'അച്ഛനും അമ്മയും അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള നാല് സിനിമകള്‍'; കാളിദാസിന്റെ തിരഞ്ഞെടുപ്പ്

By Web TeamFirst Published Oct 13, 2018, 10:25 AM IST
Highlights

പൂമരത്തിന് ശേഷം ഒട്ടേറെ മികച്ച അവസരങ്ങളാണ് കാളിദാസിനെ തേടിയെത്തുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്, സന്തോഷ് ശിവന്‍ എന്നിവരുടെ പ്രോജക്ടുകളുണ്ട് കാളിദാസിന്.

ബാലതാരമായെത്തിയ രണ്ടാംചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് തേടിയെത്തിയ നടനാണ് കാളിദാസ് ജയറാം. അവാര്‍ഡ് നേടിക്കൊടുത്ത 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിന് ശേഷം പിന്നീട് കാളിദാസ് സ്‌ക്രീനിലെത്തുന്നത് 2016ല്‍ നായകനായാണ്. അമുദേശ്വര്‍ സംവിധാനം ചെയ്ത 'മീന്‍കുഴമ്പും മണ്‍പാനയും' എന്ന ചിത്രത്തിലൂടെ. ബാലതാരമായി തുടരാതിരുന്നതിന് പിന്നില്‍ മാതാപിതാക്കളുടെ തീരുമാനമായിരുന്നെന്ന് കാളിദാസ് പറഞ്ഞിട്ടുണ്ട്. തന്റെ പഠനത്തെ ബാധിക്കും എന്നതിനാലാണ് അവര്‍ അത്തരമൊരു തീരുമാനമെടുത്തതെന്നും.

എന്നാല്‍ അഭിനേതാക്കളായ മാതാപിതാക്കള്‍ അഭിനയിച്ച ചിത്രങ്ങളില്‍ കാളിദാസിന് ഏറ്റവും പ്രിയപ്പെട്ട സിനിമകള്‍ ഏതൊക്കെയാണ്? ദി ഹിന്ദു ഫ്രൈഡേ റിവ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും അഭിനയിച്ചവയില്‍ ഇഷ്ടമുള്ള ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പറയുന്നു കാളിദാസ്. 'അച്ഛന്‍ അഭിനയിച്ചവയില്‍ കേളിയും (1991/ഭരതന്‍) ശേഷവുമാണ് (2002/ടി കെ രാജീവ്കുമാര്‍) എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടെണ്ണം. അമ്മ അഭിനയിച്ചവയില്‍ വടക്കുനോക്കിയന്ത്രവും (1989/ശ്രീനിവാസന്‍) കിരീടവും (1989/സിബി മലയില്‍)', കാളിദാസ് പറയുന്നു.

കാളിദാസ് ജയറാമിന്റെ മലയാളത്തിലെ നായകനായുള്ള അരങ്ങേറ്റം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ഒന്നായിരുന്നു. എബ്രിഡ് ഷൈനിന്റെ പൂമരം ബോക്‌സ്ഓഫീസില്‍ വലിയ പ്രതികരണമുണ്ടാക്കിയില്ലെങ്കിലും കാളിദാസിന്റെ കടന്നുവരവ് ശ്രദ്ധിക്കപ്പെട്ടു. പൂമരത്തിന് ശേഷം ഒട്ടേറെ മികച്ച അവസരങ്ങളാണ് കാളിദാസിനെ തേടിയെത്തുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്, സന്തോഷ് ശിവന്‍ എന്നിവരുടെ പ്രോജക്ടുകളുണ്ട് കാളിദാസിന്. അല്‍ഫോന്‍സ് പുത്രന്റെ തമിഴ് ചിത്രത്തിലും അഭിനയിച്ചേക്കും. 

click me!