എങ്കിൽ ഞാൻ ഒരു കൃഷിക്കാരിയായേനെ, സ്വജനപക്ഷപാത വിഷയത്തിൽ കങ്കണയുടെ ചുട്ട മറുപടി

By Web DeskFirst Published Jul 23, 2017, 10:13 AM IST
Highlights

ബോളിവുഡില്‍ സ്വജനപക്ഷപാതത്തെക്കുറിച്ച് നടക്കുന്ന ചർച്ചകൾ ഇപ്പോൾ തുറന്ന കത്തുകളിലേക്ക് എത്തി നിൽക്കുന്നു.  ഏറ്റവും ഒടുവിൽ സെയ്ഫ് അലി ഖാൻ്റെ  കത്തിന്  തുറന്ന കത്തിലൂടെ തന്നെ ചുട്ട മറുപടി നൽകിയിരിക്കുകയാണ് കങ്കണ.ബോളിവുഡിലെ സ്വജനപക്ഷപാതങ്ങളെ കുറിച്ച് തുറന്നടിച്ച കങ്കണയെ ഐഐഎഫ്എ അവാർഡ് വേദിയിൽ വച്ച് കരൺ ജോഹറും സെയ്ഫ് അലി ഖാനും വരുൺ ഖാനും പരിഹസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് മൂവർക്കുമെതിരെ പ്രതിഷേധമുയരുകയും ചെയ്തു. ഒടുവിൽ മൂവരും ക്ഷമാപണം നടത്തുകയായിരുന്നു.  

ആദ്യം കങ്കണയോട് ക്ഷമാപണവുമായി എത്തിയത് വരുൺ ധവാനാണ്. പിന്നീട് കരൺ ജോഹർ വന്നു. ഇനി കങ്കണയെ വേദനിപ്പിക്കുന്ന തരത്തിലോ സ്വജനപക്ഷ പാതം സംബന്ധിച്ചോ സംസാരിക്കില്ലെന്ന് കരൺ ജോഹർ പറഞ്ഞു. ഒടുവിൽ ഈ വിഷയത്തിൽ സെയ്ഫ് അലി ഖാൻ്റെ തുറന്ന കത്തും വൈറലായി. ഏതായാലും സെയ്ഫ് അലി ഖാൻ്റെ തുറന്ന കത്തിന് മറ്റൊരു തുറന്ന കത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ കങ്കണ. 'പാരമ്പര്യമാണ് കാര്യമെങ്കിൽ ഞാനൊരു കൃഷിക്കാരിയായി വീട്ടിലിരിക്കുമായിരുന്നു', കങ്കണ തുറന്നടിച്ചു.

'നിങ്ങൾ താരങ്ങളുടെ മക്കളും പാരമ്പര്യഗുണങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നു. പരീക്ഷിച്ച് കഴിവ് തെളിയിക്കപ്പെട്ട ജീനുകൾക്ക് കിട്ടുന്നു അംഗീകാരമായി താങ്കൾ പക്ഷപാതിത്വത്തെ കാണുന്നു. ഞാൻ കുറേക്കാലം ഈ ജനിതകശാസ്ത്രമൊക്കെ പഠിച്ചതാണ്. പക്ഷെ ഈ ജനിതക മികവുള്ള പന്തയക്കുതിരകളെ എങ്ങനെയാണ് കലാകാരന്മാരുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. കലാപരമായ കഴിവുകൾ, കഠിനാദ്ധ്വാനം, അനുഭവപരിചയം , അച്ചടക്കം, സ്‌നേഹം ഇതെല്ലാം ജീനുകളിലൂടെ പാരമ്പര്യമായി കിട്ടുന്ന ഒന്നാണെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്? നിങ്ങൾ പറയുന്നത് ശരിയായിരുന്നെങ്കിൽ ഞാനൊരു കൃഷിക്കാരിയായി വീട്ടിലിരിക്കുമായിരുന്നു. എൻ്റെ ജീൻ പൂളിലെ ഏത് ജീന്‍ ആണ് ചുറ്റുപാടുകളെ നിരീക്ഷിക്കാനുള്ള കഴിവ് എനിക്ക് തന്നതെന്നോ എൻ്റെ താൽപര്യങ്ങളെ വ്യാഖ്യാനിക്കാനും പ്രകടിപ്പിക്കാനും അതിനായി സമർപ്പിക്കാനും എന്നെ സഹായിച്ചതെന്നോ എനിക്കറിയില്ല'. സ്വജനപക്ഷപാതത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളിൽ അൽപ്പം ദേഷ്യം തോന്നുന്നതാണെങ്കിലും ആരോഗ്യകരമാണ്. ഇതിൽ ചിലതെല്ലാം ഞാൽ ആസ്വദിച്ചു. എന്നാലും മറ്റുചില കാര്യങ്ങൾ എന്നെ അസ്വസ്ഥയാക്കി ,സെയ്ഫ് അലി ഖാൻ്റെ തുറന്ന കത്തിന് മറ്റൊരു തുറന്ന കത്തിലൂടെ കങ്കണ കുറിച്ചു. 

'സെയ്ഫ്, എന്നോട് മാപ്പപേക്ഷിക്കുന്നതായി കത്തിൽ നിങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ ആരോടും ഒന്നും വിശദീകരിക്കാനില്ലെന്നും ഈ പ്രശ്‌നം ഇതോടെ തീർന്നതായും നിങ്ങൾ പറയുന്നു. സെയ്ഫ്, ഇത് എൻ്റെ മാത്രം പ്രശ്‌നമല്ല. പക്ഷപാതിത്വങ്ങൾ ബുദ്ധിപരമായ പ്രവണത എന്നതിനേക്കാൾ താല്‍ക്കാലികമായ വികാരങ്ങളുടെ പുറത്തുണ്ടാകുന്നതാണ് മിക്കപ്പോഴും. ബിസിനസും വലിയ ലാഭം ലക്ഷ്യമിട്ടും ഇത്തരം വികാരങ്ങളുടെ പുറത്തും നടത്തപ്പെടുന്നതാണ്. അല്ലാതെ വലിയ മൂല്യങ്ങളുടെ പുറത്തുള്ളതൊന്നുമല്ല. വസ്തുനിഷ്ഠതയും യുക്തിയും വച്ച് നോക്കിയാൽ സ്വജന പക്ഷപാതങ്ങൾക്ക് ഒരു അര്‍ത്ഥവുമില്ല. എന്നേക്കാൾ മുമ്പ് ഇവിടെ വലിയ വിജയം നേടിയ പലരിൽ നിന്നുമാണ് എനിക്ക് ഇത്തരം മൂല്യങ്ങൾ പകർന്നുകിട്ടിയിട്ടുള്ളത്. ഇത്തരം മൂല്യങ്ങളുടെ പകർപ്പവകാശം ആർക്കുമില്ല. വിവേകാനന്ദൻ, ഐൻസ്റ്റീൻ, ഷേക്‌സ്പിയർ തുടങ്ങിയവർ ഒരു ചെറിയ കൂട്ടത്തിൽ പെടുന്നവരല്ല. അവർ പൊതുവായ മാനവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ സൃഷ്ടികളാണ് നമ്മുടെ ഭാവിയെ രൂപപ്പെടുത്തിയത്. അതുപോലെ നമ്മുടെ സൃഷ്ടികളാണ് വരും തലമുറകളുടെ ഭാവിയെ രൂപപ്പെടുത്തുക', കങ്കണ തുറന്നടിച്ചു.

'

എനിക്ക് ഈ വിഷയത്തിൽ ഏറ്റവും വലിയ വേദന തോന്നിയത് കരൺ ജോഹറിൻ്റെ ബ്ലോഗ് കണ്ടപ്പോഴാണ്. സിനിമ ഇൻഡസ്ട്രിയിൽ വിജയിക്കുന്നതിന് പല ഘടകങ്ങളുണ്ടെന്നും പ്രതിഭ അതിൽ വലിയ കാര്യമൊന്നുമല്ലെന്നും കരൺ പറഞ്ഞിരുന്നു. ആരാണ് അദ്ദേഹത്തെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചത് എന്നറിയില്ല. ദിലീപ് കുമാർ, കെ ആസിഫ്, ബിമൽ റോയ്, സത്യജിത് റേ, ഗുരു ദത്ത് തുടങ്ങിയ അസാമാന്യ പ്രതിഭയുള്ള വ്യക്തികളാണ് നമ്മുടെ ഇപ്പോഴത്തെ സിനിമയ്ക്ക് അടിത്തറ പാകിയത് എന്ന കാര്യം എങ്ങനെയാണ് അവഗണിക്കാനാവുക. ബ്രാൻഡഡ് വസ്ത്രങ്ങൾ, പോളിഷ് ചെയ്ത വാക് ചാതുര്യങ്ങൾക്കുമപ്പുറം ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിനും കൂടുതൽ അറിയാനും പഠിക്കാനുമുള്ള താൽപര്യങ്ങൾക്കും വിലയുണ്ട് എന്ന് തെളിയിക്കുന്ന സാഹചര്യങ്ങൾ എല്ലായ്പ്പോളും ഉണ്ടായിട്ടുണ്ട്. ഇത് എല്ലാ മേഖലകളിലുമെന്ന പോലെ സിനിമയിലുമുണ്ട്', കങ്കണ പറഞ്ഞു. ഇത് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. മറിച്ച് ആരോഗ്യകരമായ ഒരു സംവാദവും ആശയങ്ങൾ പങ്കുവയ്ക്കലുമാണ് എന്നും കങ്കണ പറയുന്നു.


 

click me!