
ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ അതിലൊരു കഥാപാത്രം പ്രേക്ഷകനൊപ്പം ഇറങ്ങിപോരുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍ എല്ലാ കഥാപാത്രങ്ങളും നമ്മളോടൊപ്പം ഇറങ്ങിവരികയെന്നാല്‍ അതിനെ എന്ത് വിളിക്കും..? കുമ്പളങ്ങി നൈറ്റ്‌സ് എന്ന് വിളിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. അത്തരത്തില്‍ മനോഹര ചിത്രമാണ് ശ്യാം പുഷ്‌കരന്റെ കഥയില്‍ നവാഗതനായ മധു സി. നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്‌റിയ നസീം എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാല് സഹോദരങ്ങളുടെ ഇഴമുറിയാത്ത ബന്ധങ്ങളുടെയും, അതിനപ്പുറത്ത് കുടുംബ ബന്ധങ്ങളിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രം തിയേറ്റില്‍ പുത്തന്‍ അനുവഭം തന്നെയാണ്. വിശദമായ റിവ്യൂ വായിക്കാം..
കുമ്പളങ്ങിക്കാരനായ നെപ്പോളിയന്റെ മക്കളില്‍ മൂത്തവനായ സജിയെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. സൗബിന്റെ പ്രകടനം ചിത്രത്തില്‍ വേറിട്ട് നില്‍ക്കുന്നു. ഓരോ സിനിമ തീരുമ്പോഴും സൗബിന്റെ ഗ്രാഫ് മേലോട്ട് ഉയര്‍ന്നുക്കൊണ്ടേയിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ, മായാനദി, പറവ തുടങ്ങിയ സിനികള്‍ സൗബിന്റെ ക്ലാസ് കാണിച്ചുതന്നതാണ്. കുമ്പളങ്ങിയിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക്ക് അഭിനയത്തിന്റെ പരമ്യത്തിലാണ് സൗബിന്‍. ഒട്ടും നാടകീയത കലരാതെ പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും സജി ചിത്രത്തിലങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്.
ഷെയ്ന്‍ നിഗമിനെ സംബന്ധിച്ചിടത്തോളം വിഷാദ നായകനില്‍ നിന്നുള്ള മോചനമായിരുന്നു ബോബി എന്ന കഥാപാത്രം. മുടി നീട്ടിവളര്‍ത്തി ഒരു തട്ടുപ്പൊളിപ്പന്‍ ഫ്രീക്കന്‍ ചെക്കന്‍. ബോബിയും സജിയും തമ്മിലുള്ള രസതന്ത്രമാണ് ചിത്രത്തെ ഒരു മടുപ്പും കൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. മനപൂര്‍വം ചിരിപ്പിക്കാന്‍ വേണ്ടിയല്ലാത്ത കോമഡി രംഗങ്ങളും ഭാവപ്രകടനങ്ങളും ചിത്രത്തിന് വേറിട്ടൊരു ഭാഷ തന്നെ നല്‍കുന്നു. ഇവര്‍ക്കിടയിലേക്ക് ശ്രീനാഥ് ഭാസി എത്തുന്നതോടെ സ്‌ക്രീനില്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. സഹോദരന്മാരില്‍ ഒരാളായ ബോണി എന്ന കഥാപാത്രമാണ് ഭാസിയുടേത്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരാള്‍ കൂടിയുണ്ട്. ഫ്രാങ്കിയെ അവതരിപ്പിച്ച മാത്യൂ തോമസ്. നാല് സഹോദരന്‍മാരില്‍ ഏറ്റവും ഇളയവനാണ് ഫ്രാങ്കി. ലക്ഷ്യങ്ങളില്ലാതെ അലസമായ ജീവിതം നയിക്കുന്ന മറ്റു സഹോദരന്മാര്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ബോണിക്കൊപ്പം ഫ്രാങ്കിക്കും വ്യക്തമായ പങ്കുണ്ട്.
ഷമ്മി എന്ന നെഗറ്റീവ് ചായ്‌വുള്ള കഥാപാത്രത്തെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ആണധികാരത്തിന്റെ പ്രതീകമാണ് ഷമ്മി. കടുംപിടുത്തക്കാരനായ ഷമ്മി പ്രേക്ഷകനെ ചിരിപ്പിക്കുന്നത് അയാളുടെ ഭാവപ്രകടനങ്ങളിലൂടെയും ചേഷ്ടകളിലൂടെയാണ്. ഫഹദ് ഇതുവരെ അവതരിപ്പിച്ചതില്‍ നിന്ന് മാറി ഒരു സൈക്കിക് കഥാപാത്രം. തുടക്കം മുതല്‍ ഷമ്മിയുടെ മുഖത്ത് ദുരൂഹതയുണ്ട്. അയാള്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ് ശ്യാം പുഷ്‌കരനും മധു സി. നാരായണനും ചിത്രത്തില്‍ ഒരുക്കി തന്നിട്ടുള്ളത്. എങ്കിലും പറയാതെ വയ്യ ഷമ്മിയേക്കാള്‍ ഒരുപടി മുകളിലായിരുന്നു സജിയും ബോബിയും ബോണിയുമെല്ലാം.
ബോബിയുടെ കാമുകിയായ ബേബി എന്ന കഥാപാത്രമാണ് പുതുമുഖമായ അന്ന ബെന്നിക്ക് ചെയ്യാനുള്ളത്. ആദ്യ സിനിമയുടെ അന്ധാളിപ്പൊന്നുമില്ലാതെ അന്ന കുമ്പളങ്ങിക്കാരിയായി മാറുകയായിരുന്നു. ഒരുഘട്ടത്തില്‍ ചിത്രത്തില്‍ ഗൃഹനാഥന്‍ ചമയുന്ന ഷമ്മിയെ വിറപ്പിച്ച് നിര്‍ത്തുന്നുണ്ട് ബേബി. ഷെയ്ന്‍ നിഗമുമായുള്ള പ്രണയ രംഗങ്ങളിലും ഒത്തിണക്കം കാണിച്ചു അന്ന. അന്നയുടെ സഹോദരിയായിട്ട് സ്‌ക്രീനിലെത്തുന്നത് ഗ്രേസ് ആന്റണിയാണ്. ഷമ്മിയുടെ ഭാര്യ കൂടിയാണ് സിനിയെന്ന ഗ്രേസിന്റെ കഥാപാത്രം. ഷമ്മിയുടെ സംസാരങ്ങള്‍ക്ക് വഴങ്ങി കീഴ്‌പ്പെട്ട കഴിയുന്ന ഉത്തമഭാര്യ. എന്നാല്‍ സിനിമ അവസാനത്തിലേക്കെത്തുമ്പോള്‍ സിനിയും തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.
ഷൈജു ഖാലിദിന്റെ ക്യാമറയാണ് സിനിമയെ മനോഹരമാക്കിയ മറ്റൊരു ഘടകം. അല്ലെങ്കിലും രാത്രിയെ ചിത്രീകരിക്കാന്‍ ഷൈജു ഖാലിന് പ്രത്യേക കഴിവ് തന്നെയുണ്ട്. ലിജോ ജോസിന്റെ ഈ മ യൗ അതിനൊരു ഉത്തമ ഉദാഹരണമായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തുമ്പോഴും പേര് സൂചിപ്പിക്കും പോലെ രാത്രിക്ക് ഏറെ പ്രാധാന്യമുണ്ട്. കുമ്പളങ്ങിയിലെ രാത്രികള്‍ ഇത്രത്തോളം മനോഹരമാക്കിയതില്‍ ക്യാമറാമാനും അഭിമാനിക്കാം. ശ്യാം പുഷ്‌കരനെ വേറിട്ട് നിര്‍ത്തുന്നത്, റിയലിസ്റ്റിക്ക് സംഭാഷണങ്ങളാണ്. ഇവിടെയും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. പൊതുയിടത്തില്‍ എങ്ങനെയാണോ ആളുകള്‍ സംസാരിക്കുന്നത്. അതുതന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സിനെ കഥാപാത്രങ്ങളും സംവദിക്കുന്നത്.
ഇനിയാണ് സംവിധായകന്റെ റോള്‍. ഇത് ശരിക്കും മധു സി. നാരായണന്‍ ഒരുപാട് കാത്തിരുന്ന്, മനപാഠമാക്കിയ ശേഷം ചെയ്ത സിനിമയാണ് ഏതൊരു പ്രേക്ഷകനും പറയും. അച്ചടക്കമുള്ള സംവിധാനം. കണ്ണെടുക്കാന്‍ തോന്നാത്ത വിഷ്വല്‍സ്. മിതമായി ഉപയോഗിച്ച കളര്‍ ടോണ്‍. എല്ലാംകൊണ്ടും ആദ്യ സംരംഭം തന്നെ മധു സി. നാരായണന്‍ മനോഹരമാക്കി. ആഷിഖ് അബു സിനിമകളിലെ സംവിധാന സഹായിയായ മധുവിന്റെ പേര് സ്വന്തന്ത്രമായി സ്‌ക്രീനില്‍ തെളിയുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കാതെ വഴിയില്ലായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ