'മാമാങ്കം നിങ്ങളെ നിരാശപ്പെടുത്തില്ല'; വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാതാവ് പറയുന്നു

By Web TeamFirst Published Feb 10, 2019, 3:54 PM IST
Highlights

'അതിരുകടക്കുന്ന അവകാശവാദങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ ഞാനില്ല. കാലം തന്നെ തെളിയിക്കട്ടെ, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായി എന്ന്.'

ഒരു സിനിമ അതിന്റെ ചിത്രീകരണഘട്ടത്തില്‍ തന്നെ വിവാദങ്ങളില്‍ പെടുന്നത് അപൂര്‍വ്വമാണ്. സംവിധായകനും നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവില്‍ സംവിധായകനെത്തന്നെ നീക്കിയ ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന മാമാങ്കം. ചിത്രത്തിന്റെ രചയിതാവ് കൂടിയായ സംവിധായകന്‍ സജീവ് പിള്ളയ്ക്ക് പകരം പത്മകുമാറാണ് സിനിമയുടെ ഇപ്പോള്‍ പുരോമഗമിക്കുന്ന മൂന്നാം ഷെഡ്യൂള്‍ മുതല്‍ സംവിധാനം ചെയ്യുന്നത്. തന്റെ വാദങ്ങള്‍ നിരത്തി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സംവിധായകന്‍ സജീവ് പിള്ളയും മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. മാമാങ്കം സംബന്ധിച്ച വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് പിന്‍വലിഞ്ഞ് തുടങ്ങുമ്പോള്‍ ചിത്രത്തെക്കുറിച്ചും സിനിമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പറയുകയാണ് നിര്‍മ്മാതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാമാങ്കം നിര്‍മ്മാതാവ് പറയുന്നു

അവിചാരിതമായിട്ടാണ് ഞാന്‍ സിനിമയില്‍ എത്തിച്ചേരുന്നത്. സിനിമ അധികം കണ്ടിട്ടില്ല. സിനിമാസുഹൃത്തുക്കളും ഇല്ല. എങ്കിലും സമയത്തിന്റെ ഗുണമോ ദോഷമോ കൊണ്ട് ഞാനീ ലോകത്തില്‍ എത്തിച്ചേര്‍ന്നു. ഇനി ഇതില്‍നിന്ന് വെറുംകൈയോടെ ഒരു തിരിച്ചുപോക്കില്ല. ഉദ്ദേശിച്ച രീതിയിലും പലര്‍ക്കും കൊടുത്ത വാക്ക് പോലെയും ഇത് പൂര്‍ത്തിയാക്കണം. പ്രതിബന്ധങ്ങളും ആരോപണങ്ങളും സ്വാഭാവികം. തരണം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും മനസിലാക്കി തന്നെയാണ് യാത്ര. എനിക്കെതിരേ വൃഥാ ആരോപണം ഉന്നയിച്ചതുകൊണ്ട് എന്ത് ഫലം? തല്‍ക്കാലം ആശ്വസിക്കാം. സത്യവും നീതിയും വിജയിക്കും. അത് പ്രകൃതിനിയമം. അതിലെനിക്ക് പൂര്‍ണവിശ്വാസമാണ്. അതിരുകടക്കുന്ന അവകാശവാദങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ ഞാനില്ല. കാലം തന്നെ തെളിയിക്കട്ടെ, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായി എന്ന്. അതിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. മാമാങ്കമെന്ന വിസ്മയ സിനിമയുടെ ചിത്രീകരണം, ചാവേറുകളുടെ ചുടുചോര വീണ മണ്ണില്‍ പുരോഗമിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുന്ന നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല, വേണു കുന്നപ്പിള്ളിയുടെ കുറിപ്പ്.

click me!