
ജയറാമിന്‍റെ മകന്‍ കാളിദാസ് നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസിനായി എല്ലാവരും കാത്തിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പ്രചരിച്ചൊരു വാര്‍ത്തയാണ് പൂമരം റിലീസ് ചെയ്തു എന്നത്. സമൂഹമാധ്യമങ്ങള്‍ പൂമരത്തിന്റെ നിരൂപണം കൊണ്ടും നിറഞ്ഞു. എന്നാല്‍ ട്രോളന്മാരാണ് ഈ പണി ഒപ്പിച്ചത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പൂമരത്തിന്റെ ഒരു റിവ്യു ഇങ്ങനെയാണ്,
'പ്രതീക്ഷകളോട് നീതി പുലര്‍ത്തിയ പൂമരം എന്ന് ഒറ്റ വാക്കില്‍ പറയാം. ക്ലാസ്സ്‌മേറ്റ്സിനു ശേഷം മികച്ച ഒരു ക്യാമ്പസ് മൂവി. കലാലയ ജീവിതത്തെ ഇത്രമേല്‍ ഒപ്പിയെടുത്ത ഒരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് നിസംശയം പറയാം. റിയലിസ്റ്റിക് സിനിമ അനുഭവം നല്‍കികൊണ്ട് എബ്രിഡ് ചേട്ടന്റെ മികച്ച സംവിധാനവും, കാളിയുടെ മികവുറ്റ അഭിനയ മുഹര്‍ത്തങ്ങളുമാണ് എടുത്തു പറയേണ്ടത്. ഒരു ക്യാമ്പസ് ട്രാവല്‍ മൂവിയാണ് ഇത്.
നഷ്ടപ്പെട്ടുപോയ കാമുകിയുടെ ഓര്‍മകളാല്‍ ജീവിക്കുന്ന നായകന്‍. അങ്ങനെയിരിക്കെ കോളേജിലെ ജൂനിയര്‍ സ്റ്റുഡന്റസ് വരുന്നു. അതില്‍ മലയാളം ഡിപ്പാര്‍ട്മെന്റിലെ അഞ്ജലിയെ നായകന്‍ ഇഷ്ടപെടുന്നു. എന്നാല്‍ തന്റെ ഇഷ്ടം തുറന്നു പറയാന്‍ സാധിക്കാതെ നില്‍കുമ്പോള്‍ കോളേജില്‍ ആര്‍ട്സ് ഡേ വരുന്നു, അന്ന് ഗായകനായ നായകന്‍ ഞാനും ഞാനുമെന്റാളും, എന്ന ഗാനം പാടുകയും, അത് കേട്ട് ഇഷ്ടപെട്ട നായിക കാളിയോട് തനിക്കും ഒരു കപ്പല്‍ വേണം എന്ന് ആവശ്യപെടുന്നു. പിന്നീട് അങ്ങോട്ട് പൂമരം കൊണ്ട് ഉള്ള കപ്പല്‍ തേടിയുള്ള നായകന്റെ യാത്രയാണ്. യാത്രക്ക് പോകുന്നതിനു മുന്‍പ് തന്റെ വസ്ത്രധാരണത്തില്‍ തന്നെ നായകന്‍ മാറ്റം വരുത്തുന്നു. മുണ്ട് എടുത്തിരുന്ന നായകന്‍ ജീന്‍സും ജാക്കറ്റും തൊപ്പിയും ട്രാവല്‍ ബാഗുമായി നില്‍കുമ്പോള്‍ ഇന്റര്‍വെല്‍ ബ്ലോക്ക്.
കപ്പല്‍ അന്വേഷിച്ചുള്ള ലോകം മുഴുവനുമുള്ള യാത്രയോട് കൂടിയാണ് 2ആം പകുതി ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തുടങ്ങി ബ്രസീലില്‍ എത്തുമ്പോള്‍ നായകന്‍ ആ വാര്‍ത്ത കേള്‍ക്കുന്നു , നായികക്ക് കാന്‍സര്‍ ആണ്, ഇന്നോ നാളെയോ എന്ന് അറിയാതെ ജീവിതം തള്ളി നീക്കുകയാണ് ആ കുട്ടിയെന്നു. അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി നായകന്‍ യാത്ര തുടരുന്നു.
അങ്ങനെ ആഫ്രിക്കന്‍ കാടുകളില്‍ എത്തിയ നായകന്‍ അവിടെയുള്ള ഗീത്രോ തോഗറോ വംശത്തില്‍ നിന്നും പൂമര കപ്പല്‍ സ്വന്തമാക്കുകയും, അതുംകൊണ്ട് കൊച്ചി തുറമുഖത്തേക്ക് വരുകയും ചെയുന്നു. കപ്പല്‍ ഇറങ്ങിയതും അവന്‍ ആ വാര്‍ത്ത കേള്‍ക്കുന്നു. നായികയെ ചികില്‍സിക്കാന്‍ വന്ന ഡോക്ടറുമായി അവള്‍ പ്രണയത്തില്‍ ആയെന്നു. ദേഷ്യവും വിഷമവും ഉള്ളില്‍ ഒതുക്കി കൊണ്ട് അവരെ തന്റെ പൂമര കപ്പലില്‍ ഹണിമൂണിനായി അയക്കുന്നു. ത്യാഗങ്ങള്‍ ഏറ്റുവാങ്ങുന്ന നായകന്‍ വീണ്ടും മുണ്ട് എടുത്തു നടന്നു വരുമ്പോള്‍ ചിത്രം അവസാനിക്കുന്നു.
നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവല്‍ മൂവിയാണ് പൂമരം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. എന്തുകൊണ്ടും കുടുംബവുമായി കാണാവുന്ന നല്ല ചിത്രം തന്നെയാണ് ഇത്.''
പൂമരം റിവ്യൂ കലക്കി, അടിപൊളി എന്നാണ് ഇതിന് കാളിദാസ് പ്രതികരിച്ചത്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ