സ്വന്തം കുഞ്ഞിന് വാക്സിൻ നൽകുകയും, അതേസമയം സോഷ്യൽ മീഡിയയിൽ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കയും ചെയ്യുന്ന, നടൻ കൃഷ്ണകുമാറിന്റെ മകളും യൂട്യൂബറുമായ ദിയ കൃഷ്ണയ്‌ക്കെതിരെ വിമർശനം കനക്കുന്നു. Criticism against Diya Krishna on her anti vaccine statement
കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എടുക്കുന്നതിനെതിരെ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നു. വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങൾക്ക് ക്രോണിക് ആയ അസുഖങ്ങൾ വരാൻ സാധ്യത കൂടുതാലാണെന്ന് പതിമൂന്നോളം പഠനങ്ങൾ പറയുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയാണ് ദിയ കൃഷ്ണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 1 മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള ദിയ കൃഷ്ണയെ പോലുള്ള വ്യക്തികൾ ഇത്തരം അശാസ്ത്രീയമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനെതിരെ വലിയ വിമർശനമാണ് റെഡിറ്റിൽ അടക്കം ഉയർന്നുവരുന്നത്.

സയൻസിൽ വിശ്വസിക്കുന്നില്ലെങ്കിലും ദിയ സ്വന്തം കുഞ്ഞിന് വാക്സിനേഷൻ എടുക്കുകയും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് ഉയർന്നുവരുന്ന പ്രധാന വിമർശനങ്ങൾ. ദിയ കുഞ്ഞിന് വാക്സിനേഷൻ നൽകുന്ന പഴയ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും പങ്കുവയ്ക്കപ്പെടുന്നുണ്ട്. 'ചാണകം മരുന്നാണെന്ന് വിശ്വസിക്കുന്ന അച്ഛന്റെ മോളല്ലേ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തെന്ന് ദിയ വീണ്ടും തെളിയിക്കുന്നു' എന്നും റെഡിറ്റിൽ കമന്റുകൾ വരുന്നു.

നേരത്തെ യൂട്യൂബിൽ പങ്കുവയ്ക്കുന്ന വീഡിയോയിൽ കുഞ്ഞിനെ വളർത്തുന്നതിനെ കുറിച്ചുള്ള ഉപദേശം തരുന്നവർക്കെതിരെ ദിയ കൃഷ്ണ രംഗത്തുവന്നിരുന്നു. “എല്ലാ വീടുകളിലും പല രീതിയിലാകും കുഞ്ഞുങ്ങളെ വളർത്തുന്നത്. മറ്റുള്ളവർ വളർത്തുന്നത് പോലെയാവില്ല ഞാൻ കുഞ്ഞുങ്ങളെ വളർത്തുന്നത്. ഞാൻ വളർത്തുന്നത് പോലെയാവില്ല മറ്റുള്ളവർ വളർത്തുന്നത്.”

'കുഞ്ഞിനെ നോക്കാൻ ഉപദേശങ്ങൾ തരുന്നത് ഇഷ്ടമല്ല'
"ഞങ്ങൾ ഞങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നത്. എല്ലാറ്റിനും ഉപരിയായി ഇത് എന്റെ കുഞ്ഞാണ്. എന്റെ വയറ്റിൽ നിന്നാണ് അവൻ പുറത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾ അടക്കം എല്ലാം എനിക്ക് അറിയാം. ഒരു പരിധി വിട്ട് എനിക്ക് കുഞ്ഞിനെ നോക്കാൻ ഉപദേശങ്ങൾ തരുന്നത് എനിക്ക് ഇഷ്ടമല്ല." എന്നായിരുന്നു ദിയ അന്ന് തന്റെ വ്ലോഗിലൂടെ പറഞ്ഞത്.



