'കരിന്തണ്ടന വഞ്ചകെത..'; ഏതാണ് ഈ ഭാഷ?

By Web DeskFirst Published Jul 5, 2018, 2:49 PM IST
Highlights
  • നിര്‍മ്മാണം കളക്ടീവ് ഫേസ് വണ്‍

വിനായകന്‍റെ മേക്കോവറിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു കരിന്തണ്ടന്‍ എന്ന ചിത്രത്തിന്‍റേത്. കമാല്‍ കെ.എം സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഐഡി മുതല്‍ ആഭാസം വരെ രാഷ്ട്രീയമായ ഉള്ളടക്കത്തിന്‍റെ പേരിലും ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ നിര്‍മ്മിച്ച കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല സന്തോഷ് ആണ് കരിന്തണ്ടന്‍ സംവിധാനം ചെയ്യുന്നത്. വിനായകന്‍റെയും ലീലയുടെയും കളക്ടീവ് ഫേസിന്‍റെയും മാത്രം പേരുകളുള്ള പോസ്റ്ററിലുള്ള സിനിമയുടെ ചുരുക്ക വിവരണം കൗതുകമുണര്‍ത്തുന്നതായിരുന്നു. മലയാളം ലിപിയില്‍ എഴുതിയതെങ്കിലും അത് മലയാളം ആയിരുന്നില്ല.

ഫസ്റ്റ് ലുക്ക്

'ബ്രിട്ടീഷുകാര് വയനാട്ടിലിക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പ വയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകെത' എന്നാണ് പോസ്റ്ററിലെ വിവരണം. ആദിവാസി പണിയവിഭാഗത്തില്‍ പ്രചാരത്തിലുള്ള പണിയ ഭാഷയാണ് ഇത്. ബ്രിട്ടീഷുകാര്‍ വയനാട്ടിലേക്ക് വന്ന സമയത്ത് അവര്‍ക്ക് വയനാടിലേക്ക് എളുപ്പവഴി കാണിച്ചുകൊടുത്ത കരിന്തണ്ടനെ വഞ്ചിച്ച കഥ എന്നാണ് ഈ വാക്യത്തിന്‍റെ അര്‍ത്ഥം. പണിയ വിഭാഗത്തില്‍ നിന്നുള്ള ആളാണ് സംവിധായിക ലീലയും. വിനായകന്‍ അവതരിപ്പിക്കുന്ന കരിന്തണ്ടന്‍ ഉള്‍പ്പെടെ, ചിത്രത്തിലെ പല കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും പണിയ ഭാഷയുടെ സ്വാധീനമുണ്ടാവുമെന്ന് ലീല സന്തോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. "എന്നാല്‍ സംഭാഷണങ്ങളൊന്നും പൂര്‍ണമായും പണിയഭാഷയില്‍ ആവില്ല. കാരണം സിനിമ കാണുന്ന എല്ലാ മലയാളികള്‍ക്കും ബുദ്ധിമുട്ടില്ലാതെ എളുപ്പത്തില്‍ മനസിലാവണമല്ലോ?" ലീല പറയുന്നു.

ലീല

വയനാട്ടിലെ ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യൂമെന്‍ററിയിലൂടെയാണ് ലീല സന്തോഷ് ശ്രദ്ധേയയാവുന്നത്. കെ.ജെ ബേബിയുടെ കനവിലൂടെയാണ് ലീല സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. കെ.ജെ ബേബി സംവിധാനം ചെയ്ത ഗുഡയില്‍ ലീല സന്തോഷ് സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്‍റെ കഥ പറയുന്ന ചിത്രമാണ് കരിന്തണ്ടന്‍. ചതിയില്‍ പെടുത്തി ബ്രിട്ടീഷുകാര്‍ വെടിവച്ചുകൊന്ന ആദ്യ രക്തസാക്ഷിയുമാണ് കരിന്തണ്ടന്‍ മൂപ്പന്‍. 

click me!