
ഒരു കന്നഡ ചിത്രത്തിന് സാധാരണ ഗതിയില്‍ ലഭിക്കാത്ത പ്രീ റിലീസ് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് കെജിഎഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്തായ 'കെജിഎഫ്' ആദ്യ ട്രെയ്‌ലര്‍ പുറത്തെത്തിയതോടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. വന്‍ ക്യാന്‍വാസില്‍ ഒരുക്കിയ ചിത്രം ബജറ്റിലും ഉയര്‍ന്നതാണെന്ന് പിന്നാലെ അണിയറക്കാര്‍ വ്യക്തമാക്കി. മറ്റൊരു ബാഹുബലി എന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ റിലീസിനോട് അടുപ്പിച്ചുള്ള പ്രൊമോഷന്‍. മറ്റ് ക്രിസ്മസ് റിലീസുകളോടൊപ്പം അഞ്ച് ഭാഷകളില്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്.
അഞ്ച് ഭാഷാ പതിപ്പുകളില്‍ നിന്നുമായി 18.1 കോടിയാണ് ചിത്രം റിലീസ് ദിനത്തില്‍ നേടിയതെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക്. അതേസമയം ഹിന്ദി ബെല്‍റ്റില്‍ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഹിന്ദി പതിപ്പ് 1500 സ്‌ക്രീനുകളില്‍ നിന്നായി 2.10 കോടി മാത്രമാണ് നേടിയത്. എന്നാല്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചിത്രത്തിന് മെച്ചപ്പെട്ട പ്രതികരണം ലഭിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ കൂടി പുറത്തെത്തിയിട്ടേ ചിത്രത്തിന്റെ ഉത്തരേന്ത്യന്‍ സ്വീകാര്യതയെക്കുറിച്ച് ഒരു നിഗമനത്തിലെത്താനാവൂ എന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടി നായികയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പരിഭാഷപ്പെടുത്തി തീയേറ്ററുകളിലെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യഭാഗമാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.