
രാമേശ്വരം: കമല്‍ ഹാസന്‍റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ. കമലിന്‍റെ ജന്മനാടായ രാമേശ്വരത്തു നിന്നാണ്, നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം തുടങ്ങുക.
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയാണ് കമല്‍ ഹസൻ തന്‍റെ യാത്ര തുടങ്ങുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച. അബ്ദുല്‍കലാം സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തിയതിന് ശേഷം കമല്‍ഹാസൻ തന്‍റെ ആദ്യ രാഷ്ട്രീയ പൊതുയോഗത്തിനായി യാത്ര തിരിക്കും.
രാമനാഥപുരത്താണ് ആദ്യ പൊതുയോഗം. ഉച്ചക്ക് ശേഷം പരമകുടിയിലും മാനാമധുരയിലും അദ്ദേഹം തന്‍റെ അണികളുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ആറ് മണിക്കാണ് മധുരയിലെ പൊതുയോഗം. പാർട്ടിയുടെ പേര് ഇവിടെ വച്ചാകും പ്രഖ്യാപിക്കുക. തുടർന്ന് അടുത്ത ദിവസങ്ങളില്‍ മധുര, ഡിണ്ടിഗൽ, ശിവഗംഗ തുടങ്ങിയ ജില്ലകളിലും കമല്‍ പര്യടനം നടത്തും.
ഇതിനിടെ കമല്‍ തന്‍റെ രാഷ്ട്രീയപ്രചാരണം എപിജെ അബ്ദുല്‍കലാമിന്‍റെ വീട്ടില്‍ നിന്നും ആരംഭിക്കരുതെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു. രജനീകാന്തിന് മുൻപേ രാഷ്ട്രീയപ്രഖ്യാപനം നടത്തി വേറിട്ട രാഷ്ട്രീയശൈലിയും നിലപാടുകളും വ്യക്തമാക്കാനാണ് കമലിന്‍റെ ശ്രമം.
ഫാൻസ് അസോസിയേഷനുകളെ പാർട്ടിഘടകങ്ങളാക്കിയ എം ജി ആർ ശൈലി, കാലങ്ങള്‍ക്കിപ്പുറം കമല്‍ ഹാസൻ അനുകരിക്കുമ്പോള്‍ തമിഴ്നാട് അത് എത്രമാത്രം സ്വീകരിക്കുമെന്ന കാര്യമാണ് കണ്ടറിയേണ്ടത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ