
ദിലീപിനും രാമലീല സിനിമയ്ക്കും പിന്തുണ നല്‍കിയ ലാല്‍ ജോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാടകകൃത്തും കവിയുമായ കരിവെള്ളൂര്‍ മുരളി. ഫേസ്ബുക്കിലൂടെയാണ് കരിവെള്ളൂര്‍ മുരളിയുടെ പ്രതികരണം.
കരിവെള്ളൂര്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലാല്‍ ജോസ്, താങ്കളെ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു.
2006 ലാണ് ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' പുറത്തിറങ്ങിയത്.കേരളത്തെ ഇളക്കിമറിച്ച ഒരു പെണ്‍വേട്ടയെ മുന്‍നിര്‍ത്തി മധുജനാര്‍ദ്ദനന്റെ രചനയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ഒരു സത്രീ പക്ഷ ചലച്ചിത്രം.ഇടുക്കിയിലെ ഒരു പാവം തപാല്‍ ജീവനക്കാരന്റെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പണവും അധികാരവും മസില്‍ പവറുമുള്ള ഒരുകൂട്ടം ക്രിമിനലുകള്‍ ചേര്‍ന്ന് കേരളത്തിലും തമിഴ് നാട്ടിലുമുള്ള ഹോട്ടലുകളിലും റസ്റ്റ് ഹൌസുകളിലും ആയിരക്കണക്കിന് കിലോമീറ്റര്‍ കടത്തിക്കൊണ്ടുപോയി .കേന്ദ്രമന്ത്രി മുതല്‍ ബസ് ക്ലീനര്‍ വരെ 45 പേരോളം ചേര്‍ന്ന് രക്ത്തത്തിലും രേതസ്സിലും കുത്തിപ്പിഴിഞ്ഞു പിഞ്ഞിപ്പോയ ഒരു പെണ്ണുടല്‍ പഴന്തുണി പോലെ പാതവക്കില്‍ വലിച്ചെറിഞ്ഞു കടന്നു പോയ ഒരു യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമ.ലാല്‍ ജോസ് മറന്നു പോയിക്കാണും .സലിം കുമാര്‍ നായകനായി അഭിനയിച്ച ആ സിനിമകാണാന്‍ ഒന്നാം ദിവസം ആള്‍ കയറിയില്ല.രണ്ടാം ദിവസം അതുകാണാന്‍ കൊച്ചിയിലെ തീയറററില്‍ ഒരു അതിഥി എത്തി.സത്രീ പീഡന ങ്ങള്‍ക്കെതിരായ പോരാട്ടത്തിനു അന്നു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് സ:വി എസ് അച്യുതാനന്ദന്‍..20 വര്‍ഷത്തിനിടയില്‍ അദ്ദേഹം കണ്ട സിനിമ..പിറ്റേന്ന് പത്രത്തില്‍ വന്ന സിനിമാപരസ്യത്തിലെ ചിത്രം വിഎസ്സിന്റെ തായിരുന്നു. ആ സിനിമയ്ക്ക് ആദ്യം വന്ന റിവ്യു മാധ്യമത്തില്‍ കവര്‍ സ്റ്റോറി യായിരുന്നു.അതെഴുതിയത് ഞാനും ഡോ:പി.ഗീതയും.
പ്രിയപ്പെട്ട ലാല്‍ജോസ് ,പിറ്റേന്ന് നേരം പുലരുമ്പോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്ത ആദ്യ കോള്‍ ആവേശഭരിതനായി സംസാരിച്ചിരുന്ന താങ്കളുടെ തായിരുന്നു.സത്യമായും അതൊരു രാഷ്ട്രീയ സമരം തന്നെയായിരുന്നു.
കൃത്യം 11 വര്‍ഷം പിന്നിടുന്നു.അതിലും ഭീകരവും ബീഭത്സവുമായ മറ്റൊരു പെണ്‍ വേട്ട.ക്രിമിനല്‍ ചരിത്രത്തിലെ ആദ്യ കൊട്ടേഷന്‍ ബലാല്‍സംഗം.പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിലനില്‍ക്കുന്നുവെന്നു നാലാം വട്ടവും പറഞ്ഞു കോടതിയില്‍ നിന്നും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കുവേണ്ടി 'അവനൊപ്പം'എന്ന മുദ്രാവാക്യം മുഴക്കുന്ന ഒരു മുഖം 2017 ല്‍ ഞങ്ങള്‍ കാണുന്നു. കഷ്ടം ..അത് അച്ഛനുറങ്ങാത്ത വീട് കെട്ടിയ ലാല്‍ ജോസിന്റെതാണ്.പ്രിയ ലാല്‍ജോസ് ,മലയാള സിനിമയെ അടക്കി വാഴുന്ന മാഫിയകളുടെ മാനസപുത്രന്മാരായിത്തീരാന്‍ മത്സരിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളെ പ്പോലുള്ള സാധാരണ മനുഷ്യരുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലു വിലയായിരിക്കാം.പക്ഷേ,അന്നും ഇന്നും ഞങ്ങള്‍ 'അവള്‍ക്കൊപ്പം' തന്നെ.നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഇപ്പോള്‍ 'അവനൊപ്പം'എന്ന് ആര്‍ത്തു വിളിക്കുന്നു.പെണ്‍വേട്ടക്കാര്‍ക്കൊപ്പം ,ബലാല്‍ സംഗികള്‍ക്കൊപ്പം,പണവും പ്രശസ്തിയും സംഘബലവും കൊണ്ട് മദിക്കുന്ന കുറ്റവാളികള്‍ക്കൊപ്പം.
പ്രതികള്‍ രക്ഷപ്പെട്ടേക്കാം.പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം .പക്ഷെ കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിനു താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ല.
അത് കൊണ്ട് ലാല്‍ ജോസ് മറ്റൊന്നും ചിന്തിക്കാതെ താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ