'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍. കേസിലെ മുഖ്യപ്രതിയുടെ കമ്പനിയിൽ  നിന്ന് നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍. നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്നാണ് പണം എത്തിയത്. ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനാണ് ഇഡി നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം. നടനോട് അടുത്തയാഴ്ച വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. സാത്വിക് റഹീമിന്‍റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും. 

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്‍റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിക് പൊലീസിന്‍റെ പിടിയിലായി. 

പിന്നാലെയാണ് ഇഡിയും കേസെടുത്തത്. സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്‍റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലടക്കം പ്രവര്‍ത്തിച്ചു. ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തത്. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് സരിതയായിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയിൽ നിന്നു കൂടി വിവരം തേടിയത്. സ്വാതിക്കിനെ ഇഡി നേരത്തെ ചോദ്യം ചെയ്തതായാണ് വിവരം.

YouTube video player