'നീ പെട്ടിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം'; വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് ജയസൂര്യയുടെ കുറിപ്പ്

By Web TeamFirst Published Jan 26, 2019, 2:03 PM IST
Highlights

പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാന്‍ നിനക്ക് തന്ന ഒരു വാക്കുണ്ട് 'നിന്റെ മുഖത്തെ ആ ചിരി ഞാന്‍ ഒരിക്കലും മായ്ക്കില്ല എന്ന് 'ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ...
 

പതിനഞ്ചാം വിവാഹ വാര്‍ഷികത്തിന് ഭാര്യയുമായുള്ള ബന്ധത്തിന്റെ ആഴം പറഞ്ഞ് ജയസൂര്യ. ഭാര്യയ്‌ക്കെഴുതുന്ന കത്തിന്റെ രൂപത്തില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ജയസൂര്യ ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന്റെ ഇഴയടുപ്പത്തെക്കുറിച്ച് വാചാലനാവുന്നത്. മാലിദ്വീപില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ജയസൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയസൂര്യ കുറിയ്ക്കുന്നു

രണ്ട് എന്ന ഒന്ന്.... നമ്മുടെ കല്ല്യാണത്തിനും മുന്‍പ്, നമ്മുടെ പ്രണയത്തിനും മുന്‍പ് നീ എന്നോട് പറഞ്ഞ ഡയലോഗുണ്ട്. 'നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ... ' എന്ന്. ആ പറഞ്ഞ നീ പെട്ടിട്ട് ഇന്നേക്ക് 15 വര്‍ഷം. ആ ഇടപെടലില്‍ നമുക്കിപ്പോ രണ്ട് മക്കളും. എനിക്ക് തോന്നീട്ടുള്ളത് കല്ല്യാണ സമയത്ത് നമ്മള്‍ ചിലപ്പോള്‍ മാനസികമായി ഒരേ തലത്തില്‍ ആയിരിക്കും എന്നാല്‍ കുറച്ച് നാള്‍ കഴിയുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒരു വ്യക്തി മാനസികമായി വളരും മറ്റേയാള്‍ അവിടെ തന്നെ നില്‍ക്കും, അപ്പോഴാണ് എന്നെ മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറയുന്നത്. എന്തായാലും നീ വളര്‍ന്നതോടൊപ്പം എന്നെയും ഒപ്പം വളര്‍ത്തിയതിന് നിനക്ക് നന്ദി. പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാന്‍ നിനക്ക് തന്ന ഒരു വാക്കുണ്ട് 'നിന്റെ മുഖത്തെ ആ ചിരി ഞാന്‍ ഒരിക്കലും മായ്ക്കില്ല എന്ന് 'ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ... ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും. ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. നീ ഇന്നും ഭാര്യ മാത്രമാകാതെ എന്റെ ഫ്രണ്ടായും പ്രണയിനിയായും, എന്നില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു ഒരു ആത്മാവിന് രണ്ട് ശരീരങ്ങളില്‍ ജീവിക്കാന്‍ കഴിയുമെന്ന്. ഇനിയുള്ള ജന്മ ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ... എന്ന പ്രാര്‍ത്ഥനയോടെ... നിന്റെ... ഞാന്‍

NB : ഇനിയും ഭാര്യമാരേ കുറിച്ച് ഇതുപോലെ എന്ത് നുണയും പറയാന്‍ ഞങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ ഒരിക്കലും ഒരു മടിയും കാണിക്കാറില്ല... ശരിയല്ലേ... MR. പെരേരാ...

click me!