എ ക്ലാസ് തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും; ഭൈരവ റിലീസ് ചെയ്യും

By Web DeskFirst Published Jan 12, 2017, 3:01 AM IST
Highlights

കൊച്ചി: കേരളത്തിലെ തിയറ്ററുകളില്‍ 19 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന നിലപാടിലുറച്ച്‌ നിര്‍മാതാക്കളും വിതരണക്കാരും. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഇന്നുമുതല്‍ തിയറ്ററുകള്‍ അടച്ച്‌ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംയുക്‌തയോഗത്തിലാണ്‌ നിലപാടിലുറച്ചുനില്‍ക്കാന്‍ തീരുമാനമായത്‌. 

വിജയ്‌ നായകനാകുന്ന തമിഴ്‌ ചിത്രം ഭൈരവ ഇന്നു മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ നിര്‍മാതാവ്‌ സിയാദ്‌ കോക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്‌ഥാനത്തെ 200 തിയറ്ററുകളിലാണ്‌ ഭൈരവ പ്രദര്‍ശനത്തിനെത്തുക. എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ ചില തിയറ്ററുകളിലും സിനിമ പ്രദര്‍ശനം ഉണ്ടാവുമെന്ന്‌ സിയാദ്‌ കോക്കര്‍ പറഞ്ഞു. സിനിമ റിലീസിങിന്റെ സ്‌റ്റേഷനുകള്‍ തീരുമാനിക്കുന്നതിനും മറ്റ്‌ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നയതിനുമായി നിര്‍മാതാക്കളും വിതരണക്കാരും സംയുക്‌തമായുള്ള കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 

എ,ബി,സി ക്ലാസ്‌ വേര്‍തിരിവില്ലാതെ ഇരുനൂറോളം തിയറ്ററുകളിലായിരിക്കും ഇന്ന്‌ ഭൈരവ റിലീസ്‌ ചെയ്യുക.  നിലവിലുള്ള 60-40 വിഹിതം അംഗീകരിക്കുന്ന എല്ലാ തിയറ്റര്‍ ഉടമകളുമായും വിതരണക്കാരും നിര്‍മാതാക്കളും സഹകരിക്കും. കൂടെനില്‍ക്കുന്ന തിയറ്റര്‍ ഉടമകളെ എന്തു വിലകൊടുത്തും സംരക്ഷിക്കും. ഭാവിയില്‍ സിനിമ റിലീസിങില്‍ ഇവരുടെ തിയറ്ററുകള്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്നും സിയാദ്‌ കോക്കര്‍ പറഞ്ഞു. 

എ.സി, ഡി.ടി.എസ്‌ സംവിധാനം പൂര്‍ത്തിയാക്കിയ തിയറ്ററുകള്‍ക്ക്‌ പ്രധാന ചിത്രങ്ങളുടെ റിലീസിങിന്‌ അവസരം നല്‍കണമെന്ന്‌ സര്‍ക്കാരിനോട്‌ നിര്‍ദേശം വച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എം. രഞ്‌ജിത്‌, ജി. സുരേഷ്‌ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

click me!