിലൂടെയാണ് അത് വളരേണ്ടത്. അതാണ് ഞാനും ശ്രീനിയും ചെയ്‍തുകൊണ്ടിരുന്നത്. ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും. 

പണ്ട് ലാല്‍ ചെയ്‍തതുപോലെയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്ന് താങ്കള്‍ പറഞ്ഞു. ഈ താരതമ്യം തന്നെ രസാവഹമാണ്.  ഒരു ആക്ടറെന്ന നിലയില്‍ ഫഹദിനെ എങ്ങനെ വിലയിരുത്തുന്നു?

മലയാളസിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്ന ഒരു നടനാണ് ഫഹദ്. മോഹന്‍ലാലും ഫഹദും ക്യാമറയ്ക്ക് മുന്നില്‍നിന്ന് അഭിനയിക്കുന്നത് കാണുമ്പോഴാണ് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി സിനിമാഭിനയമാണെന്ന് തോന്നിപ്പോകുന്നത്. അത്ര സ്വാഭാവിക അഭിനയരീതികളുള്ളവരാണ് രണ്ടുപേരും. നമ്മുടെ ഇന്‍ഡസ്‍ട്രിക്ക് ഇന്നുണ്ടായ വലിയ മാറ്റങ്ങളിലൊന്നായി ഞാന്‍ കാണുന്നത്   കറ കളഞ്ഞ കുറെ അഭിനേതാക്കളെ നമുക്ക് കിട്ടിയെന്നതാണ്. ഫഹദായാലും ദുല്‍ഖറായാലും  നിവിനായാലും ടൊവിനോയായാലും ഒക്കെ കലര്‍പ്പില്ലാത്ത അഭിനേതാക്കളാണ്. മമ്മൂട്ടിയും ലാലും നില്‍ക്കുന്ന സമയത്തുതന്നെയാണ് ഈ ചെറുപ്പക്കാരുടെ ഉദയമെന്നും ആലോചിക്കണം. തീര്‍ച്ചയായും അവരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആ ഊര്‍ജ്ജം ഞങ്ങളിലേക്കും പകരുന്നുണ്ട്.

ലാലിനെപ്പോലെ ഒരു ഡയറക്ടര്‍ ആക്ടറാണോ ഫഹദ്?

എനിക്ക് തോന്നിയിട്ടുള്ളത് ഫഹദിന്‍റെയുള്ളില്‍ തന്നെ ഒരു ഡയറക്ടറുണ്ടെന്നാണ്. ഫാസിലിന്‍റെ മകനല്ലേ, മറിച്ച് സംഭവിക്കാന്‍ ഇടയില്ലല്ലോ. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്.  അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. ഈ ചിത്രത്തിലെ നായികയായ സലോമി(നിഖിലാവിമല്‍)  പ്രകാശനോട് പറയുന്നത്, താന്‍ ജര്‍മ്മനിയിലേക്ക് പോകുകയാണെന്നും അവിടെ മാസം മൂവായിരം മാര്‍ക്ക് ശമ്പളമുണ്ടെന്നുമാണ്. അപ്പോള്‍ പ്രകാശന്‍ ചോദിക്കുന്നുണ്ട്, മൂവായിരം മാര്‍ക്കെന്ന് പറഞ്ഞാല്‍ എത്രയാണെന്ന്. മൂന്നുലക്ഷമാണെന്ന് സലോമി പറയുമ്പോള്‍ അപ്പോഴുള്ള പ്രകാശന്‍റെ പ്രതികരണമായി എന്‍റെ മനസ്സിലുണ്ടായിരുന്നത് 'ഒരു മാസം മൂന്ന് ലക്ഷമോ?' എന്നൊരു ആശ്ചര്യദ്യോതകമായ മറുപടിയായിരുന്നു. പക്ഷേ ഫഹദ് ആ ഷോട്ടില്‍ ഡയലോഗ് മോഡുലേഷന്‍ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തി. കുറച്ചുകൂടി സറ്റില്‍ഡായ മറുപടിയാണ് ഫഹദില്‍നിന്നുണ്ടായത്. രണ്ടും രണ്ട് ടോണാണ്. എന്‍റെ മനസ്സിലുണ്ടായിരുന്നത് ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. പക്ഷേ ഫഹദിന്‍റെ പ്രതികരണം ഞാന്‍  കരുതിയതിലും എത്രയോ മികച്ചതായിരുന്നു.

സത്യന്‍റെ സ്ഥിരം താരനിരക്കാരേയും ഈ സിനിമയില്‍ കാണാനില്ലല്ലോ. എന്തുപറ്റി?

 ഫഹദിനെയും ശ്രീനിവാസനെയും കെപിഎസി ലളിതയേയും വേണമെങ്കില്‍ നിഖിലയേയും ഒഴിച്ചാല്‍ ഈ സിനിമയിലെ മറ്റ് താരങ്ങള്‍ എല്ലാം തന്നെ ഏതാണ്ട് പുതുമുഖങ്ങളാണ്. സിനിമയിലും സീരിയലിലും നാടകങ്ങളിലുമൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്‍തിട്ടുള്ളവരാണ് ഏറിയപേരും. പക്ഷേ അവരെല്ലാം പ്രതിഭയുള്ളവരാണ്. അങ്ങനെയുള്ളവരെ എന്‍റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി ഞാന്‍ തേടി കണ്ടെത്തിക്കൊണ്ടുവരികയായിരുന്നു.  

അതുപോലെ എന്‍റെ പതിവ് താരനിരക്കാരും ഈ സിനിമയില്‍ ഇല്ല. ഇന്നസെന്‍റും മാമുക്കോയയുമൊന്നുമില്ലാത്ത ഒരു സത്യന്‍ സിനിമ കൂടി ആയിരിക്കും ഞാന്‍ പ്രകാശന്‍.

പക്ഷേ ഒരു കാര്യം പറയാം. ഈ ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ നിങ്ങള്‍ ശ്രീനിവാസനെ കാണാന്‍ പോകുന്നു. അതും നിങ്ങള്‍ ആഗ്രഹിക്കുന്ന ആ പഴയ ശ്രീനി സ്റ്റൈലില്‍തന്നെ. ഉദയനാണ് താരത്തോടുകൂടിയാണ് ശ്രീനിയുടെ ശൈലിഭാവത്തിന് മാറ്റം സംഭവിച്ചുതുടങ്ങിയത്. കഥ പറയുമ്പോള്‍ എന്ന സിനിമയിലെത്തുമ്പോഴേക്കും അത് കൂടുതല്‍ ദൃഢപ്പെടുകയാണ് ചെയ്‍തത്. ഈ ചിത്രം അതിനൊരു അപവാദമായിരിക്കും.

സത്യന്‍റെ സെറ്റില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തതാണല്ലോ സിങ്ക് സൗണ്ടും. അതും ഒരു പരീക്ഷണമാണോ.?

തീര്‍ച്ചയായും അതേ. പണ്ട് നമ്മുടെ സിനിമയില്‍ ഉപയോഗിച്ചിരുന്ന സങ്കേതമാണ് ഇന്നത്തെ സിങ്ക് സൗണ്ട്. അതിപ്പോള്‍ കുറെക്കൂടി സാങ്കേതികമികവ് കൈവരിച്ചുവെന്നുമാത്രം.
പണ്ടൊക്കെ  സ്റ്റുഡിയോ  ഫ്ളോറിലായിരുന്നല്ലോ ഷൂട്ടിംഗ്. അതുകൊണ്ട് ഷോട്ടില്‍ തന്നെയാണ് ആര്‍ട്ടിസ്റ്റുകള്‍ ഡയലോഗുകള്‍ പറഞ്ഞിരുന്നത്. അന്ന് സൗണ്ട് എഞ്ചിനീയര്‍ ഓക്കെ പറയുന്നതുവരെ ആര്‍ട്ടിസ്റ്റുകള്‍ വെയിറ്റ് ചെയ്യണം. എവിടെയെങ്കിലും ഡയലോഗ് തെറ്റിയിട്ടുണ്ടെങ്കില്‍ വീണ്ടും ഷോട്ടെടുക്കുന്നതിനുവേണ്ടിയാണ്. ഔട്‍ഡോര്‍ ഷൂട്ടിംഗ് വന്നതോടുകൂടിയാണ് ഡബ്ബിംഗ് സിസ്റ്റം മാറിത്തുങ്ങിയത്. ഇപ്പോള്‍ വീണ്ടും ആ പഴയ സിസ്റ്റത്തിലേക്ക് സിനിമ മാറിയെന്നേയുള്ളൂ. സിങ്ക് സൗണ്ടില്‍ വര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ കംഫര്‍ട്ട് എന്നാണ് എന്‍റെ അനുഭവം. സത്യന്‍ പറഞ്ഞുനിര്‍ത്തി.

നിരവധി പരീക്ഷണങ്ങളോടും പുതുമകളോടുംകൂടിയാണ് സത്യന്‍ അന്തിക്കാടിന്‍റെ ഞാന്‍ പ്രകാശന്‍ അണിയറയില്‍ ഒരുങ്ങുന്നത്. പരീക്ഷണവിജയം കാത്തിരുന്ന് കാണേണ്ടതാണ്.  പക്ഷേ പരീക്ഷണങ്ങള്‍ നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഇവിടെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളവര്‍ മാത്രമേ അത്ഭുതങ്ങള്‍ സൃഷ്‍ടിച്ചിട്ടുള്ളൂ. 


അഭിമുഖം തയ്യാറാക്കിയത് കെ സുരേഷ്. ഫോട്ടോ: അന്‍വര്‍ പട്ടാമ്പി

click me!