നില്ല്.. നില്ല്.. സാഹസമരുതെന്ന് കൈതപ്രം

By Prashobh PrasannanFirst Published Nov 26, 2018, 5:13 PM IST
Highlights

നില്ല്.. നില്ല്.. ചലഞ്ചിനെ കുറിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന് പറയാനുള്ളത്. പ്രശോഭ് പ്രസന്നൻ നടത്തിയ അഭിമുഖം.

നവമാധ്യമങ്ങളില്‍ ചലഞ്ചുകളുടെ പ്രളയകാലമാണ്. കീകീ ചലഞ്ചും ഐസ്ബക്കറ്റ് ചലഞ്ചും തുടങ്ങി പല ചലഞ്ചുകള്‍ക്കും ശേഷം ടിക് ടോക്ക്, മ്യൂസിക്കലി എന്നീ ആപ്പുകളിലൂടെയുള്ള ചലഞ്ചാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇതില്‍ കൈതപ്രം ദാമോദരൻ എഴുതി ജാസി ഗിഫ്റ്റ് ഈണമിട്ട് ആലപിച്ച നില്ല് നില്ലെന്റെ നീലക്കുയിലേ എന്ന അടിപൊളി പാട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പച്ചിലകൾ കയ്യിൽപ്പിടിച്ച് ഓടുന്ന വാഹനങ്ങള്‍ക്കു മുന്നിലേക്ക് എടുത്ത് ചാടി ഈ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്ന യുവാക്കളുടെ വീഡിയോകള്‍ വൈറലാകുകയാണ്.  ഓടിയെത്തുന്ന ബസ് ഉൾപ്പടെയുള്ളവയ്ക്കു മുന്നിലേക്ക് ഹെൽമറ്റ് ധരിച്ചും ധരിക്കാതെയുമൊക്കെ ചാടിവീഴുന്ന യുവാക്കൾ വാഹനത്തിനു മുമ്പിൽ കിടന്ന് തുള്ളി മറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പോലീസ് വാഹനം പോലും വെറുതെ വിടുന്നില്ലെന്നുള്ളതാണ് ഏറെ കൌതുകം. ഈ ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി സാക്ഷാല്‍ കേരള പൊലീസ് തന്നെ കഴിഞ്ഞദിവസം രഗത്തെത്തിയതാണ് ഇതു സംബന്ധിച്ച് ഒടുവിലെ വാര്‍ത്ത.

യുവാക്കളുടെ ഈ പ്രകടനങ്ങളില്‍ അല്‍പ്പം ദു:ഖിതനാണ് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പതിനാല് വര്‍ഷം മുമ്പ് താനെഴുതിയ ഒരു പാട്ട് ഇപ്പോള്‍ വൈറലായതില്‍ സന്തോഷമുണ്ടെങ്കിലും കുട്ടികളുടെ ഈ പ്രകടനങ്ങളില്‍ ആശങ്കയുണ്ടെന്നാണ് കൈതപ്രം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.

റെയിന്‍ റെയിന്‍ കം എഗൈന്‍ എന്ന ജയരാജ് ചിത്രത്തിനു വേണ്ടി 2004ലാണ് കൈതപ്രവും ജാസി ഗിഫ്റ്റും ചേര്‍ന്ന് നില്ല് നില്ല് എന്ന ഗാനം സൃഷ്‍ടിക്കുന്നത്.

വളരെ വേഗം എഴുതിത്തീര്‍ത്ത ഒരു പാട്ടാണിതെന്ന് കൈതപ്രം ഓര്‍ക്കുന്നു. കേരളക്കരയെ ആകെ ഇളക്കിമറിച്ച ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിക്ക് ശേഷമായിരുന്നു ജാസിയും കൈതപ്രവും ഈ പാട്ടിനു വേണ്ടി ഒരുമിക്കുന്നത്. കൈതപ്രത്തിന്‍റെ കോഴിക്കോട് തിരുവണ്ണൂരിലുള്ള വീട്ടില്‍ വച്ചായിരുന്നു പാട്ടിന്‍റെ കംപോസിംഗ്. ജയരാജും ജാസിയും വീട്ടിലെത്തി. ലജ്ജാവതി പോലെ ജാസിയുടെ ശൈലിയില്‍ പാടാന്‍ പറ്റിയ ഒരു ഗാനമെന്നതായിരുന്നു കണ്‍സെപ്റ്റ്. ലജ്ജാവതിയെപ്പോലെ ജമൈക്കന്‍ റെഗ്ഗേ സംഗീതത്തിന്‍റെ ചുവടുപിടിച്ചായിരുന്നു ഈ ഈണവും. അതിനനുസരിച്ച് അപ്പോള്‍ത്തന്നെ വരികളും എഴുതിക്കൊടുത്തു. നില്ല് നില്ല് ഉള്‍പ്പെടെ ഏഴോളം ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. അവയില്‍ തെമ്മാടിക്കാറ്റേ, പൂവിന്നുള്ളില്‍ തുടങ്ങിയ ഗാനങ്ങളും ഹിറ്റായിരുന്നു- കൈതപ്രം ഓര്‍ക്കുന്നു.

നില്ല് നില്ല് എന്ന പാട്ട് ഇപ്പോഴുണ്ടാക്കുന്ന പുകിലുകളെപ്പറ്റി വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്ന് കൈതപ്രം പറയുന്നു. ചെറിയ ചെറിയ കുസൃതികളൊക്കെ ആവാം. പക്ഷേ കുട്ടികള്‍ ജീവന്‍ പണയം വച്ച് സാഹസം കാണിക്കരുതെന്നാണ് അപേക്ഷ. എന്നും ജനങ്ങളുടെ പക്ഷത്ത് നിന്ന് പാട്ടുകളെഴുതാന്‍ ശ്രമിച്ചയാളാണു താന്‍. സ്വപ്നക്കൂടിലെ ഇഷ്‍ടമാണെടാ, കറുപ്പിനഴക് തുടങ്ങിയ ഗാനങ്ങളൊക്കെ അങ്ങനെ പിറന്നവയാണ്. ആ പാട്ടുകളൊക്കെ എഴുതുമ്പോഴും പോസിറ്റീവ് ചിന്ത മാത്രമായിരുന്നു മനസില്‍. കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നാണ് കുട്ടികളോട് പറയാനുള്ളത്. പാട്ടുകള്‍ ഇഷ്‍ടപ്പെടുക, ആസ്വദിക്കുക, പക്ഷേ അതിന്‍റെ പേരില്‍ റോഡിലിറങ്ങി സാഹസം കാണിക്കരുത്- കൈതപ്രം പറയുന്നു.

ജമൈക്കന്‍ റെഗ്ഗെയും റാപ്പുമൊക്ക സംയോജിപ്പിച്ച് മലയാള സിനിമയ്ക്കായി ജാസി ഗിഫ്റ്റ് ഒരുക്കിയ എത്തിനോ പോപ്‌ ടൈപ്പ് ഈണങ്ങളില്‍ ഭൂരിഭാഗത്തിനും വരികളെഴുതിയത് കൈതപ്രമായിരുന്നു. എട്ടോളം സിനിമകള്‍ക്കായി ഇരുവരും ചേര്‍ന്നൊരുക്കിയ നാല്‍പ്പതോളം പാട്ടുകള്‍ തലമുറകളെ താളം ചവിട്ടിക്കുമെന്നതിന് ടിക് ടോക് തന്നെ തെളിവ്.

 

click me!