കമല്‍ഹാസന്‍ മൂന്നാംകിട നടനെന്ന് തമിഴ്‌നാട് മന്ത്രി

By Web DeskFirst Published Jul 17, 2017, 1:53 PM IST
Highlights

സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ, ചലച്ചിത്ര താരം കമലഹാസനെ വ്യക്തിപരമായി ആക്രമിച്ച് തമിഴ്നാട് മന്ത്രിമാര്‍. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മൂടിയിരിക്കുകയാണെന്ന കമലിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

കമല്‍ഹാസന്‍ അവതാരകനായുള്ള ബിഗ് ബോസ് പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയിരുന്നു. പരിപാടി തമിഴ് സംസ്‌കാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണ് എന്നാരോപിച്ചാണ് സംഘടന നിരോധന ആവശ്യം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ ആക്രമണം.

കമല്‍ഹാസന്‍ മൂന്നാം കിട നടനാണെന്ന്  നിയമമന്ത്രി സി വി ഷണ്‍മുഖം ആരോപിച്ചു. ഒരു സിനിമയിലും അവസരം കിട്ടാത്ത നടനാണ് കമല്‍ഹാസന്‍. കാശുണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ് അദ്ദേഹം. സ്ത്രീ വിഷയം സംസാരിക്കാന്‍ കമലഹാസന് ധാര്‍മികത ഇല്ല. വിവാഹിതരാവാതെ ഒരു താരവുമായി ലിവ് ഇന്‍ ബന്ധം പുലര്‍ത്തിയ ഇദ്ദേഹം പിന്നീടവരെ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്, ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് കമല്‍ഹാസന്‍. തങ്ങള്‍ക്കെതിരെയോ രാജ്യത്തെ ഏതെങ്കിലും പൗരനെതിരെയോ സംസാരിക്കാനുള്ള അധികാരം കമല്‍ഹാസനില്ല. കമല്‍ഹാസന്റെ ചാനല്‍ പരിപാടിയായ ബിഗ് ബോസ് ദളിത് വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരം കമലിനെതിരെ നിയമനടപടി സ്വീകരിക്കണം. ആദായ നികുതി വെട്ടിപ്പ് നടത്തിയോ എന്ന കാര്യവും അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

താരത്തിന്റെ ആദായ നികുതി കണക്കുകള്‍ പരിശോധിക്കുന്നതിന് പരിശോധന നടത്തുമെന്ന് നഗരസഭാ കാര്യ മന്ത്രി എസ് പി വേലുമണി അറിയിച്ചു. പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളാണ് കമല്‍ഹാസന്‍. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ കമലഹാസനോട് മന്ത്രി ആവശ്യപ്പെട്ടു.

അഴിമതിയാരോപണം നടത്തിയാല്‍ പോരാ തെളിവുകള്‍ ഹാജരാക്കണമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ കമല്‍ഹാസനോട് ആവശ്യപ്പെട്ടു.

click me!